ജനൽ ചില്ലുകളിൽ
ഊർന്നിറങ്ങിയ
മഴത്തുള്ളികളിലാണ്
നിന്നെ തടവിലാക്കിയത്
ഒരു മഴയുടെ കടപ്പാടെ
നാം തമ്മിലുള്ളൂ
നീയാണ് എന്റെ പ്രണയം
രതി, കാമം
അനാദിയായ പാപം ചെയ്യലും
ഗർഭപാത്രത്തിലേക്ക്
തുളച്ചുകയറിയ വേദനകൾക്കും
പിറവിയുടെ മഹാരഹസ്യം
പേറുന്ന പെണ്ണുടലുകൾക്കും
വേണ്ടിയാണ് നീ തടവിലായത്
ഒരു മഴത്തുള്ളിയുടെ
പിറവിയോളമേ നിനക്കായുസ്സുള്ളൂ
ഇന്ന് പെയ്ത മഴയിൽ
എന്റെ നെറ്റിയിൽ നിന്ന്
കവിളിലേക്ക് നീ കിനിഞ്ഞൊഴുകി
കൺതടങ്ങളെ വകവെക്കാതെ
നീലിച്ച ചുണ്ടുകളെ
ഗാഡമായി ചുംബിച്ചു
ഒരൊറ്റ ചുംബനത്തിൽ
നിന്റെ ഹൃദയം പിളർന്ന്
ധമനികളിൽ ചോര കിനിഞ്ഞു
പച്ച മാംസത്തിന്റ ഗന്ധം
പേറുന്ന മഴയിൽ
ഒരു കുഞ്ഞു മഴത്തുള്ളി
പിറവിയെടുത്തു.

ജാൻസി. ആർ. ഗോപാലൻ
കോഴിക്കോട് ജില്ലയിൽ ആർ. ഗോപാലന്റെയും കല്ല്യാണിയുടെയും മകളായി ജനിച്ചു. കോടഞ്ചേരി ഗവ : കോളേജ്, ബി എഡ് സെന്റർ പൂമല, തുഞ്ചത്തെഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം.
പുകച്ചുരുളുകൾ, യാത്രാമൊഴി എന്നിവ കവിതസമാഹാരങ്ങൾ.
ജീവിതപങ്കാളി : ജയേഷ്
മകൾ : വേദിക
ജാൻസി. ആർ. ഗോപാലൻ
വെങ്കുറുവിൽ ( H )
കോട്ടപ്പാടം ( po )
തൃത്താല
പാലക്കാട്
679534
very nice