അവരൊക്കെ
എവിടെയായിരിക്കും?
………………………….
ഞാൻ പ്രണയിച്ച
എന്നെ പ്രണയിക്കാത്ത
ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാത്ത
ആ സുന്ദരിക്കോതകൾ
എവിടെയായിരിക്കുമിപ്പോൾ
മക്കളും ചെറുമക്കളുമായി
മുടി നരച്ച് മുഖംമങ്ങി
തൊലി ചുളിഞ്ഞ്
നടുവളഞ്ഞ്
പല്ലുകൊഴിഞ്ഞ്
വടികുത്തി…
എന്നാൽ കേൾക്കണോ
എന്റെ മനസ്സിൽ
പഴയ അതേരൂപത്തിൽ
ചുറുചുറുക്കോടെ
അവരുണ്ട്
ഒരുമാറ്റവുമില്ലാതെ
പ്രായമായിട്ടേയില്ല
നിത്യകന്യകമാർ
അനുരാഗസുഗന്ധ
വാഹിനികൾ
അവരങ്ങനെ
അവിടെയിരിക്കട്ടെ
നിങ്ങൾ പ്രണയിച്ച
നിങ്ങളെ പ്രണയിക്കാത്ത
സുന്ദരച്ചെക്കൻമാരോ
അവരും മനസ്സിലിരിക്കട്ടെ
നിത്യഹരിത നായകരായി

…….
ബാബുരാജൻ നല്ലൂരങ്ങാടി