ഒരു അസംബന്ധ കവിത
I
നഗരത്തിലിറങ്ങിയ
കുഴലൂത്തുകാരനു പിന്നാലെ
കൂട്ടമായിപ്പോകുന്നു കുട്ടികൾ.
മായികസംഗീതവീചികൾ
തെരുവിലെങ്ങും നിറയുന്നു.
വിളിച്ചിട്ടും പറഞ്ഞിട്ടും
വടികാട്ടിപ്പേടിപ്പിച്ചിട്ടും
കുഴൽവിളികേട്ടു പായുന്നു
നഗരമാതാവിന്റെ കുട്ടികൾ.
II
മറൈൻഡ്രൈവിലെ അരമതിലിൽ
മാടന്റെയും മറുതയുടെയും ചുംബനമെന്ന്
മനസുറപ്പില്ലാത്ത അന്ധവിശ്വാസികൾ.
വെളിപാടുതോറ്റങ്ങൾ മറന്ന്
കോട്ടുവായിടുന്നു കോമരം.
ആളില്ലാത്തെരുവിലേക്ക്
വാതിലുകൾ കൊട്ടിയടച്ച്
കാമറക്കണ്ണുകൾ തുറക്കുന്നു
വലഞ്ഞ ഇടയൻമാർ.
നൊവേനപ്പള്ളിയുടെ മണിമേടവിട്ട്
കളക്ട്രേറ്റിനു മുകളിലൂടെ
മലയാറ്റൂർ മലതേടുന്നു പ്രാവുകൾ.
അറബിക്കടൽ കടന്ന്
ജൂതപ്പള്ളിയുടെ പ്രാകാരങ്ങളിൽ
ഒരുപ്പുകാറ്റ് കൂടു വെക്കുന്നു.
III
നഗരരാത്രികളിലൂടെ
ഏഴടിപ്പൊക്കമുള്ളൊരാൾ
കറുത്തകോട്ടിട്ട് നടക്കുന്നെന്ന്
പലരും പറഞ്ഞുകേൾക്കുന്നു.
പാർക്ക് അവന്യൂവിൽ
കാനൻഷെഡ് റോഡിൽ
ഹൈക്കോടതി വരാന്തയിൽ
ഉണ്ണീശോപ്പള്ളിമുറ്റത്ത്
മഹാരാജാസിലെ മരച്ചോട്ടിൽ
അങ്ങനെ പലേടത്തും
ഒരേനേരം കണ്ടവരുണ്ടത്രേ.
വിളക്കു കാലുകൾക്ക് കീഴെപ്പോലും
അയാൾക്ക് നിഴലുകളില്ലത്രേ!
IV
അകലങ്ങളെക്കുറിച്ച്
ആശങ്കപ്പെട്ട കിളികൾക്ക്
ചിറകുകളുടെ കഥ പറഞ്ഞ് കൊടുക്കുന്നു
കാലങ്ങൾ കണ്ട ആകാശം.
ദേശങ്ങൾ താണ്ടുന്ന കുഞ്ഞിക്കിളി
ഒരുതുളസിക്കതിർ കൊത്തിപ്പറക്കുന്നു.
ചിറകിൽനിന്നു കൊഴിഞ്ഞ തൂവലിൽ
മഞ്ഞും പുലരിവെയിലും
മുത്തമിടുന്നത് സ്വപ്നം കാണുന്നു.
അതിന്റെ കുഞ്ഞു കൃഷ്ണമണിയിൽ
പ്രഭാത സൂര്യൻ പുഞ്ചിരിക്കുന്നു.
ബെന്‍ വര്‍ഗിസ്
അഞ്ചുതൈക്കൽ വീട്
പൊന്നാരിമംഗലം
മുളവുകാട് പോസ്റ്റ് 682504
എറണാകുളം
benvargis@gmail.com
9846853931