4 മറ്റ് കാന്തന്മാരെയെനിക്കു വേണ്ട

കാന്താ, കാമുകാ,
മറ്റു കാന്തന്മാരെയൊന്നുമെനിക്കു വേണ്ടേ വേണ്ട
എന്ന്
ഞാനെന്റെ കുതിച്ചുചാട്ടത്തിന് കടിഞ്ഞാണിട്ടു.
മറ്റു കാന്തന്മാർ വെറും നശ്വരർ,
ചത്തു ചീയുന്നവർ,
അടുപ്പെരിയിക്കാൻ മാത്രമുതകും
വെറും വിറകുകൊള്ളികൾ എന്ന്
ഉള്ളിലാവർത്തിച്ചു.
എല്ലാ കാമുകരെയും
മുക്കൺനോട്ടത്തിന്റെ മുനയാൽ അകലേക്കകറ്റി
എന്നിട്ട് നീയോ?
വാതിൽ തുറക്കാതെ,
കണ്ണുതുറക്കാൻ കൂട്ടാക്കാതെ,
ഒരു നോക്കു നോക്കാൻ കൂടി വിസമ്മതിച്ച് –

5 മറ്റു കാന്തന്മാർ വെറും കോന്തർ
എങ്കിലുമെനിക്കറിയില്ല കാന്താ
മറ്റു കാന്തന്മാർ വെറും കോന്തർ
നശ്വരരെങ്കിലും
വന്നെന്നെ പുണരട്ടെയെന്ന്
ഞാൻ പറഞ്ഞു പോയേക്കും
ഞാൻ സാധാരണക്കാരി
അടക്കിപ്പിടിച്ചാലും
ഉടലിന്നുണ്ട് തിളപ്പ്
പിടപിടപ്പ്
എന്റെ ചുണ്ടിൽ ചുമ്മാതെ ചുംബിക്കാൻ
എനിക്കു വേണം കാന്തരെ
വെറുതെയെങ്കിലും
ഉടലിനെ ചേർത്തണക്കാനും
ഉയിരിനെ ചേർത്തണയ്ക്കാൻ പക്ഷേ
നീ തന്നെ വേണം
എനിക്ക്