സാമാന്യം നല്ല ഒരു സിനിമാ ഭ്രാന്തനാണ് ഞാൻ. ഒട്ടു മിക്ക ഭാഷകളിലെയും ഏതാണ്ടെല്ലാ താരങ്ങളുടെയും ആരാധകനുമാണ്. അതിൽ തന്നെ കടുത്ത ആരാധന തോന്നിയത് വിരലിൽ എണ്ണാവുന്ന ചിലരോട് മാത്രം. അതിൽ പ്രഥമ സ്ഥാനം മമ്മൂട്ടിക്കാണ്. കൗമാര പ്രായത്തിൽ എന്റെ നാട്ടിലെ അറിയപ്പെടുന്ന ഒരു മമ്മൂട്ടി ഫാനായിരുന്നു ഞാൻ. 30 വയസ്സിനു ശേഷമാണ് തീവ്ര ആരാധകൻ എന്ന നിലയിൽ നിന്നും സ്വയം ഡീപ്രൊമോട്ട് ചെയ്യുന്നത്. എങ്കിലും ഇന്നും മറ്റ് ഏത് മലയാള നടനേക്കാളും എനിക്കിഷ്ടം മമ്മൂട്ടിയെയാണ്.
ബാല്യത്തിൽ, സിനിമ കണ്ടു തുടങ്ങുന്ന കാലത്ത് ഞാൻ ഒരു മോഹൻലാൽ ഫാനായിരുന്നു. രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടുമൊക്കെ തരംഗമായി നിൽക്കുന്ന സമയം ആയിരുന്നു അക്കാലം. രാജാവിന്റെ മകൻ, താളവട്ടം, ഇവിടെ എല്ലാവർക്കും സുഖം എന്നീ മൂന്ന് ചിത്രങ്ങൾ തുടർച്ചയായി മൂന്നു ദിവസങ്ങളിലായി കണ്ടു തീർത്ത ഞാൻ ദിവസങ്ങളോളം ദുഖിതനായിരുന്നിട്ടുണ്ട്. മൂന്ന് ചിത്രങ്ങളിലും മോഹൻലാലിന്റെ കഥാപാത്രം ക്ലൈമാക്സിൽ മരിക്കുന്നു എന്നതായിരുന്നു എന്റെ ദുഖ ഹേതു. ആയിടക്കാണ് ഞാൻ ഒരു പഴയ മമ്മൂട്ടിച്ചിത്രം കാണാനിടയായത്.” സന്ധ്യക്ക് വിരിഞ്ഞ പൂവ് ” അതായിരുന്നു സിനിമ . ആ സിനിമയിലതാ എന്റെ വീരനായകനായ മോഹൻലാലിനെ മമ്മൂട്ടി ഇടിച്ചു പഞ്ചറാക്കുന്നു. ഞാനാകെ തകർന്നു പോയി. എന്റെ കുഞ്ഞ് മനസിലെ മോഹൻലാൽ അതിമാനുഷനായിരുന്നു. ആ സങ്കൽപ്പമാണ് തകർന്ന് വീണത്. പിന്നെ ഒട്ടും മടിച്ചില്ല, ” ഇടി കൂടുതലുള്ള ” മമ്മൂട്ടിയെ ഞാൻ എന്റെ ആരാധനാ മൂർത്തിയാക്കി. തുടർന്നിങ്ങോട്ട് ഈ നിമിഷം വരെ ഏറ്റക്കുറച്ചിലുകളോടെ ഞാൻ മമ്മൂട്ടി ആരാധകനായി തുടരുന്നു. എങ്കിലും ഒരിക്കൽ പോലും ഞാനൊരു മോഹൻലാൽ വിരോധിയായി മാറിയിട്ടില്ല. ഇന്നും അദ്ദേഹം തന്നെയാണ് മലയാള സിനിമയിൽ എന്റെ രണ്ടാമത്തെ ഇഷ്ട നടൻ. 90 – കളുടെ മധ്യത്തിൽ കുറച്ച് കാലം സുരേഷ് ഗോപി ആ സ്ഥാനം അലങ്കരിച്ചിരുന്നു എന്നു കൂടി പറഞ്ഞാലേ കഥ പൂർണ്ണമാകൂ.ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരിക്കേ ഒറ്റക്ക് പോയി കണ്ട, ദി കിംഗ് ആയിരുന്നു ഞാൻ ആദ്യമായി തീയറ്ററിൽ കാണുന്ന മമ്മൂട്ടിച്ചിത്രം. അക്കാലത്തെ മമ്മൂട്ടി ആരാധകർക്കുള്ള ഒരു വിഷ്വൽ ട്രീറ്റായിരുന്നു ആ സിനിമ. റിലീസ് ചെയ്ത് അഞ്ചാറ് മാസം കഴിഞ്ഞ് B ക്ലാസ് സെന്ററായ അങ്കമാലി നാസ് തീയേറ്ററിൽ വച്ചായിരുന്നു കിംഗ് കാണുന്നത്. ഹൗസ് ഫുള്ളായ തീയറ്ററിൽ മമ്മൂട്ടിയുടെ ഇൻട്രൊ മുതൽ കയ്യടിയും ആരവങ്ങളുമായിരുന്നു.

രൺജി പണിക്കരുടെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ഡയലോഗുകൾ അർത്ഥമൊന്നുമറിയാത്ത പ്രേക്ഷക ഭൂരിപക്ഷം കരഘോഷങ്ങളോടെയാണ് വരവേറ്റത്. ഞാനും അതിൽ ഭാഗഭാക്കായി. അന്നൊക്കെ കാസറ്റ് കടകൾ കേന്ദ്രീകരിച്ച് കിംഗിലെ ശബ്ദരേഖ സ്പീക്കറിൽ ഇടുമായിരുന്നു. അത് തുടർച്ചയായി കേട്ട് കേട്ട് ഡയലോഗുകളെല്ലാം എനിക്ക് മന:പാഠമായിരുന്നു. തീയറ്ററിൽ മമ്മൂട്ടിയുടെ മുഴങ്ങുന്ന ശബ്ദത്തിൽ ഡയലോഗുകൾ പ്രവഹിക്കുമ്പോൾ സീറ്റിലിരുന്നു ഞാനും അത് ഉരുവിട്ട് കൊണ്ടാണാ ചിത്രം കണ്ടത്. കിംഗിലെ ജോസഫ് അലക്സ് എന്നിൽ ഒത്തിരി സ്വാധീനം ചെലുത്തിയ കഥാപാത്രമാണ്. തുടർ വർഷങ്ങളിൽ എന്റെ വസ്ത്രധാരണം കിംഗിലെ മമ്മൂട്ടി കഥാപാത്രത്തിന്റേത് പോലെ എക്സിക്യുട്ടീവ് സ്റ്റൈൽ ആയിരുന്നു. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പ്രീ ഡിഗ്രി വിദ്യാർത്ഥിയായിരിക്കേ എന്റെ സഹപാഠികളെല്ലാം ജീൻസും ട്രെന്റ് ഷർട്ടും ബൂട്ടും ധരിച്ച് ക്ലാസിൽ വരുമ്പോൾ ഞാൻ മാത്രം എക്സിക്യുട്ടീവ് സ്റ്റൈൽ സ്ട്രൈപ്പ് ഷർട്ട് ഇൻസേർട്ട് ചെയ്ത് പാരലൽ ബാഗി പാന്റ്സും ബ്ലാക്ക് ഷൂസും ധരിച്ചായിരുന്നു വന്നിരുന്നത്. ഈ വ്യത്യസ്ത വേഷവിധാനം എനിക്ക് ഒരു വട്ടപ്പേര് സമ്മാനിച്ചു. നായകൻ .. സാമാന്യം ഭേദപ്പെട്ട പേരായത് കൊണ്ട് ഞാനതങ്ങ് സഹിച്ചു. പ്രീഡിഗ്രി കാലത്തെ സതീർത്ഥ്യരുടെ ഫോണിൽ എന്റെ നമ്പർ ” നായകൻ ബിനീഷ് ” എന്നാണത്രെ സേവ് ചെയ്തിരിക്കുന്നത് !തുടർന്നിങ്ങോട്ട് മമ്മൂട്ടിയുടെ ഏതാണ്ടെല്ലാ ചിത്രങ്ങളും റിലീസ് ചെയ്ത ആഴ്ച്ചയിൽ തന്നെ കാണാൻ ശ്രമിക്കുമായിരുന്നു. 1999 – ൽ കുറേ തുടർ പരാജയങ്ങൾ ഉണ്ടായപ്പോൾ മാതൃഭൂമി വാരാന്തപ്പതിപ്പിൽ ” മമ്മൂട്ടി അഭിനയം നിർത്താറായി ” എന്ന രീതിയിൽ ലേഖനമെഴുതിയ താഹ മാടായിയെ ചെന്ന് തല്ലണമെന്ന് വരെ തോന്നിയിട്ടുണ്ട്. വല്യേട്ടനും രാക്ഷസ രാജാവും ഫാന്റവും ക്രോണിക് ബാച്ചിലറുമൊക്കെ ആവേശത്തോടെ കണ്ട കാലം. 2004 – ന്റെ തുടക്കത്തിൽ റിലീസായ സേതുരാമയ്യർ CBI മുതൽ അക്ഷരാർത്ഥത്തിൽ മമ്മൂട്ടി തരംഗമായിരുന്നു മലയാള സിനിമയിൽ. ആ സമയത്താണെന്നു തോന്നുന്നു മമ്മൂട്ടി ടൈംസ് എന്ന മാഗസിൻ ആരംഭിക്കുന്നത്. 2010 – ന് ശേഷം പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നത് വരെയുള്ള അതിന്റെ ഏതാണ്ടെല്ലാ ലക്കങ്ങളും ഞാൻ വാങ്ങി വായിച്ചിരുന്നു. ഇന്നും ആ മാഗസിന്റെ 90 % കോപ്പികളും എന്റെ കൈവശമുണ്ട്.2005 – ലാണ് തൊഴിൽ സൗകര്യാർത്ഥം ഞാൻ തിരുവനന്തപുരത്ത് താമസമാക്കുന്നത്. വന്നതിന്റെ മൂന്നാം നാളായിരുന്നു തൊമ്മനും മക്കളും റിലീസാകുന്നത്. ശ്രീ പത്മനാഭയിലാണോ അജന്തയിലാണോ എന്ന് കൃത്യമായി ഓർക്കുന്നില്ല, സെക്കന്റ് ക്ലാസ്സ് ടിക്കറ്റ് എടുത്ത്, സീറ്റില്ലാത്തത് കൊണ്ട് നിന്നാണ് ഞാനാ പടം മുഴുവൻ കണ്ടത്. തസ്ക്കര വീരനൊക്കെ ധന്യ / രമ്യയിൽ മറ്റൊരു ചിത്രമെടുത്തു മാറ്റിയിട്ടാണ് പ്രദർശിപ്പിച്ചത്. അത്രക്കായിരുന്നു ക്രൗഡ് ! മമ്മൂട്ടിയുടെ കരിയറിലെ സുവർണ്ണ നാളുകളായിരുന്നു പിന്നെ.

റംസാൻ റിലീസായ രാജമാണിക്യം തിരുവനന്തപുരം ന്യൂ തീയറ്ററിൽ അര ഡസൻ പ്രാവശ്യമാണ് ഞാൻ തുടർച്ചയായി കണ്ടത്. അതേ ഡിസംബറിൽ റിലീസായ ബസ് കണ്ടക്ടർ ആദ്യ ആഴ്ച്ച മത്സരിച്ചത് ഒപ്പം റിലീസായ മറ്റു ചിത്രങ്ങളോടായിരുന്നില്ല രാജമാണിക്യത്തോടായിരുന്നു. തുടർന്ന് മായാവിയും അണ്ണൻ തമ്പിയും തുറുപ്പു ഗുലാനും പഴശ്ശി രാജയും പോക്കിരി രാജയും ഒക്കെയായി 2010 അവസാനം ബെസ്റ്റ് ആക്ടർ വരെ ആ ട്രെന്റ് തുടർന്നു.എന്നാൽ 2011 – മുതൽ കാറ്റ് മാറി വീശുകയായിരുന്നു. ദ്രോണയിൽ തുടങ്ങിയ പരാജയങ്ങൾ അനന്തമായി തുടരുകയായിരുന്നു. വമ്പൻ ഹൈപ്പിൽ വന്ന ആഗസ്റ്റ് 15, കിംഗ് ആന്റ് കമ്മീഷണർ, ഗ്യാംഗ്സ്റ്റർ എന്നിവയൊക്കെ ബോക്സോഫീസിൽ തകർന്നടിഞ്ഞപ്പോൾ പകച്ച് പോയി. ഇടക്ക് താപ്പാനയും രാജാധി രാജയും പോലുള്ള ശരാശി വിജയങ്ങൾക്കും കസബ പോലെ വൻ ഇനീഷ്യൽ നേടിയിട്ടും ലോംഗ് റൺ കിട്ടാതെ പോയ ചിത്രങ്ങൾക്കുമിടയിൽ ഒരു രാജകീയ തിരിച്ചു വരവിന് ദ ഗ്രേറ്റ് ഫാദർ വരെ കാത്തിരിക്കേണ്ടി വന്നു. തുടർന്ന് കരിയർ സ്റ്റെഡിയായി. പിന്നീടങ്ങോട്ട് ന്യൂ ജെനറേഷൻ തരംഗത്തിൽ ആടിയുലഞ്ഞ തന്റെ താരപദവിയെ, മമ്മൂട്ടി സമർത്ഥമായി കരക്കടുപ്പിക്കുന്ന കാഴ്ച്ചക്കാണ് നാം സാക്ഷ്യം വഹിച്ചത്. വേറേത് ഭാഷയിലെ ഏത് നടനാണെങ്കിലും ഇത്തരമാരു സാഹചര്യത്തിൽ ഒരു തിരിച്ച് വരവ് അസാധ്യമായിടത്താണ് മമ്മൂട്ടി എന്ന താരത്തിന്റെ പ്രസക്തി. എത്ര പരാജയങ്ങൾ ഉണ്ടായാലും ആ അതിജീവന ശേഷി അപാരമായിരുന്നു.2011 – ന് ശേഷം നിരവധി മാറ്റങ്ങളിലൂടെ മലയാള സിനിമ കടന്ന് പോയി. വരിക്കാശ്ശേരി മനയുടെ ആഢ്യത്തത്തിൽ (?) നിന്നും കുമ്പളങ്ങിയിലെ തീട്ടപ്പറമ്പിലേക്ക് മലയാള സിനിമ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ഫഹദ് ഫാസിലിന്റെ റിയലിസ്റ്റിക്ക് അഭിനയ രീതികൾ പ്രേക്ഷകരിൽ വ്യക്തമായ സ്വാധീനം ചെലുത്തിക്കഴിഞ്ഞിരിക്കുന്നു.

എങ്കിലും നായകനായി തന്നെ ഇനിയും ഒരു ദശാബ്ധം കൂടെ തുടരാനുള്ള കെൽപ്പ് മമ്മൂട്ടി എന്ന താരത്തിനും നടനുമുണ്ട് എന്നതാണ് മമ്മൂട്ടിയെ തന്റെ സമകാലികരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. തനിക്കു ചുറ്റും സംഭവിക്കുന്ന മാറ്റങ്ങളെ പോസിറ്റീവായി കാണാനും അതിനനുസൃതമായി സ്വയം പുതുക്കിപ്പണിയുവാനുമുള്ള ആവേശം മമ്മൂട്ടിയോളം മറ്റാർക്കുമില്ല. ഈ ആവേശമാണ് അദ്ദേഹത്തെ എക്കാലവും സമകാലിക പ്രസക്തനായി നിലനിർത്തുന്നതും. പ്രേക്ഷകരെ മോഹിപ്പിക്കുന്ന ഒട്ടേറെ പ്രൊജക്റ്റുകളിൽ മമ്മൂട്ടി സഹകരിക്കുന്നുണ്ട്. അവ എത്രത്തോളം പ്രേക്ഷകരോട് സംവദിക്കുന്നുണ്ടെന്ന് ഓരോ പ്രേക്ഷകനൊപ്പം മമ്മൂട്ടിയും ആകാംക്ഷയോടെ ഉറ്റു നോക്കുന്നുണ്ട്. മാറുന്ന മലയാള സിനിമയിൽ തന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞ് പോകരുതെന്ന ബോധ്യം മറ്റാരേക്കാളും അദ്ദേഹത്തിനുണ്ട് എന്നതാണ് സത്യം. സപ്തതിയും കഴിഞ്ഞ് മമ്മൂട്ടി തന്റെ അശ്വമേധം തുടരുകയാണ്. പുതിയ തലമുറയുടെ അഭിരുചികൾക്കിണങ്ങുന്ന വേഷ പകർച്ചയുമായി. തളരാത്ത പോരാട്ട വീര്യത്തിന്റെ, മലയാള സിനിമയുടെ പവർ ഹൗസിന് എന്റെ പിറന്നാൾ ആശംസകൾ ……
ബിനീഷ് കെ അച്യുതൻ