ചില നേരങ്ങളിൽ
ബിന്ദു കമലൻ
ചില നേരമെൻ ചിന്തകൾ
ഒരുമടക്കംകൊതിക്കാറുണ്ടേറെ
പിന്നിലേക്കെൻനഷ്ടബാല്യം
നടന്ന പാടങ്ങളിൽ..
ചേലൊത്ത കിള്ളിയാറിൻ കൈവഴിത്തീരങ്ങളിൽ.
നാഗത്തറയിൽ,നാട്ടുവഴികളിൽ
ചെമ്മാനംപൂവിടുംകുന്നിലും.
കൊള്ളിയാൻ ചിരിക്കുന്ന
രാമഴ സങ്കീർത്തനത്തിൽ
ഈറനുടുക്കുംജലമർമ്മരങ്ങളിൽ
നീഹാരംപുതച്ചൊരുഷസ്സിൽ
ചിലനേരങ്ങളിലെന്നെ
തേടാറുണ്ട്.
നെറുകയിലൊരു സന്ധ്യ
സിന്ദൂരംചാലിച്ചലജ്ജയിൽ
ചിലനേരങ്ങളിലെന്നെയൊളിപ്പിച്ചു
യാത്ര പോകാറുണ്ടോർമ്മകൾ.
നരവീണൊരാത്മാവുതേടി
ഒരു കരിമേഘത്തിലെന്റെ ശോകം
ഭസ്മക്കുറിയണിഞ്ഞ മൗനത്തിൽ-
ചില നേരങ്ങളിൽ തപസ്സിരിക്കാറുണ്ട്.
ചിലനേരമെൻ ചിന്തകൾ
ഒക്കെ, വലിച്ചെറിഞ്ഞൊടുവിൽ
തെരുവിലേകാന്തപഥികയായ് അനന്തതയിലലഞ്ഞന്യയാകാറുണ്ട്.
ചിലനേരമെൻചിന്തകളിൽ
മരവിച്ചഓർമ്മകളിലെവിടെയോ
മറന്നു വച്ച എന്നെതിരഞ്ഞ്
മടക്കയാത്ര പോകാറുണ്ട് ഞാൻ.