വി ചാരം
സദ് ആചാരീ ……
ഞാനും അവളും
കൈമാറുന്നഭാഷ
മൊഴിമാറ്റിയെടുക്കുവാൻ
നിനക്കറിയില്ല.
ശബ്ദങ്ങൾക്കും
ലിപികൾക്കും
വിട്ടു കൊടുക്കാതെ,
മനസ്സിന്റെ നീരാവി
വരക്കുന്ന വികാരങ്ങൾ
അവൾക്ക് മാത്രമേ അഴിച്ചെടുക്കാനാവൂ ….
ആചാര ശീലകളിൽ
പകർത്താനാവാത്ത
സ്ഫുട വചനങ്ങൾ ….!
സദ് ആചാരീ ….
വാക്കിന്റെ മുൻ വാക്കും
പൊരുളിന്റെ പൊരുളും
ജീവന്റെ ചോരയാണെന്ന്
ബോധ്യപ്പെടുക.
ഒന്നുമറിയാത്തവൻ
നീതിയുടെ തുലാസ്
കൈവശം വെക്കാതിരിക്കുക..
~ ജമാൽ

ബർസഖ്
മൂന്ന് പ്രാവശ്യം
കാർക്കിച്ചു തുപ്പി
അവരെല്ലാം
അവരുടെ പാട്ടിന്
തിരിച്ചു പോയി.
ആകാശം,
എന്റെ നേരെ
പിടി വിട്ട പോൽ
താഴ്ന്നിറങ്ങി ….
ഭൂമിപ്പരപ്പ്,
കാൽ ചുവട്ടിൽ
ചുട്ടുപഴുത്തു .
സൂര്യ ചന്ദ്രന്മാർ,
പൊട്ടക്കണ്ണുപോലെ
വെറും ചാരക്കുഴികളായി.
കാറ്റ്,
നിസ്സഹായന്റെ
നെടുവീർപ്പുകളിൽ
ശ്വാസം മുട്ടി നിന്നു.
ശരീരം,
ശരീരം മാത്രം
മരണ മുറ്റത്ത്
ആത്മാവിന്
ചോര
നനച്ചു കൊണ്ടേയിരുന്നു.
പിരിയാനാവാത്ത
ഇണയുടെ
അവസാന
പ്രതീക്ഷകളാൽ .

~ ജമാൽ
കവിതകൾ കാലത്തിനൊ!പ്പം സർഗ്ഗാത്മകമായി സഞ്ചരിക്കുന്നുണ്ട്….. ജീവനുള്ള വാക്കുകൾ