കവിത….എന്റെ ഗ്രാമത്തിൽ
എന്റെ ഗ്രാമത്തിൽ….
മുമ്പൊക്കെ..
നാരകത്തിന്റെ മുള്ളുകൊണ്ട്
കാത്കുത്തുമ്പോൾ
പെണ്ണുങ്ങൾ കരയാറില്ല
അന്നുമുതൽ അവർ
പൊന്നിൻ സ്വപ്നങ്ങൾ
കണ്ടിരുന്നു.എന്റെ ഗാമത്തിൽ……
കടൽ ഇല്ലെങ്കിലും
കരയും തിരയുംപുണരുന്ന നേരം
ചന്ദ്രിക ചന്ദനം മെഴുകിയ തറയിൽ
ചെറുപ്പങ്ങൾ
പ്രണയപണക്കിഴി
പണയം വയ്ക്കും.എന്റെ ഗ്രാമത്തിൽ……
നീഹാരമുറഞ്ഞ
ജലവിതാനത്തിനുമേൽ
ചക്രവാളമൊരുക്കുന്ന ചിത്രപടമുണ്ട്
തെന്നലും മുകിലും ചിത്രംവരയ്ക്കും
ചിലനേരം….
കണ്ണകിയും കോവലനും വരും…
കാറ്റത് മായ്ക്കും
മാലിനി നദിയും മാനും
ശകുന്തള,ദർഭമുന… പിന്നെ
എത്രയെത്ര പടയോട്ടങ്ങൾ.എന്റെ ഗ്രാമത്തിലെ..
കാഴ്ചകൾ കാണാൻ വന്നവരെല്ലാം
കവികളായിരുന്നു….കെ സി രാജു രാജാക്കാട്
