ഒരു പൂച്ചയും കുറേ ഓർമ്മകളും
……………………………………………
വീട്ടിൽ
തെണ്ടിക്കയറിവന്ന
പൂച്ചയാണ്
മറക്കാൻ കൊതിച്ച
നിൻ്റെ ഓർമ്മകളെ
തിരികെയെത്തിച്ചത്.
ഉരുമിയുരുമിനടന്ന്
കൂടെയുണ്ട്
കൂടെക്കിടന്ന്
അതങ്ങനെ ….
നാലു കുഞ്ഞുങ്ങളെ പെറ്റിട്ടിട്ട്
കുഞ്ഞുങ്ങളെയും
വീടിനെയും
എന്നെയും വിട്ട്
അതും
കാടുകയറിയിരിക്കുന്നു…
ഞാനെത്ര തട്ടിയകറ്റിയിട്ടും
നിൻ്റെ ഓർമ്മകളെപ്പോലെ
ആ കുഞ്ഞുങ്ങളും
ഉരുമിയുരുമിനിൽക്കുന്നു
ഞാൻ കാലനക്കുമ്പോൾ
കുഞ്ഞിക്കൈകൾ കൊണ്ട്
കാലിൽ വട്ടം പിടിക്കുന്നു
കുഞ്ഞരിപ്പല്ലുകൊണ്ട്
കടിക്കുന്നു
നഖവും പല്ലും കൊണ്ട്
എനിക്ക് നീറുന്നു
ചാക്കിൽക്കെട്ടി
ദൂരെ കൊണ്ടുപോയി കളഞ്ഞിട്ട്
ഞാൻ വീടെത്തും മുമ്പേ
അവരാദ്യം തിരികെയെത്തുന്നു ..
” ഹോ
ഈ പൂച്ച “
കുഞ്ഞരിപ്പല്ലുകൊണ്ട്
അതിലൊന്ന്
എൻ്റെ കാൽവിരലിൽ
കടിച്ചിരിക്കുന്നു …
ഏത് മുറിവാണ്
കൂടുതൽ നീറ്റുന്നത് ?
നീയാ പൂച്ചയും
നീറ്റുന്ന ഓർമ്മകളായി
പൂച്ചക്കുഞ്ഞുങ്ങളും …
✍️ Josil Sebastian
