
കണ്ടുമായുന്ന ദൃശ്യങ്ങളിലേക്ക് കൊതിപിടിച്ചു പായുന്ന കുട്ടികള്‍. ഉച്ചഭാഷിണിയിലൂടെ ക്ഷണിക്കുന്ന പാട്ടുകള്‍. ഉത്സാഹം തള്ളുന്ന ക്യൂ. ടിക്കറ്റെടുത്ത് ബഞ്ചിലോ തറയിലോ ഇടം തേടുന്ന വെപ്രാളം. വെളിച്ചമണയുമ്പോള്‍ ഉയരുന്ന വിസിലൂത്തുകള്‍. ദൃശ്യം തെളിയുമ്പോൾ ഉയരുന്ന കയ്യടി. ആര്‍പ്പുവിളി. പഴയ ഗ്രാമീണ കൊട്ടകകളിലെ സിനിമാ കാഴ്ച്ചകള്‍ക്കുമുണ്ട് അനുഭവചരിത്രം. ഉമർ തറമേലിന്റെ പുസ്തകം (ഒരു മാപ്ളച്ചെക്കന്റെ സിൽമാ കൊട്ടകകൾ) ഞാൻ വായിച്ചു അടച്ചുവെക്കുന്നു.
സിനിമാ കൊട്ടകകളിലേക്കുള്ള വഴി വയല്‍വരമ്പുകളോ പൊടിപാറുന്ന നിരത്തുകളോ ഇരുണ്ട ഇടവഴികളോ മാത്രമായിരുന്നില്ല. അനവധി സന്ദേഹങ്ങളുടെ വേലികളുണ്ടായിരുന്നു. തലമുറമാറ്റത്തിന്റെ ആധികളുണ്ടായിരുന്നു. രുചികളും വാസനകളും വഴിതെറ്റി ഓടുമെന്ന ഭയം കനത്തിരുന്നു. ചലച്ചിത്രഗാനം പാടുന്ന മൂളലുകള്‍പോലും നാഗരികതയുടെ നാണമില്ലായ്മയെന്ന് കരുതപ്പെട്ടിരുന്നു. കാരണവന്മാരറിയാതെ മാത്രം അകം മൂളുന്ന വീടുകളുണ്ടായി. അവിടത്തെ കുട്ടികള്‍ പാട്ടുകളുടെ ഉറവിടം തേടി.

അതല്പം അക്ഷരമറിഞ്ഞ വീടുകളുടെ കഥ. കൂരകളില്‍ വീറുവിതക്കുന്ന പാട്ടും ദൃശ്യവും തറയിലിരുന്ന് കാണാന്‍ തൊഴിലാളര്‍ ഇരമ്പി. ജനാധിപത്യത്തിന്റെ ദൂരവിളികള്‍ അവരാണ് ആദ്യം കേള്‍ക്കുക. അവിടെയും പക്ഷേ, സന്ദേഹം വിളമ്പുന്ന മത പൗരോഹിത്യം ചെന്നു. ഹറാമായതു കണ്ടുകൂടാ. ചോദ്യം ചെയ്യുന്ന കഥകളേയുള്ളു. പുരാണ കഥകളില്‍പോലുമുണ്ട് വീറുള്ള വില്ലന്മാര്‍.
ഞാനോർക്കുന്നു. എന്റെ ഗ്രാമത്തില്‍ എഴുപതുകളുടെ തുടക്കത്തിലേ സിനിമാകൊട്ടക വന്നു. മൂന്നുനാലു നാഴിക ദൂരെയാണ്. സ്കൂള്‍ പഠനകാലത്ത് ഒരേയൊരു സിനിമയാണ് അവിടെ കണ്ടത്. ചെമ്പരത്തി. ആ ദൃശ്യപ്പെരുമ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. ആ പാട്ടുകള്‍ ആദ്യം പതിഞ്ഞ പാട്ടുകളായി. വീട് പുരോഗമന രാഷ്ട്രീയം നിറഞ്ഞതാണ്. പക്ഷേ, സിനിമയിലേക്കുള്ള വഴുതല്‍ വഴിതെറ്റിച്ചേക്കും എന്ന ഭയം അവിടെ കനത്തുനിന്നു.
എഴുപതുകളുടെ അവസാനം ഫറൂഖ് കോളേജില്‍ പ്രീഡിഗ്രി പഠനകാലത്താണ് തുടര്‍ച്ചയായ സിനിമാ യാത്രകളിലേക്ക് ഞാന്‍ വീഴുന്നത്. രണ്ടോ മൂന്നാ പീര്യേഡ് മാത്രം ക്ലാസില്‍. പിന്നീട് കോഴിക്കോട് ക്രൗണിലേക്കുള്ള യാത്ര. നൂണ്‍ഷോ കാലം. റിച്ചാര്‍ഡ് ഡോണറുടെ ദി ഒമന്‍, വില്യം ഫ്രെഡ്കിന്റെ ദി എക്സോര്‍സിസ്റ്റ് തുടങ്ങിയ ഭീകര സിനിമകള്‍ മുതല്‍ സ്റ്റാന്‍വി കുബ്രിക് സംവിധാനം ചെയ്ത സ്പാര്‍ട്ടക്കസ്, ഫ്രാന്‍സ് ബേക്കിന്റെ ബാറ്റില്‍ ഓഫ് ബര്‍ലിന്‍ തുടങ്ങിയ ചരിത്ര സിനിമകള്‍ വരെ അന്നു കണ്ടു. വില്യം വെയ്ലറുടെ ബെന്‍ഹര്‍ അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. 212 മിനിട്ടാണ് ദൈര്‍ഘ്യം. വീട്ടിലെത്തുമ്പോള്‍ ഇരുട്ടിയിരുന്നു.
ക്രൗണില്‍ സിനിമയ്ക്കു പോകുന്നത് ആദ്യമൊന്നും ഇംഗ്ലീഷ് / ഹോളിവുഡ് സിനിമകളോടുള്ള ഭ്രമം കൊണ്ടായിരുന്നില്ല. ആ സമയക്രമം വളരെ സൗകര്യപ്രദമായിരുന്നു. കോളേജിലും ക്രൗണിലും വീട്ടിലും സമയം പാലിക്കാന്‍ പറ്റും. ദീര്‍ഘമായ സിനിമകള്‍ വരുമ്പോഴാണ് പ്രയാസം. ബ്ലൂലഗൂണ്‍ പോലെയുള്ള ഭ്രമിപ്പിക്കുന്ന വിളികളും അന്നു ക്രൗണില്‍നിന്നായിരുന്നു. കോളേജില്‍ മാത്തമാറ്റിക്സും ഫിസിക്സും കെമിസ്ത്രിയുമുള്ള ഫസ്റ്റ് ഗ്രൂപ്പെടുത്ത എന്റെ സാഹസങ്ങള്‍ക്ക് മിടുക്കനായ വിജയരാഘവന്‍ എന്ന സുഹൃത്തായിരുന്നു കൂട്ട്. പഠനത്തില്‍ അതി സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു അയാള്‍. പ്രീഡിഗ്രി കഴിഞ്ഞതോടെ മര്‍ച്ചന്റ് നേവിയിലോ മറ്റോ മെച്ചപ്പെട്ട ഉദ്യോഗം നേടി അയാള്‍ പോയി. പിന്നീട് കണ്ടിട്ടേയില്ല.
ഞാനെന്റെ സിനിമാ ഓര്‍മ്മകളിലേക്കു തനിയേ തിരിഞ്ഞതല്ല. തിരിച്ചതാണ്. ‘ഒരു മാപ്ലച്ചെക്കന്റെ സില്‍മാ കൊട്ടകകള്‍’ എന്നെ വലിച്ചിഴച്ചതാണ്. സ്വന്തം ഓര്‍മ്മകളും ഒരു പുസ്തകത്തോളം നീളാമല്ലോ എന്ന് ഓര്‍ത്തു തുടങ്ങിയപ്പോള്‍ എനിക്കു ഒരുണർവ്വു തോന്നുന്നു. ഉമറിന്റെ അനുഭവലോകം മാഞ്ഞുപോയ ഒരു കാലദൃശ്യത്തെ തിരിച്ചെത്തിക്കുന്നുണ്ട്. ആകാശത്തോളം തുറന്ന ഒരു കൊട്ടകയില്‍ അക്കാലം നാം കാണുന്നു. അതില്‍ ഏതു സിനിമയിലും എന്നപോലെ നായകരായി നമുക്കും സഞ്ചരിക്കാം. ദൃശ്യപരമ്പരയുടെ ആ ഒഴുക്കില്‍ മാപ്ളച്ചെക്കനു പലമട്ടു രൂപപരിണാമവുമാവാം.
എഴുപതുകളിലെയും എണ്‍പതുകളിലെയും ബാല്യ കൗമാര കൗതുകങ്ങളും സാഹസിക കുതിപ്പുകളും പ്രേക്ഷകവളര്‍ച്ചാ ചരിത്രത്തിലെ കാഴ്ച്ചാസമരങ്ങളായി ഇന്നു മാറുകയാണ്. മതാധീശ വ്യവഹാരങ്ങളില്‍നിന്നും ജനാധിപത്യ ജീവിതത്തിലേക്കുള്ള വേദനാകരമെങ്കിലും അനിവാര്യമായ രാഷ്ട്രീയ വികാസം എങ്ങനെയുണ്ടായി എന്ന് മാപ്ലച്ചെക്കന്‍ പറയുന്നു. ത്യാഗരാജന്റെ പരിശീലനമില്ലാത്ത സംഘട്ടനങ്ങളിലൂടെ കാലത്തോടു പൊരുതി ജയിച്ച കഥയാണ് ഉമറിന്റെ മാപ്ളച്ചെക്കന്റേത്. അതത്രയും വരഞ്ഞു കാണിച്ചിട്ടുണ്ട് ചിത്രകാരനായ കെ പി മുരളീധരന്‍.
മാപ്ളച്ചെക്കന്റെ അനുഭൂതി ജീവിതത്തിലൂടെ തെളിഞ്ഞു മായുകയാണ് ആദ്യകാല സിനിമയിലെ ഹൃദയഹാരിയായ ദൃശ്യങ്ങള്‍. നായികാനായകന്മാര്‍ വീണ്ടുമതാടുന്നു. പഴയ പാട്ടുകള്‍ ഈണമാകുന്നു. ഒപ്പമെത്തുന്നുണ്ട് പലരും. കടന്നുപോയ നടീനടന്മാര്‍. സംവിധായകര്‍. ഛായാഗ്രാഹകര്‍. ഇതര ചലച്ചിത്ര പ്രവര്‍ത്തകര്‍. കൊട്ടക നടത്തിപ്പുകാര്‍. വിതരണക്കാര്‍. ഒപ്പം സാഹസങ്ങള്‍ക്കു കൂട്ടുനിന്ന കൂട്ടുകാര്‍. ആ ഓര്‍മ്മകളുടെ സീക്വന്‍സ് തുടര്‍ച്ച ഫിലിം സൊസൈറ്റികള്‍, തെരുവു പ്രദര്‍ശനങ്ങള്‍, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍, സിനിമാ നിരൂപണങ്ങള്‍ എന്നിങ്ങനെ വളര്‍ന്നു പന്തലിക്കുന്നു. നൂറ്റമ്പതിലേറെ പേജുകളില്‍ ഒരു ത്രസിക്കുന്ന കാലത്തെ അടക്കിവെച്ചു വായനാകൊട്ടകകളുടെ ഏകാന്തതയിലേക്ക് തന്നയക്കുകയാണ് തറമേല്‍.
തറയിലിരുന്നു സിനിമ കണ്ടുകണ്ടാണോ ഉമര്‍ തറമേലായത് എന്നു സംശയമുണ്ട്. വിട്ടുപോന്ന തറകള്‍ ഉപേക്ഷിക്കാത്ത ഒരു ജാഗ്രത അയാളിലുണ്ട്. ഓരോ അനുഭവത്തെയും കാഴ്ച്ചാഫ്രെയ്മില്‍ തളയ്ക്കുന്ന ആ രീതി അതു പറയുന്നുണ്ട്. അല്ലെങ്കില്‍ ഒ വി വിജയനൊപ്പമുള്ള ഇരിപ്പ് ഇത്ര മനോഹരമാകുന്നതെങ്ങനെ? കമ്മതാക്കയും ഹാരിസും കെ എന്‍ ഷാജിയും ഇങ്ങനെ തെളിയുന്നതെങ്ങനെ?
മദ്രസാകാലത്തുതന്നെ തള്ളിക്കയറിയ ‘ഒള്ളതുമതി’യിലെ ദൃശ്യങ്ങള്‍ കണ്ണിലും ചിന്തയിലും കഥയറിയാത്ത ഒരു വിഭ്രമം നിറച്ചിട്ടുണ്ടാവണം. അത് സിനിമകളിലേക്കു പിന്നെയും പിന്നെയും വിളിച്ചണച്ചു കാണും. കാവ്യമേള കാറ്റുമേളയായതു ദൃശ്യഭാഷയില്‍ എഴുതുന്നുണ്ട് ഉമര്‍. ആ ഓര്‍മ്മകളെത്ര ഉജ്ജ്വലം! സിനിമ പ്രകൃതിയിലേക്കും പുസ്തകങ്ങളിലേക്കും സൗഹൃദങ്ങളിലേക്കും പ്രണയങ്ങളിലേക്കും ഉടല്‍ക്ഷോഭങ്ങളിലേക്കും എങ്ങനെ നയിച്ചു എന്നതിന്റെ കഥകൂടിയാണ് ഈ പുസ്തകം. ഭാഷ നാട്ടുഭാഷ. മലപ്പുറത്തിന്റെ ഉള്‍പ്പൊലിമയാര്‍ന്നത്. ആരും അനായാസം കടന്നുപോകും. ഒരു ഹൃദ്യമായ സിനിമപോലെ ഒരു മാപ്ളച്ചെക്കന്റെ സില്‍മാ കൊട്ടകകള്‍ കണ്ടാനന്ദിക്കാം. സ്വന്തം ഓര്‍മ്മകളിലേക്കു അതു തുറന്നിടുന്ന വഴിയേ സഞ്ചരിക്കാം.
ഓരോ തിരിഞ്ഞുനോട്ടവും ചരിത്രത്തെയും സമൂഹത്തെയും അഭിമുഖീകരിക്കലാണ്. ധീരമായി അഭിവാദ്യം ചെയ്യലാണ്. അവരവര്‍ എന്ന നൂലെടുത്തുമാറ്റി സാവധാനം അവയെ മോചിപ്പിക്കലാണ്. ഉമറിന്റെ പുസ്തകം വൃഥാഗൗരവം കാണിച്ചു ഭയപ്പെടുത്തുന്നില്ല. ആര്‍ക്കും മികച്ച അനുഭവമാകും. തീര്‍ച്ച. ഉമറിനും ഒലീവ് ബുക്സിനും അഭിവാദ്യം.

ആസാദ്
26 ഒക്ടോബര്‍ 2022