
അമേരിക്കൻ എഴുത്തുകാരിയും ഫെമിനിസ്റ്റും സിവിൽ റൈറ്റ്സ് ആക്ടിവിസ്റ്റുമായിരുന്ന ഓഡ്രേ ലോർഡിന്റെ Power എന്ന കവിതയുടെ സ്വതന്ത്രവിവർത്തനം. 1973 ൽ ന്യൂയോർക്കിൽ വെറും പത്തു വയസുള്ള, കറുത്ത വർഗക്കാരനായ ഒരാൺകുട്ടിയെ ഒരു പോലീസുകാരൻ വെടിവെച്ചു കൊന്നു.വംശവെറിയനായ ഈ പോലീസുകാരൻ വർഷങ്ങൾക്കു ശേഷം കോടതിയിൽ കുറ്റവിമുക്തനാക്കപ്പെടുകയാണുണ്ടായത്. ഈ സംഭവം ഏൽപ്പിച്ച ആഘാതത്തിൽ ലോർഡ് 1978ൽ എഴുതിയ ഈ കവിത, ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റിന്റെ ഭാഗമായി വീണ്ടും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. വൈറ്റ് സുപ്രീമസി, കറുത്തവരോടുള്ള പോലീസ് അതിക്രമങ്ങൾ, എന്നിവ അതിശക്തമായി ആവിഷ്കരിച്ച ഈ കവിത, അടിച്ചമർത്തപ്പെടുന്ന ജനതയെ സംബന്ധിച്ചിടത്തോളം അധികാരം എന്നത് അങ്ങേയറ്റം പ്രശ്നാധിഷ്ഠിതമായി തീരുന്നതെങ്ങനെ എന്ന ആകുലതയും പങ്കു വയ്ക്കുന്നു. കവിതയിൽ, കറുത്ത വർഗക്കാരിയായ ന്യായാധിപയ്ക്ക് അവരുടെ അധികാരം പ്രയോഗിക്കാൻ സാധിക്കാതെ വരുന്നത്, ഇതിന് ഒരുദാഹരണമാണ്.
അധികാരം
കവിതയും കവലപ്രസംഗവും
തമ്മിലുള്ള വ്യത്യാസം,
നിങ്ങളുടെ മക്കൾക്കു പകരം
നിങ്ങളെത്തന്നെ കൊല്ലാനൊരുങ്ങുക എന്നുള്ളതാകുന്നു.
പരുക്കൻ വെടിയുണ്ടകൾ തുളച്ചുണ്ടായ മുറിവുകളുടെ
ഒരു മരുഭൂമിയിൽ
ഞാനകപ്പെട്ടിരിക്കുന്നു.
മരണപ്പെട്ട ഒരു കുട്ടി,
അവന്റെ തകർന്നു പോയ
കറുത്ത മുഖവുമേന്തിക്കൊണ്ടെന്റെ
ഉറക്കങ്ങളെയില്ലായ്മ ചെയ്യാനെത്തുന്നു.
ചവിട്ടേറ്റു നുറുങ്ങിയ അവന്റെ കവിളുകളിൽ,
ചുമലുകളിൽ
ഒലിച്ചിറങ്ങുന്ന ചോര മാത്രമാണിനിയുള്ള ദൂരങ്ങളിൽ
മിച്ചമുള്ള ജലകണികകൾ.
ചോരച്ചവർപ്പോർമ്മിച്ചെന്റെ വയർ കടയുമ്പോൾ,
യാതൊന്നിനോടുമുള്ള കൂറോ,
യാതൊരു കാരണമോ ഇല്ലാതെ,
എന്റെ വായ പിളരുകയും
വരണ്ട രണ്ടു ചൊടികളായിത്തീരുകയുമാണ്.
ഞാനലയുന്ന ഈ മരുഭൂമിയുടെ വെളുപ്പിൽ താഴ്ന്നു പോകുന്ന
അവന്റെ ചോരയുടെ നനവോർത്തു ദാഹിക്കുകയുമാണ്.
അലങ്കാരപ്രയോഗങ്ങളോ മന്ത്രജാലങ്ങളോ ഒന്നും കൈയ്യിലില്ലാതെ,
ഈ വെറുപ്പിൽ നിന്നും
ഈ വിനാശത്തിൽ നിന്നും,
ഒരൽപം അധികാരം നേടിയെടുക്കാൻ ആശിച്ചു കൊണ്ട്,
മരിക്കുന്ന എന്റെ മകനേ,
ഉമ്മകൾ കൊണ്ടു നിന്നെ സുഖപ്പെടുത്താനാശിച്ചു കൊണ്ട്.
കത്തുന്ന ഈ സൂര്യനതിനും മുമ്പേ
കറുപ്പിന്റെ പുത്രനായ നിന്റെയസ്ഥികളെയുണക്കിക്കളയുമല്ലോ.
ക്വീൻസിൽ,
പത്തു വയസുള്ള ഒരു മകനെ വെടിവെച്ചിട്ട പോലീസുകാരൻ
അവന്റെയിളംചോരയിൽ ചവിട്ടിയ ബൂട്ടുകളുമായി നിന്നു.
“ഡൈ, യൂ ലിറ്റിൽ മദ(ർ)ഫക്ക(ർ)” എന്നൊരു ശബ്ദം പറഞ്ഞു –
ഇതെല്ലാം തെളിയിക്കുന്ന രേഖകളുണ്ട്.
വിചാരണാവേളയിലാ പോലീസുകാരൻ പറഞ്ഞു,
“ഐ ഡിഡിന്റ് നോട്ടീസ് ദ് സൈസ് നോർ എനിതിങ് എൽസ് ഒൺലി ദ് കളർ”
ചത്തവന്റെ പ്രായമോ മറ്റൊന്നുമോ ശ്രദ്ധിച്ചില്ല ഞാൻ,
അവന്റെ തൊലിയുടെ നിറമല്ലാതെ യാതൊന്നും കണ്ടില്ല ഞാനെന്ന്.
ഇതു തെളിയിക്കാനുമുണ്ട്, രേഖകൾ.
ഇന്ന്, 37 വയസുള്ള,
13 വർഷത്തെ പോലീസ് “ഫോഴ്സിങിന്റെ” ചരിത്രമുള്ള
ആ വെളുത്ത വർഗക്കാരനെ
വെറുതേ വിട്ടിരിക്കുന്നത്,
നീതി നടപ്പിലാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സംതൃപ്തരാണെന്നു പ്രഖ്യാപിച്ച
പതിനൊന്നു പേർ,
വെളുത്ത ന്യായാധിപന്മാർ പതിനൊന്നു പേർ.
“ദെ കൺവിൻസ്ഡ് മീ” –
കൂടെ,
എന്നെയവർ ബോധ്യപ്പെടുത്തിയെന്നു പറഞ്ഞ ഒരു കറുത്ത വർഗക്കാരിയും.
അതിനർത്ഥം,
4 അടി 10 ഇഞ്ചുള്ള ആ കറുത്ത പെൺശരീരത്തെ,,
നാലു നൂറ്റാണ്ടു പഴക്കമുള്ള
വെളുത്ത പുരുഷന്റെ അംഗീകാരമെന്ന ചുടുകൽക്കരിമീതേ
അവർ വലിച്ചിഴച്ചുവെന്ന്-
അവൾക്കുണ്ടായിരുന്ന അൽപമധികാരം,
അതവൾ വിട്ടു കൊടുക്കും വരെ,
എന്നിട്ട്, സ്വന്തം ഗർഭപാത്രം സിമന്റിട്ടുറപ്പിച്ച്,
ഇനിയും ബാക്കിയുള്ള
നമ്മുടെ മക്കൾക്കു
ശവക്കല്ലറകൾ തീർക്കും വരെ.
എന്റെയുള്ളിലെ വിനാശത്തെ തൊടാൻ പോലും കഴിഞ്ഞിരുന്നില്ല എനിക്കെന്നിട്ടും.
പക്ഷേ, കവിതയും കവലപ്രസംഗവും തമ്മിലുള്ള
വ്യത്യാസമുപയോഗപ്പെടുത്താൻ ഞാൻ പഠിക്കാതിരുന്നാൽ,
എനിക്കുള്ള അധികാരവും വിഷരൂപം പൂണ്ടു ദുഷിച്ചതായിപ്പോകുമല്ലോ.
അതുമല്ലെങ്കിൽ,
എവിടെയും ബന്ധിപ്പിക്കാത്ത ഇലക്ട്രിക് വയർ പോലെ തളർന്നു കിടന്ന്,
ഉപകാരമേയില്ലാത്തതാകുമല്ലോ.
എന്നിട്ടൊരു ദിവസം,
കൗമാരത്തിന്റെ പ്ലഗ്
അതേറ്റവുമടുത്ത ഒരു സോക്കറ്റിൽ തിരുകുമല്ലോ.
ആരുടെയോ അമ്മയായ ഒരു 85കാരി വെളുത്ത വർഗക്കാരിയെ
ബലാത്സംഗം ചെയ്യുകയും, ബോധമില്ലാതെ തല്ലുകയും,
അവരുടെ കിടക്ക മീതേ തീപ്പന്തങ്ങൾ കൊളുത്തുകയും ചെയ്യുമല്ലോ.
അപ്പോൾ,
അധികാരം പേറുന്നവർ
സംഘങ്ങളായി കോറസു പാടാനെത്തും,
“പുവർ തിംഗ്. ഷീ നെവർ ഹേർട്ട് എ സോൾ. വോട്ട് ബീസ്റ്റ്സ് ദെ ആർ”
സാധു സ്ത്രീ
അവർ നോവിച്ചിട്ടില്ലൊരെറുമ്പിനെ പോലും.
എന്തൊരു മൃഗങ്ങളാണീ നീഗ്രോകൾ.
എന്തൊരു മൃഗങ്ങളാണീ നീഗ്രോകൾ.
എന്തൊരു മൃഗങ്ങളാണീ നീഗ്രോകൾ.
