സന്തോഷ് ടി ജി പോയി.
2005 ൽ എം.എ പഠിക്കാൻ എം.ജിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എത്തിയപ്പോ മുതലുള്ള പരിചയം. പിന്നീട് ഹോസ്റ്റൽ കാലത്ത് 113 -ാം നമ്പർ മുറിയിൽ ഞാൻ ജീവിക്കുന്ന അരാജക കാലത്ത് തൊട്ടപ്പുറത്തെ മുറിയിൽ Dr. എം.ബി മനോജ് എന്ന മനോജ് ചേട്ടൻ ഉണ്ടായിരുന്നു. മനോജ് ചേട്ടന്റെയും അപ്പുറത്ത് ജോബിയുടെ മുറിയിലും സ്ഥിരമായി വരുന്ന സന്തോഷ് പിന്നെപ്പിന്നെ എന്റെ മുറിയിലും വരുമായിരുന്നു. പുതിയ കവിത, പുതിയ രാഷ്ട്രീയം, പുതിയ സംവേദനങ്ങൾ ഇതിനെപ്പറ്റിയൊക്കെ സന്തോഷ് നിരന്തരം സംസാരിച്ചിരുന്നു. ആഴത്തിലുള്ള വായനയും മൂർച്ചയുള്ള നിലപാടുകളും കൊണ്ട് അവൻ ഒരുപാട് ഉയരത്തിൽ ആയിരുന്നു. ചിലപ്പോഴൊക്കെ അതിതീഷ്ണമായ ചിന്തകളുടെ മൗലികത കൊണ്ട് നമ്മളെ കുഴക്കുന്ന തീവ്രത സന്തോഷിനുണ്ടായിരുന്നു. ചിലപ്പോൾ ബാലിശമായ ശാഠ്യങ്ങൾ പിടിക്കുന്ന ഒരാളായും അവൻ മാറിപ്പോകുമായിരുന്നു. പുതിയ കവിതയുടെ ഡിക്ഷൻ നന്നായി അറിയുകയും സൂഷ്മമായ രാഷ്ട്രീയ വിവക്ഷകളാൽ കവിതകളെ ധൈഷണിക വ്യവഹാരമാക്കി മാറ്റുകയും ചെയ്തിരുന്ന ഒന്നാംതരം കവിയായിരുന്നു ടി.ജി.
കോവിഡ് കത്തി നിന്ന കാലത്ത് അവന് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. MPhil , BEd, എല്ലാമുണ്ടായിരുന്നപ്പോഴും എല്ലാവരേക്കാളും ധൈഷണിക ഔന്നത്യം പുലർത്തിയിരുന്നപ്പോഴും പക്ഷെ, അവനൊരു സ്ഥിരം ജോലി കിട്ടാതിരുന്നതിന്റെ എല്ലാ മുറിവുകളും ടി.ജിയെ അലട്ടുന്നുണ്ടായിരുന്നു. അക്കാലത്ത് ഞങ്ങൾ കുറെ കൂട്ടുകാർ ചേർന്ന് ജിഷാദിക്കയുടെയും മനോജ് ചേട്ടന്റെയും ഉമർ മാഷിന്റെയുമൊക്കെ ഉൽസാഹത്തിൽ അവന്റെ കവിതകൾ പുസ്തകമാക്കാൻ ശ്രമിച്ചു. അങ്ങനെ സന്തോഷിന്റെ ആദ്യ സമാഹാരം പുറത്ത് വന്നു. ഇടക്ക് രാത്രികളിലൊക്കെ അവൻ ഫോണിൽ വിളിച്ച് ഒത്തിരി സംസാരിക്കുന്നത് ഓർക്കുന്നു. കവിതയും രാഷ്ട്രീയവും സ്വത്വപ്രതിസന്ധിയുമൊക്കെ ആ സംസാരത്തിൽ കടന്നുപോയിരുന്നു. എന്റെ തിരക്കുകൾക്കിടയിൽ അങ്ങോട്ട് വിളിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലുമവൻ ഇടക്കിടെ മിണ്ടിയും പറഞ്ഞും പോയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉള്ള കാര്യം അറിഞ്ഞിരുന്നേയില്ല. ഇന്ന് പുലർച്ചെ സന്തോഷ് പോയന്ന വിവരം അറിഞ്ഞപ്പോ ഒരു ശൂന്യത
എന്നും മിണ്ടിയില്ലെങ്കിലും മുറിവേറ്റ ഹൃദയവുമായിട്ടാണെങ്കിലും എവിടെയോ നീ പുലരുന്നുണ്ടല്ലോ എന്നൊരു ചിന്ത ഉണ്ടായിരുന്നു. നിന്റെ പ്രതിഭയുടെ പത്തിലൊന്ന് കഴിവില്ലാത്ത പലരും പ്രഗൽഭരായി കഴിയുന്ന കാലത്ത് ഒറ്റക്ക് സ്വന്തം നിലപാടുകളും സ്വന്തം കവിതയും സ്വന്തം രാഷ്ട്രീയവുമൊക്കെയായി നടന്നു പോയ ഒരാളായി നീ ഞങ്ങളുടെ ഹൃദയത്തിലുണ്ടാവും. പ്രിയപ്പെട്ട സന്തോഷ് രോഗം നിന്നെ കവർന്നെടുത്തു എന്ന് വിശ്വസിക്കാനെ കഴിയുന്നില്ല. നിന്റെ ഒച്ചയും നിന്റെ പാട്ടും നീ പറഞ്ഞു വച്ച കലഹങ്ങളും ഞങ്ങടെ ഹൃദയത്തിലുണ്ട്. വഴങ്ങാത്ത ഒരാളായി പ്രിയപ്പെട്ട ഒരോർമ്മയായി നീ ഇവിടെയുണ്ട്. നീയെഴുതി വച്ച രണ്ട് സമാഹാരങ്ങൾ ഇവിടെയുണ്ട്. മുഴുമിക്കാതെ പോയ മൂന്നാമത്തെ സമാഹാരം വെളിച്ചം കാണുമെന്ന് പ്രത്യാശയോടെ …
വിട

ജ്യോതിസ് എസ്