സാഹിത്യ മൂല്യമില്ലാത്ത ഒരു കഥ പറയാം. കഴിഞ്ഞ ദിവസം ഒരു ഉത്സവപറമ്പിൽ വച്ച് എന്നെ കാണാതായി. എനിക്കറിയാം കഥയിൽ കാണാതെയാവുന്നത് ഒരു പുതിയ കാര്യമല്ല. എന്നെ തന്നെയാണ് കാണാതാവുന്നത് എങ്കിൽ അത് ഒട്ടുമല്ല. എങ്കിലും ഞാനങ്ങനെ കരുതുകയില്ലല്ലോ..
മത്തങ്ങാ ബലൂൺ
വീർപ്പിക്കുന്നതും നോക്കി
എവിടെയെങ്കിലും നിൽക്കുന്നുണ്ടാവണം
ഒരു മഞ്ഞ ബലൂൺ
ആരെങ്കിലും വാങ്ങി തന്നേക്കുമെന്നു കരുതി
ചുണ്ടുകടിച്ച്
തൊലിയിളക്കി
ചിലപ്പോൾ
ചിരട്ടമോതിരത്തിൽ പേരെഴുതുന്നിടത്ത്
പേരും വാലുമാലോചിച്ച്
അരിമണിയിൽ
വശമൊന്നു ബാക്കിയാകുന്നതിന്റെ
വെള്ളത്തിലിട്ട ഓർമ്മയിൽ
മുഴച്ച്
മണ്ഡലകാലമായതിനാൽ
ഉണ്ണിയപ്പം കിട്ടുന്ന വരിയിലുണ്ടാകാനും
വഴിയുണ്ട്.
വരിയില്ലാതെ
അപ്പം വാങ്ങി പോകുന്ന
കസവുടുത്ത കൂട്ടുകാർ കാണാതെ
ഒളിച്ച്
അല്ലെങ്കിൽ വേണ്ട
ഇനി തിരഞ്ഞു ചെല്ലണ്ട
അപ്പനെയും അപ്പൂപ്പനെയും പോലെ
വെടിക്കെട്ടു കുഴിയിൽ
കാലു നീട്ടി ഇരുന്നോട്ടെ.
ആകാശത്ത് ചിതറി
നക്ഷത്രങ്ങളാവട്ടെ
എങ്കിലും എന്റെയാണല്ലോ
ഏതു പൊരിച്ചാക്കിന്റെ മുന്നിലാണ്
കള്ളനെ പോലെ കെട്ടിയിട്ടതെന്നെങ്കിലും
ഒന്നറിയണമല്ലോ..
തിരഞ്ഞു ചെന്നു
ഉപ്പിൽ
അട്ടയെന്ന പോലെ
ആൾക്കൂട്ടത്തിൽ
എന്റെ ഉടൽ
ഉപ്പിലട്ടയെന്ന പോലെ
ആൾക്കൂട്ടത്തിൽ
എന്റെ
ഉടൽ.
- അതു
