അയാൾ
നിറകണ്ണാൽ വരച്ചത്
നമ്മൾ കൊതികണ്ണാലളക്കുമ്പോൾ,
കാലമിതെന്ത് ഈ പടത്തിൽ
കുഴിച്ചുനോക്കുന്നു?

ഹേഗിൽ 2
കുഴിവെട്ടുന്നവർ:
പലനിലകളിൽ
പലമാത്രയവരെ
കരളിലും
പിന്നെ ക്യാൻവാസിലും
കണ്ണീരാൽ
വരച്ചയാൾ.

മൺവെട്ടികൾ; അവർ
പാതി ഇരുട്ടിലും
പാതി മണ്ണിലും,
മനസ്സിലോ മുഴുവനും
മരിച്ചു പോയവർ.
അവരെ വരക്കാൻ നിറങ്ങളയാൾ
ഇരുട്ടുകൂട്ടിക്കുഴച്ചു,
വെളിച്ചമല്പം ചാലിച്ചു.
ഇരുട്ടിൽ,ഖനിയിൽ
ചതുപ്പിലാഴ്ന്നവർ
വരപ്പിലയാളിൽ
ജ്വലിച്ചു.
അയാളുടെ വിരലനക്കങ്ങൾ
ചരിത്രവേഗത്തിൽ ചായങ്ങളുടച്ച്
വരപ്പുകളെ വീർപ്പിൻ
നിഴലാട്ടത്താലുഴിഞ്ഞു.
നിരന്തരം
മനുഷ്യരെയോർത്ത്,
ഒഴിഞ്ഞുപോയോരുടെ ഇരിപ്പിടമോർത്ത് 3
മണ്ണിൽ, ഖനിയിൽ
ശ്വാസമറ്റോരുടെ
ശമിച്ച ദാഹങ്ങളെയോർത്ത്
ഇരുണ്ടനിറങ്ങളായ്
അയാൾ കരഞ്ഞു.
അയാൾ കരഞ്ഞു,
ഒറ്റയ്ക്കൊരു ചിത്രമായ്
നിറമുണങ്ങുംവരെ, 4
മുറിവാറുംവരെ,
ചെവിയിലോടിയ തീവണ്ടികൾ
ഛിന്നഭിന്നമാകുംവരെ,
ഒറ്റക്കസേരയിൽ
ഒരു മുറിയുറങ്ങുംവരെ, 5
കഠിനരാത്രിയതിൻ
കോടിക്കണ്ണുകൾ തുറക്കുംവരെ, 6
നെറുകിലുന്മാദത്തെ അയാൾ
വെയിലായ് വിളയിച്ചു.
മഞ്ഞയായ് നീലയായ്
നിർമമനിറങ്ങളാകെ തെളിയിച്ചു.
ഉഴവിലുൻമാദിയാം മൃഗത്തെപ്പോൽ ഇരുട്ടിനെ,
ഊർവ്വരചിത്രങ്ങളായ്
പുനർജനിപ്പിച്ചു.
കുഴിച്ചയാൾ മരിച്ചു,
വരച്ചയാളും.
പടത്തിലായത് കുഴിച്ചുനമ്മളോ-
ഇരുട്ടളക്കുന്നു…
ചരിത്ര വിടവടയ്ക്കുന്നു.
പടത്തിലയാളുടെ മുരിക്കുപാടിൽതൊട്ട് 7
‘എന്തൊരു വരപ്പുകാരനെന്ന്’
എന്തൊരു മനുഷ്യനായിരുന്നെന്നതിനേക്കാൾ
ഉറക്കെ വാഴ്ത്തുന്നു.
പടത്തിലപ്പോഴും
അയാൾ വരച്ചയാൾ
മടച്ചുകോരുന്നു,
കുഴിയെടുക്കുന്നു.
- വിൻസെന്റ് വാൻഗോഖ് വരച്ച ‘Man digging’ എന്ന ചിത്രം
- നെതർലാന്റിൽ വാൻഗോഖ് ജീവിച്ച പട്ടണം
- വാൻഗോഖ് വരച്ച ‘Paul Gauguin’s Armchair’ എന്ന ചിത്രം
- വാൻഗോഖ് സ്വയം വരച്ച അവസാന ഛായാചിത്രം
- Starry night
