കരിനഖം
കറുത്ത നഖങ്ങൾ,
നീണ്ട് വളഞ്ഞ് വരകൾ വീണ് മങ്ങിയിരിക്കുന്നു
മുഖം വ്യക്തമല്ല, കണ്ണിൽ പീള കെട്ടി മരിച്ചുകിടക്കുന്നു
കെട്ടികിടക്കുന്ന വെള്ളം പോലെ കണ്ണ്
നഖങ്ങൾ അത് വീണ്ടും വീണ്ടും നോക്കാൻ തോന്നുന്ന പ്രത്യേകത ഉള്ള പോലെ
ഓർമ്മയുടെ അടിഞ്ഞരമ്പുകൾ ചെന്ന് തൊട്ട്, കടന്നു പോയ മണ്ണും നീരും വരമ്പും വെയിലും ചെളിയും പറ്റികിടക്കുന്ന മരവിച്ച ഒരിടം
എങ്ങുനിന്നോ വന്നതാണ് കറുത്ത നഖമുള്ള മനുഷ്യൻ, ചിരിക്കാത്തതോ കരയാത്തതോ ആയ മുഖം
നഖമുഖങ്ങൾ വീതിയുള്ള പലകപോലെ കണക്കറ്റ രേഖകളെ പറ്റി സംസാരിക്കുന്നു
അടിയിൽ പറ്റിയ നീല മഷിക്കറ,
മണൽത്തരി ചേർന്ന തൊലി,
കുഴിനഖങ്ങൾ ആരോ കുഴിച്ചെടുത്തു കൊണ്ട് പോയ ഓർമ്മകളുടെ ദുർഗന്ധം കൊണ്ട് ചിരിച്ചു.
ഞാൻ നഖം വെട്ടി തുടങ്ങി
ആദ്യത്തെ അടരിൽ കറുത്ത മണ്ണും മനുഷ്യരും
വിയർപ്പ്, മുറിപ്പാടിന്റെ ചലം, കട്ടചോര
അടുത്ത അടരിൽ ചെറിയ ചെറിയ താരാട്ടുകൾ തെറികൾ മയക്കങ്ങൾ
മൂന്നാമത്തെ അടരിൽ ചത്ത വിത്തിന്റെ വേരഴുകിയ മണം, പൂണ്ടു പുളയുന്ന വഴുക്കമുള്ള മണ്ണിര, അതിനും അടിയിൽ മുള നീട്ടാൻ പൊട്ടി നൊന്ത് കിടക്കുന്ന ജനിതക രേഖകൾ
ഒരു സംസ്‌കാരം മുഴുവൻ ചികഞ്ഞെടുത്ത ചരിത്രങ്ങൾ ഈ അടരുകളെ കണ്ട് പേടിച്ചു
മണ്ണിന്റെ ചൂര്, നീണ്ട കർക്കിടകത്തിനും മാറ്റാനൊക്കാത്ത തഴപ്പ്, ആരും കണ്ടെത്താത്ത പഴക്കമുള്ള ‘ചുറ്റുഗോവണിപ്പടികൾ’
കറുത്ത നഖം വെട്ടിയൊതുക്കുമ്പോൾ പഴങ്കഥകൾ, തെയ്യങ്ങൾ, കരിങ്കാളി, ആൽവേരുകൾ, തറകൾ, യക്ഷികൾ അങ്ങനെ ഊറിവന്ന് സ്വയം പരിചയപ്പെടുത്തിയവർ ഒരുപാട്…..
മുഖമില്ലാത്ത മനുഷ്യൻ കൈവലിച്ചു
എന്തോ, അയാൾ നഗ്നനാകുന്ന പോലെ,
അയാൾ കൈ വലിച്ചു കുടഞ്ഞു പഴക്കമുള്ള ആരുമറിയാത്ത ചുറ്റുഗോവണിപ്പടികൾ ഊർന്നുവന്ന് ചിരിച്ചു.
കറുത്ത നഖങ്ങൾ ഒതുക്കും തോറും വേരാഴ്ന്നു നിന്നു.നഖങ്ങൾ വേരുകൾ കറുത്ത ഞരമ്പുകൾ, മണ്ണട്ടി.