ഞെരളത്ത് രാമപ്പൊതുവാള്‍
(1916 – 1986)
ജന്മദിനം
സോപാന സംഗീതത്തിന്റെ കുലപതിയായി ഞെരളത്ത് രാമപ്പൊതുവാള്‍ വിലയിരുത്തപ്പെടുന്നു. ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളുടെ ഭാഗമായ സോപാനസംഗീതത്തെ ജനകീയവത്കരിച്ചത് ഞെരളത്ത് രാമപ്പൊതുവാളാണ്. ഭജനയോ പ്രാര്‍ത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടുവന്ന സോപാനസംഗീതത്തിന് ‘ജനഹിത സോപാനം’ എന്ന ജനകീയ രൂപം നൽകി ക്ഷേത്രത്തിനു പുറത്തേക്കും എത്തിച്ചു.
പാലക്കാട് ജില്ലയിലെ അലനല്ലൂർ അംശം നളപുരം ദേശത്ത് ഞെരളത്ത് പൊതുവാട്ടിൽ 1916 ഫെബ്രുവരി 16ന് ജനനം.
പിതാവ്: ശങ്കുണ്ണി മാരാർ
മാതാവ്: ജാനകി വാരസ്യാർ
സംഗീതത്തിലെ ആദ്യഗുരു അമ്മയായിരുന്നു. പിന്നീട് ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉൾപ്പെടെ പ്രഗത്ഭരുടെ കീഴിലും സംഗീതം അഭ്യസിച്ചു.
തിരുമാന്ധാംകുന്ന് കോമരമായിരുന്ന ഗോവിന്ദൻകുട്ടി നായരുടെ ഇളയ മകൾ ലക്ഷ്മിക്കുട്ടിയെ വിവാഹം കഴിച്ചതോടെ അങ്ങാടിപ്പുറത്ത് സ്ഥിരതാമസമായി. പാട്ടിലും ഇടയ്ക്ക വായനയിലും മാത്രമല്ല തായമ്പകയിലും കേമനായിരുന്നു. പിന്നീട് സിനിമാ നടനുമായി.
നാവാമുകുന്ദ ക്ഷേത്രത്തിലെ ആൽത്തറയിൽ ഇരിക്കുന്ന താടി നീട്ടിയ സോപാന സംഗീതജ്ഞനു ശിഷ്യപ്പെട്ട് ഒരു ചെറുപ്പക്കാരൻ പാട്ടുപഠിച്ചു തുടങ്ങുന്ന രംഗമുണ്ട് അരവിന്ദൻ സംവിധാനം ചെയ്ത ‘തമ്പി’ൽ. സംഗീതജ്ഞൻ ഞെരളത്തും ചെറുപ്പക്കാരൻ നെടുമുടി വേണുവുമാണ്. നെടുമുടിയുടെ ആദ്യ ചിത്രമാണിത്.
‘അഷ്ടമിരോഹിണി’ എന്ന ചിത്രത്തിൽ പാടി അഭിനയിച്ചു. പി. ഭാസ്‌കരന്റെ ‘ഗുരുവായൂർ മാഹാത്മ്യം’ എന്ന സിനിമയിലും സാന്നിധ്യമുണ്ട്. ജോൺ ഏബ്രഹാമിന്റെ ‘അമ്മ അറിയാൻ’ സിനിമയിലെ അഭിനയം സംഭവബഹുലമായിരുന്നു. പി. കുഞ്ഞിരാമൻ നായർ, ഒളപ്പമണ്ണ, അരവിന്ദൻ, പി. ഭാസ്‌കരൻ എന്നിവരെപ്പോലെ ഞെരളത്തിന്റെ ആരാധകനായിരുന്നു ജോൺ ഏബ്രഹാമും.
പെരുമ്പടവം ശ്രീധരന്റെ ‘അഷ്ടപദി’ നോവൽ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ പ്രധാന വേഷം ചെയ്യാൻ ഞെരളത്തിനെ സമീപിച്ചു. ഭാര്യയും കുട്ടികളുമുള്ള വേഷമാണെന്നു പറഞ്ഞു. എങ്കിൽ, ഭാര്യ ലക്ഷ്മിയും അഭിനയിക്കേണ്ടി വരില്ലേ എന്നായി ഞെരളത്ത്. സിനിമക്കാർ പകച്ചുനോക്കി. അപ്പോൾ ഞെരളത്തു പറഞ്ഞു: എനിക്കു കർമംകൊണ്ട് ഒരു ഭാര്യയേ ഉള്ളൂ. മറ്റൊരു സ്ത്രീയെ ഭാര്യയായി സങ്കൽപിച്ച് അഭിനയിക്കാനൊന്നും വയ്യ..
കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കലാമണ്ഡലം ഫെലോഷിപ്പ്,
ഗുരുവായൂരപ്പൻ സമ്മാനം,
പ്രവാസി ബഷീർ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
1996 ആഗസ്റ്റ് 13ന് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
പ്രമുഖ സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ ഉൾപ്പെടെ ഏഴ് മക്കളുണ്ട്.
മങ്കട രവിവർമ്മ ഞെരളത്തിനെക്കുറിച്ച് ഒരു ഹ്രസ്വചിത്രം നിർമ്മിച്ചിട്ടുണ്ട്.

തയ്യാറാക്കിയത്
Kathaprasangam fb Page