ആ ദിവസം
…………………
വാങ്ങേണ്ടസാധനങ്ങളുടെ ലിസ്റ്റ്
വെള്ളഷർട്ട്
വെള്ളമുണ്ട്
ജെട്ടി
കൈയ്യുറ
ഷൂസ്
അത്തറ്
പൗഡറ്
പോകാനൊരു പെട്ടി
പോരാ
ഇനിയുമുണ്ട്
മൂന്നുകുത്ത് ചീട്ട്
രണ്ടു ലിറ്ററ്
(തികയുമോ?
നേരംവെളുപ്പിക്കേണ്ടതാണ്)
സാമ്പ്രാണി
മെഴുകുതിരി
കാപ്പിപ്പൊടി
പഞ്ചസാര
വൈകിട്ട്
ഭക്ഷണം മോശമാക്കരുത്
ചോറ്
സാമ്പാർ
കാളൻ
ഉണക്കപ്പയർകൊണ്ടൊരു -മെഴുക്കുപെരട്ടി
അച്ചാർ
രാവിലത്തേക്ക്
പച്ചക്കപ്പവേയിച്ചതും
പോത്തും പന്നിയും
വിളമ്പണമെന്ന,
എൻ്റെ ആഗ്രഹം
വകവയ്ക്കാതെ
അപ്പവും വെജിറ്റബിൾകറിയും
മതിയെന്ന്
നിങ്ങളങ്ങ് തീരുമാനിക്കും;
അതാണല്ലോ പതിവ്
വീടിനു മുമ്പിൽ
പന്തൽ
ഉച്ചത്തിൽ പാട്ട്
പണ്ടെങ്ങോ
പിന്നെക്കാണാമെന്നു പറഞ്ഞ്
പിരിഞ്ഞവരൊക്കെ
നിരനിരയായ്
വരുന്നുണ്ട് …
“നിൻ്റെ പുസ്തകപ്രകാശനത്തിന്
ഉറപ്പായും വരുമെന്ന്”
പറഞ്ഞുപറ്റിച്ചവൻ
രണ്ടെണ്ണം അടിച്ചേച്ചുംവന്ന്
പിറുപിറുത്തതൊരു
പുതുകവിത
ഒരിക്കൽ
പിണങ്ങി മിണ്ടാതായ
ചങ്ങാതിയും വന്നിട്ടുണ്ട് …
ഇങ്ങനെ വന്ന്
തലകുനിച്ച് നിൽക്കാനാണെങ്കിൽ
നീയെന്തിനാ മൈരേ
പിണങ്ങിയതെന്ന്
ചോദിക്കണമെന്നുണ്ടെങ്കിലും
അവൻ വീണ്ടും പിണങ്ങിയാലോന്നോർത്ത്
മിണ്ടാണ്ടിരുന്നു …
ഞാൻ തണുത്തുവിറച്ചു കിടക്കുമ്പോൾ
അടുത്തുവന്നിരുന്ന്
എനിക്കുതരാതെ നിങ്ങൾ
ചൂടുകട്ടൻകാപ്പി
ഊതിയൂതി കുടിക്കുന്നു …
എൻ്റെ തലയ്ക്കൽ വന്നിരുന്ന്
പാർട്ടിയെ കുറ്റംപറയുന്ന മനുഷ്യാ
എൻ്റെ ക്ഷമയേ പരീക്ഷിക്കരുത്.
പണ്ടിഷ്ടം പറഞ്ഞേപ്പിന്നെ
മുഖത്ത്പോലും നോക്കാത്തവൾ
എന്നെത്തന്നേ നോക്കിനിൽക്കുന്നു
ആ കഥയൊക്കെ
ഞാൻ പറഞ്ഞറിയാവുന്നൊരുവൾ
അവളെയും എന്നെയും
മാറിമാറി നോക്കുന്നതുകണ്ടിട്ട്
ഒരുപാട് കഷ്ടപ്പെട്ട്
പൊട്ടിവന്ന ചിരി ഞാനൊതുക്കുന്നു .
ആരൊക്കെയോ
വരുന്നു പോകുന്നു …
നീയെന്തേ വരാത്തതെന്ന്
ചിന്തിച്ചുചിന്തിച്ച്
പൂക്കൾക്കിടയിൽകിടന്ന്
ഞാനെപ്പോഴോ
മയങ്ങിപ്പോകുന്നു …

✍️Josil Sebastian