
2 രഹസ്യവാതിൽ
കോവിലിൻ മുന്നിൽ
നട തുറക്കുന്നതും കാത്ത്
അക്കയിരിക്കുമ്പോൾ
ചെന്നമല്ലികാർജ്ജുനൻ
രഹസ്യവാതിൽ തുറന്നു പുറത്തേക്ക് കടക്കും
അവൻ പോയെന്നറിഞ്ഞ്
അവൾ കാടാകെ നാടാകെ
പരതിയുഴറി നടക്കുമ്പോൾ
അവൻ രഹസ്യവാതിൽ തുറന്ന്
ശ്രീ കോവിലിൽക്കയറി
നടയടച്ചിരിക്കും
അക്ക കാണില്ല അവനെ
ഒരിക്കലും,
ആയുസ്സിലൊരിക്കലും

3 അക്ക ഹൃദയം കോർത്തു കെട്ടി
ഒരിക്കലക്ക കോവിൽപ്പടിക്കെട്ടിലിരുന്ന്
മുല്ലപ്പൂമാലകെട്ടി.
കുടമുല്ലപ്പൂവിൻ മാല
സൂചിമുല്ലപ്പൂവിൻ മാല
ചെണ്ടുമല്ലിപ്പൂവിൻ മാല
ദേവന് ശിരസ്സിലണിയാൻ
ചെന്നമല്ലിപ്പൂവിൻ മാല
മാലയുടെ നടുക്കക്ക
ഹൃദയം കോർത്തു കെട്ടി
വാഴനാരിൽ വലിയും നേരം
രണ്ടായിപ്പിളർന്നൂ ഹൃദയം,
ചോര വീണു ചുകന്നു മാല
ശ്രീകോവിലിലുറങ്ങുന്ന
ദേവനോ കൺ തുറന്നില്ല
ചോരമാലയശുദ്ധമെന്നവർ
അകത്തേക്കണിയിച്ചുമില്ല.
എങ്കിലും പുറവാതിൽപ്പടിയിൽ
അക്ക പാടുന്നു
ഉള്ളു നീറിപ്പിടഞ്ഞു കൊണ്ടക്ക പാടുന്നു.