അയലോക്കത്തെ ധനികൻ മരിച്ചതിന്റെ
നാൽപ്പത്തിയൊന്നിന്റന്ന്
ഊണുകഴിഞ്ഞ ഒന്നര:
ഞാൻ നിന്നെ വായിക്കുമ്പോൾ,
നീ
വരച്ചുകൊണ്ടിരിക്കുന്ന,
നിറംപിടിച്ച വിരലുകളുമായി
യാഥാർഥ്യംകെടുത്തിയെന്ന് പിറുപിറുത്തുകൊണ്ട്
ഇറങ്ങിവന്നു..
മുടിമാടിപ്പിടിച്ച ഇടംകയ്യിൽ
എണ്ണച്ചായത്തിൽ കലർന്നൊരു ഞരമ്പ് ,
കണ്ണിൽ
ഇരുണ്ട കാഴ്ചയെ തിരയുന്ന വെള്ള.
” ഞാനൊരിക്കലും മലക്കുകളെ കണ്ടിട്ടില്ല;
ഒരെണ്ണത്തെയെങ്കിലും കാട്ടിത്തരൂ
എങ്കിൽ,വരക്കാം ഞാനൊന്നിനെ “
മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ
ശബ്ദം പോലെ,
നിന്റെ നാവിന് ആയിരം കണ്ണുകൾ…
നീ കടലിനെ കടലെന്ന് വിളിക്കുന്ന കാറ്റ്.
അണലി സന്തതികളോട്
‘കാണുന്നവയിൽ ഉണ്ട്
കലയെന്ന്’ നീ…
കലക്ക്
ചെളി ചവിട്ടിയ കാലുകൾ
തടിച്ച പൃഷ്ഠം
കൊഴുപ്പടിഞ്ഞ് മാംസം തൂങ്ങിയ ഉടൽ
കുളിച്ചു കേറുമ്പോൾ ഊർന്നുപോകുന്ന
ഒറ്റമുണ്ടിന്റെ ഇഴയകലത്തിലൂടെ കാണാം
സന്ധിക്കുഴികളിൽ കറുപ്പടിഞ്ഞ
പെണ്ണുങ്ങളുടെ വീർപ്പുമുട്ടൽ
മരിച്ചൊരാളെ മറവുചെയ്യുന്നവരുടെ
മുഖങ്ങളിൽ
ആണത്തം, അധികാരം, മരണഭീതി
സ്വർഗ്ഗത്തിലേക്കുള്ള ദൂരത്തിന്റെ വെളിച്ചം
നരകത്തിലെ ഇത്തിരിവെട്ടത്തിൽനിന്നും
ഭയംകൊണ്ട നിഴൽ,
ഒരു നായയുടെ നിർമമത.
“ഭയാത്ഭുതങ്ങളുടെ മുഖമാണ്
നീ നിനക്ക് വരച്ചത്
നിറങ്ങളിൽ കറുപ്പാണധികവും
ജീവിതത്തിലേതുപോലെ;
നിന്റെ അച്ഛനൊരു കർഷകനായിരുന്നല്ലോ…”
ഉം എന്നയാൾ ഇരുത്തി മൂളി
നിന്നെ ഞാനിങ്ങനെ കാണുന്നു കോർബെറ്റ് :
മനുഷ്യരെ കണ്ട്
ഭയപ്പെട്ടു നിൽക്കുന്ന കർത്താവിനെപോലെ
നീ ചിത്രത്തിലും
എത്ര മനുഷ്യനായിരിക്കുന്നു.
നിന്നെ ചിത്രത്തിൽ തിരയുന്നവർ
ചരിത്രത്തിൽ
“യഥാതഥത്തിന്റെ ക്ഷേത്രത്തിൽ “
കണ്ടുമുട്ടുന്നു
ഭയാശങ്കകൾ കണ്ണിൽ കൊളുത്തിയൊരു
ഛായാചിത്രം പൊഴിച്ചിട്ട്
നീ ഇഴഞ്ഞുപോയ വഴിയേ
നിറങ്ങളധികമില്ലാത്ത പാലെറ്റുമായി
കാലം പിന്തുടരുന്നു.
ഉച്ച കെട്ടു;
ഒരു മഴയുടെ കാല്പനികതയിലേക്ക്
എന്റെ നേരം കപ്പല് കേറി.
★)പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഫ്രഞ്ച് പെയിന്ററും റിയലിസ്റ്റ് ശൈലിയുടെ മുഖ്യ വക്താവുമായിരുന്നു ഗുസ്താവ് കൂർബെ (ജനനം:10 ജൂൺ 1819 – 31 ഡിസം:1877). ചിത്രകലയിൽ നവീനമായ സാമുഹ്യ വിമർശം കൂർബെ ഉൾപ്പെടുത്തിയത് അന്ന് ശ്രദ്ധേയമായ സംഗതിയായിരുന്നു. നെതർലൻഡ്സിലേയ്ക്കും ബൽജിയത്തിലേയ്ക്കും കൂർബെ നടത്തിയ യാത്രകൾ ചുറ്റുമുള്ള ലോകത്തെ കലയിൽ ആവാഹിയ്ക്കുന്നതിനു കൂർബെയ്ക്കു പ്രചോദനമേൽകി.
