എന്നത്തേയും പോലെ ഇത്തവണയും inmind poetry therapy സെഷനിൽ അതിഥി കവിയുടെ കവിതകൾ (അവയുടെ മലയാളവും )അവർക്ക് വിതരണം ചെയ്യാനായി കരുതിയിരുന്നു . ഇത്തവണ സെഷനിൽ പുതിയതായി എത്തിയ ഒരാൾ തുടക്കത്തിൽ തന്നെ തൻ്റെ മടുപ്പറിയിച്ച് പേടിപ്പിച്ചു.
“എന്തിനാണ് കവിത ?
അതും അറിയാത്ത ഭാഷയിൽ ? “
ന്യായമായ ചോദ്യം
” അതിനു ഇവിടാരാണ് കവിത പറയുന്നത്?
നമ്മൾ ജീവിതമാണ് പറയുക”
എന്നായി ഞാൻ
“ജീവിതം പറയാൻ എന്തിനാണ് കവിത ? “
” സിമ്പിൾ അല്ലേ.., അതാണ് എൻ്റെ ടൂൾ. എൻ്റെ ഭാഷ. “
” അപ്പൊൾ താളവും വൃത്തവും ഉള്ളതല്ലേ കവിത?”
അതെ അതും കവിത തന്നെ. അതിലുമുണ്ട് നമുക്ക് മനസ്സിലാവുന്നതും അല്ലാത്തതുമായ ജീവിതം”
“പക്ഷേ ഇതെന്ത് ഭാഷ?”
“നമ്മൾ അറിയുമ്പോലേ മലയാളം മാത്രമല്ല നമ്മുടെ മാതൃഭാഷ . നമ്മൾ കാണുകയോ പരിചയിക്കുകയോ വായിക്കുകയോ അറിയാത്ത ഗോത്രഭാഷകൾ മിക്കതിനും ലിപിയില്ല അവയെ എഴുതാൻ പലപ്പോഴും മലയാളത്തിൻ്റെ ലിപി വ്യവസ്ഥയ്ക്ക് കഴിയില്ല. എന്നിട്ടും അവർ എഴുതുന്നു അവരുടെ ജീവിതം. നമ്മുടെയൊക്കെ ജീവിതം. അത് കേൾക്കാൻ മലയാളി എന്ന നിലയിലല്ല മനുഷ്യൻ എന്ന നിലക്കുകൂടി നമുക്ക് ബാധ്യതയുണ്ട് എന്ന് തോന്നുന്നില്ലേ? ” അരമണിക്കൂർ നീണ്ട സംശയ പദപ്രശ്‌നത്തിനൊ ടുവിൽ പതിയെപ്പതിയെ എതിർപ്പിൻ്റെ മുനമടങ്ങുന്നത് കൗതുകത്തോടെ കണ്ടു…
അതിനു ശേഷം ധന്യ ലോഗിൻ ചെയ്തു. എട്ട് കവിതകൾ,അവയുടെ മലയാളം, ആശയം,ചിലതൊക്കെ എഴുതിയ സന്ദർഭം അവയുടെ അനുഭവം, ഭാഷ ,ലിപി ,കുട്ടിക്കാലം, കാട് പ്രകൃതി ,ജീവിതം…. ഗവേഷണം ധന്യ മനോഹരമായി സംസാരിച്ചു.
ചികിത്സാർത്ഥികളിൽ നിന്ന് ഒരാളും വായിച്ചു ധന്യയുടെ ഒരു കവിത. ചിലർ നന്നായി ഇടപെട്ട് സംസാരിച്ചു.
എല്ലാം കഴിഞ്ഞ് പതിവിലും കാൽ മണിക്കൂർ അധികം നീണ്ട സെഷനൊടുവിൽ ആ യുവാവ് ചിരിച്ചുകൊണ്ട് പറഞ്ഞു. മാഡം സെഷൻ അടിപൊളി യാണ് ട്ടോ.
ആനന്ദലബ്ദ്ധിക്കിനി എന്ത് വേണം!!
നന്ദി .

ധന്യ വേങ്ങച്ചേരി
നായ് കൊതി
ബീങ്ക്ത് ബീങ്ക്ത്
ബഞ്ചി മൂക്ക് മുട്ടെയാനപ്പോ
ജിക്ക്ളെക്
കൊതി കൂട്ക്ണ് താ്ണ്ട്ണ്ട്പണ്ട്ക്
കുർതി നീര്
തരെട്ത്തെ കാറ്ബരെ
തൊട്ത് തൊട്ത് ബർനക
അത് ബഞ്ചി ചൂത്
പർന്ത് നിന്റിപ്പ്ക്ണ
മൊട്ടാ മുളിങ്ങെണ്ട് പണ്ട്
തെളിപ്പും
ചർമ്പ് കൊള്ളി ഒടിക്ണ മാതിരി.
ഇന്ത് ചാന്ത് കൊതി ?
നായ് കൊതിയാ ?
പൂച്ചെ കൊതിയാ ?
കൂളി കൊതിയാ ?
കോട്യപ്പർട്ത്ത്
നൂറ്ത് പൊക്ക്ന കുയ്യാനെള
കൊള്ള കൊള്ള തെറു ചൂത്
നിൻ്റിപ്പനക
പള്ളട്ത്ത് തൌത്ത്ക്ണ
നൊമ്പലത്ത ക്ളെ പെയ്ത്ത്
ജിക്കള് പണ്ട്ക്
ഇന്ത്
റഡ് കാറ്കള്ള്ള
ഒഞ്ചി നായ്ന കൊതി.
മലയാളം
വീർത്ത് വീർത്ത്
വയർ മൂക്ക് തൊടായപ്പോൾ
അവൾക്ക് കൊതിപിടിച്ചതാണെന്നു പറഞ്ഞു.
കുരുതി വെള്ളം
തലമുതൽ പാദം വരെ
തൊട്ടു തൊട്ടു വരുമ്പോൾ
ഇത് എന്ത് കൊതി ?
വയർ നോക്കി അവൾ
പഴുപ്പഴുത്ത മുട്ടാ മുളിങ്ങയാണെന്ന്
പറഞ്ഞ് ചിരിച്ചു .
ചുള്ളിക്കമ്പുകൾ ഒടിഞ്ഞ പോലെ .
ഇത് എന്ത് കൊതി?
നായക്കൊതിയോ ?
പൂച്ചക്കൊതിയോ ?
പ്രേതക്കൊതിയോ ?
പിന്നാമ്പുറത്ത്
നുഴഞ്ഞു പോകുന്ന കുഴിയാന
വേഗം വേഗം
വഴി തിരഞ്ഞു നിൽക്കുമ്പോൾ
പള്ളയിൽ നിന്ന് മുളച്ച വേദനയുടെ
തൈ പറിച്ച്
അവൾ പിറുപിറുത്തു
ഇത്
രണ്ട് കാലുകൾ മാത്രമുള്ള
ഒരു നായയുടെ കൊതിയാണ്.
