8 സ്വപ്നത്തിലും വരാത്തവൻ
ചെന്ന മല്ലികപ്പൂവിന്റെ ദേവാ,
നീ സ്വപ്നത്തിലും വരാതായിരിക്കുന്നു
കിനാവിൽ വരുമെന്നോർത്ത്
ഇരുട്ടു വീഴുമ്പൊഴേ ഞാൻ
ഉറങ്ങാൻ കിടക്കും
നിനക്കെന്താണിടർച്ച ദേവാ?
സാലഭഞ്ജികകൾ നിന്നെ പ്രണയപ്പെടുത്തുന്നോ?
മാലകെട്ടുന്നവളും
വാദ്യം കൊട്ടുന്നവളും
നിന്നെ തടഞ്ഞു വെക്കുന്നോ?
ഉടുപുടവ വേണ്ടെന്നു വെച്ചവളെ കാണേണ്ടെന്ന്
പൂജാരി നിന്റെ വാതിൽ പുറത്തു നിന്ന് പൂട്ടുന്നുവോ?
എങ്കിലെന്ത് മഹാദേവാ?
ഒരൊറ്റ നോക്കിനാൽ നിനക്ക് ഒഴിക്കാമല്ലോ തടസ്സങ്ങൾ.
ഇനിയിപ്പോൾ,
ഭൂമിയിലെ ദുഃഖ ദുരിതങ്ങളിൽ മനം കലങ്ങി
വൈക്ലബ്യം പൂണ്ട്
നീ ധ്യാനമഗ്നനായി എന്നെ മറന്നു പോയോ?
അശരീരികൾ പോലും വറ്റിപ്പോയ ലോകത്ത്
അക്ക പിന്നെ എന്തിനു ജീവിക്കുന്നു?
ആരെക്കാത്തിരിക്കുന്നു?
9 കൈനോട്ടക്കാരി പറഞ്ഞത്

” അലഞ്ഞു നടക്കാൻ യോഗ”മെന്ന്
കയ്യിൽ തത്തയുമായി വന്ന കൈനോട്ടക്കാരി
തത്ത ശീട്ടു കൊത്തി
“ഏറെ നാടുകൾ താണ്ടിയലയും
മലയിലും കാട്ടിലും തിരഞ്ഞു നടക്കും
പുഴകൾ നീന്തിക്കടക്കും
നീ മനസ്സിൽ കാതലിപ്പവൻ
നിന്നെ മാത്രം കാതലിക്കുമെന്നുറപ്പില്ല
എങ്കിലും നിന്റെ പ്രേമം
അസ്ഥിയിൽ പിടിച്ചത്
കൊടുങ്കാറ്റടിച്ചാലുമറ്റു പോകാത്തത്”
ചോറ്റു പൊതി തുറക്കാതെ തന്നെ
അവൾക്കു കൊടുത്തു
മടിയിലിരുന്ന പഴം തത്തക്കു കൊടുത്തു
ബന്ധമില്ല, ബന്ധുവുമില്ല
നീയല്ലാതെ, നിന്നോടല്ലാതെ
അതിനാൽ
വിട്ടു പോന്നു.
അലയണം
ഒടുവിൽ
ശ്രീശൈലത്തിൽ തല ചായ്ക്കുവോളം