കവി ബിനു എം. പള്ളിപ്പാട് അന്തരിച്ചു.

കവിയും ഓടക്കുഴൽ വിദഗ്ധനും വിവർത്തകനും നിരൂപകനും ഗ്രന്ഥകാരനുമായ ശ്രീ. ബിനു. എം. പള്ളിപ്പാട് അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഹരിപ്പാട്, പള്ളിപ്പാട്ട് 1974 ൽ ജനിച്ചു. നടുവട്ടം ഹൈസ്കൂൾ, പരുമല ദേവസ്വം ബോർഡ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സംഗീതവും ചിത്രകലയും പഠിച്ചു. ഓടക്കുഴൽ വിദഗ്ധനും രാജ്യത്തെ വിവിധ സ്റ്റേജുകളിൽ ഓടക്കുഴൽ വാദനം നടത്തുകയും ചെയ്തിട്ടുണ്ട്. പാലറ്റ്, അവർ കുഞ്ഞിനെത്തൊടുമ്പോൾ , എന്നിവ കവിതാ സമാഹാരങ്ങളാണ്.

പ്രമുഖ തമിഴ് സാഹിത്യകാരൻ ശ്രീ.എൻ.ഡി.രാജ്കുമാറുമെത്ത് ഒലിക്കാതെ ഇളവേനൽ ശ്രീലങ്കൻ പെൺ കവിതകൾ, സി.സി. ചെല്ലദുരയുടെ നോവൽ ജെല്ലിക്കെട്ട്, എൻ .ഡി .രാജ്കുമാറിന്റെ കവിതകൾ എന്നിവ വിവർത്തനം ചെയ്തു. പുഷ്പമ്മ എഴുതിയ ഊരാളി ഗോത്രഭാഷാ നോവൽ കൊളുക്കാൻ ന് അവതാരിക എഴുതിയത് ബിനു എം.പള്ളിപ്പാട് ആയിരുന്നു. ഗ്രാമീണവും തദ്ദേശിയവുമായ സംഗീതത്തെ സംബന്ധിച്ച ഒരു അന്വേഷണം അദ്ദേഹം നടത്തിവന്നിരുന്നു. ഇതിന്റെ ഭാഗമായി ബാവുൾ ഗായക സംഘവുമൊത്തുള്ള സംഗീത യാത്രകളും കേരളത്തിലുടനീളം നടത്തിയ സംഗീത പരിപാടികളും സവിശേഷമായതായിരുന്നു.

വിവിധ സർവകലാശാല സിലബസ്സുകളിൽ അദ്ദേഹത്തിന്റെ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
VAK മുബെ തയ്യാറാക്കിയ Writing in the Dark Malayalam Dalit Poems സമാഹാരത്തിലും ഓക്സ്ഫോർഡ് ഇന്ത്യ പുറത്തിറക്കിയ ദലിത് സാഹിത്യ അന്തോളജി ഉൾപ്പെടെ വിവിധ ഇംഗ്ലീഷ് പുസ്തകങ്ങളിൽ ബിനുവിന്റെ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മതിലകം കനിവ് സാംസ്കാരിക കൂട്ടായ്മ 2022 അവാർഡ് , ബിനു എം. പള്ളിപ്പാടിന്റെ പാലുവം പെണ്ണ് എന്ന സമാഹാരത്തിന് ലഭിച്ചിരുന്നു. ഭാര്യ അമ്പിളി , എം ജി സർവകലാശാലയിൽ ഗവേഷകയാണ്.