ഫെബ്രുവരി 18
എൽ.പി.ആർ വർമ്മ
(1927 – 2003)
ജന്മദിനം
ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമായിരുന്നു എൽ.പി.ആർ വർമ്മ എന്നറിയപ്പെട്ട
ലക്ഷ്മിപുരം കൊട്ടാരം പൂരം തിരുനാൾ രവിവർമ്മ. വളരെ കുറച്ച് സിനിമാഗാനങ്ങൾക്ക് മാത്രമേ ഇദ്ദേഹം സംഗീതം നൽകിയിട്ടുള്ളുവെങ്കിലും പലതും ഇന്നും സംഗീതപ്രേമികളുടെ ഇഷ്ടഗാനങ്ങളാണ്.
അവയിൽ ചിലത് ഇതാ:
പൂവനങ്ങൾക്കറിയാമോ
ഒരുപൂവിൻ വേദന പൂവിൻ വേദന..
(സ്വർഗ്ഗം നാണിക്കുന്നു, പി.ലീല)
വീടിനു പൊന്മണി വിളക്കു നീ
തറവാടിനു നിധി നീ കുടുംബിനി
(കുടുംബിനി, ആന്റോ)
അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ
ആയിരമിതളുള്ള പൂവേ
(സ്ഥാനാർത്ഥി സാറാമ്മ, യേശുദാസ്)
അജ്ഞാതസഖീ ആത്മസഖീ
അനുരാഗ നർമ്മദാതീരത്തു നിൽപ്പൂ നീ
ആകാശപുഷ്പങ്ങൾ ചൂടി
(ഒള്ളത് മതി, യേശുദാസ്)
ഉപാസന ഉപാസന ഇതു ധന്യമാമൊരുപാസന
ഉണരട്ടെ ഉഷസ്സുപോലുണരട്ടെ
ഒരു യുഗചേതന ഉണരട്ടെ
(തൊട്ടാവാടി, ജയച്ചന്ദ്രൻ)
ഇദ്ദേഹം സംഗീതം നൽകി സ്വയം ആലപിച്ച
പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ
കൂടൊന്നു കൂട്ടി ഞാനൊരു
പൂമരക്കൊമ്പിൽ എന്ന ഗാനം ഇന്നും ഗാനമേളകളിൽ ആവേശപൂർവ്വം സ്വീകരിക്കപ്പെടുന്നു.
ചങ്ങനാശ്ശേരി പുഴവാത് ലക്ഷ്മീപുരം കൊട്ടാരത്തിൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും, മംഗളാ ബായിയുടേയും മകനായി 1927 ഫെബ്രുവരി 18ന് കുംഭമാസത്തിലെ പൂരം നക്ഷത്രത്തിൽ ജനനം.
സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ മാവേലിക്കര വീരമണി അയ്യരുടേയും, മധുര കേശവ ഭാഗവതരുടേയും ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. ഗാനഭൂഷണം പാസ്സായി. പതിനെട്ടാം വയസ്സില്‍ ആകാശവാണിയില്‍ കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങി, ആറുപതിറ്റാണ്ടോളം ഈ സംഗീതസപര്യ നീണ്ടു.
കേരളാ തീയറ്റേഴ്സ്, കെ.പിഏ.സി തുടങ്ങിയ സമിതികൾക്കു വേണ്ടി സംഗീതസംവിധാനം ചെയ്തു. ഉദയായുടെ ‘അവന്‍ വരുന്നു’ എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി സിനിമയില്‍ പിന്നണി പാടി. 1960 ൽപുറത്തിറങ്ങിയ ‘സ്ത്രീഹൃദയ’മാണ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച ചിത്രം.
1983 ൽ റിലീസായ ‘സന്ധ്യാവന്ദന’മാണ് അവസാന ചിത്രം.
അടൂര്‍ ഭാസി ആദ്യമായി പിന്നണിഗായകനായത് എൽ പിആറിന്റെ സംഗീതസംവിധാനത്തിലായിരുന്നു. ഒട്ടേറെ ശിഷ്യന്മാരുണ്ട്. കവിയൂര്‍ പൊന്നമ്മ, ശ്രീലത, നെടുമുടി വേണു തുടങ്ങിയവരെ സംഗീതം അഭ്യസിപ്പിച്ചിട്ടുണ്ട്.
അജ്ഞാത സഖീ എന്ന ഗാനത്തിന്റെ സംഗീത സംവിധായകനെന്ന നിലയിൽ ദേശീയപുരസ്കാരം(1969) ലഭിച്ചു.
ശാസ്ത്രീയസംഗീതത്തിന് സംഗീത നാടക അക്കാഡമി അവാർഡ്(1978)
നാടകസംഗീതസംവിധാനത്തിനുള്ള സംസ്ഥാന അവാർഡ് (1985) തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അവസാനകാലത്ത് മോശം ആരോഗ്യത്തിനിടയിലും കച്ചേരികൾ അവതരിപ്പിച്ചിരുന്നു. ഇക്കാലത്ത് ഏതാനും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചു. 2003 ജൂലൈ 6-ന് അന്തരിച്ചു.
ഭാര്യ: മായാറാണിവർമ്മ
മക്കൾ: പ്രേംകുമാർ, ശോഭാ നന്ദനവർമ്മ, ബീന, രാജ്കുമാർ.
എൽ.പി.ആർ വർമ്മ ഫൌണ്ടേഷൻ സംഗീത രത്നാകര അവാർഡ് നൽകിവരുന്നു. ആദ്യ “സംഗീത രത്നാകര പുരസ്കാരം” ലഭിച്ചത് യേശുദാസിനായിരുന്നു.
