1 പെൺവേഷണം

കൈയും കാലും പൊക്കി ഉരുണ്ടു മറിഞ്ഞു കട്ടിലിന്റെ അറ്റത്തേക്ക് വീഴാനോങ്ങി നിന്ന കുഞ്ഞിനെ, അടുക്കളയിൽ നിന്നുള്ള, ഒരൊറ്റ നോട്ടത്തിൽക്കണ്ടു ഓടിയെത്തുമ്പോഴേക്കും സമയം പിഴച്ചിരുന്നു.നടുവും കാലും പൊന്തിപ്പിച്ചു ഉച്ചത്തിൽ കാറിനിലവിളിക്കുന്ന കുഞ്ഞിൻറെ കയ്യും കാലും തിരുമ്മി, തല മുഴച്ചിട്ടുണ്ടോ എന്ന് നോക്കി, മൂക്കിടിച്ചില്ലെന്നു ഉറപ്പിക്കുന്നതിനിടക്കുള്ള സമയത്തു മാത്രം അവളൊരു നൂറുമ്മ അവിടവിടെ കൊടുത്തിട്ടുണ്ടാകണം.ഇതിന്റെ നേരെ മൂത്തത് മൂന്നു വയസിൽ മൂന്നുറായുസിൻറെ മേടൊപ്പിച്ച മിടുക്കൻ, അടുക്കളയിലെ മേശപ്പുറത്തു വെച്ചിരിക്കുന്ന ലാപ്ടോപ്പിനടുത്തേക്ക് കിട്ടിയ നേരം കൊണ്ട് എത്തിയില്ലെന്നു കൂടി ഈ സമയത്തിനുള്ളിൽ ഉറപ്പാക്കിയപ്പോഴാണ് അവൾക്ക് ശ്വാസം വീണത്.
റീനു ….റീനുവേ ….എടി റീനു….അവസാനത്തെ വിളിയിലെ അമർഷം തെറിയായി അണപൊട്ടും മുൻപേ അവൾ ഓടി തിണ്ണയിലെത്തി .
“ ദേ കൊച്ച് അപ്പിയിട്ടു …കഴുകിക്ക് “.ലാപ് ടോപ്പിലേക്ക് നോക്കി ഗവേഷണം ചെയ്യുന്നതിനിടയിൽ ജിതിൻ നീട്ടി വിളിച്ചു.
” ജിതിന് കഴുകിച്ചുകൂടെ ഞാൻ ഒരു കാര്യം ചെയ്യുവല്ലാരുന്നോ” റീനു ന്യായം പറഞ്ഞു”.
“ഞാൻ കഴുകിയാൽ ശരിയാവില്ല അതോണ്ടാ “.
ആ ന്യായത്തിന്റെ പൊരുള് പിടികിട്ടാൻ ഒരു പി.എച്ച് .ഡി കാരിക്ക് വേറൊരു ഭൂഖണ്ഡം താണ്ടേണ്ടതില്ലാത്തത് കൊണ്ട് അവൾ ഒന്നും മിണ്ടാതെ കുഞ്ഞിനേയും എടുത്ത് ടോയ്‌ലറ്റിലേക്ക് കയറി.
കുണ്ടി കഴുകിക്കാൻ പോയ ആള് കുളിച്ചു വന്നത് കണ്ടപ്പോൾ, മകന്റെ മേട് ആസ്വദിച്ചു അയാള് ഒരു കുഞ്ഞു കടി അവന്റെ കവിളത്ത് കൊടുത്തു .
“ഈ പണി എനിക്ക് മാത്രമല്ല വശമുള്ളത് .ഞാനും ഇതൊന്നും പണ്ടേ പഠിച്ചു വന്നതല്ല. പുരോഗമനം ഫേസ് ബുക്കിൽ മാത്രം പോരാ .ഇങ്ങോട്ടും കൂടെ വേണം കേട്ടോ ” റീനു അമർഷവും തമാശയും കൂട്ടിക്കലർത്തി ഒരു പ്രതിഷേധ പ്രകടനം നടത്തി.
“സ്വന്തം നിലക്ക് ജെട്ടി പോലും കഴുകാത്ത പുരോഗമനം അല്ലേ …എന്തോ പറയാനാ ” അവൾ സ്വയം പറഞ്ഞു

.വീണു കരഞ്ഞതിനെ ഉറക്കിക്കിടത്തി മൂത്തതിനെ നോക്കി വരുമ്പോഴേക്കും നൂൽ ബന്ധമില്ലാതെ, ചുമരെല്ലാം ചിത്രകല ചെയ്തു ആ കുഞ്ഞു കലാകാരൻ നിർവൃതിയിൽ ആറാടുകയായിരുന്നു.
“വല്ലോന്റേം വീടാണ് …അയാളിന്നലേം കൂടി വന്നിട്ട് പോയതേ ഉള്ളൂ. ഇനി പെയിന്റിങ്ങും കൂടി നടത്തി കൊടുത്താലേ ഇവിടുന്നിറങ്ങാൻ പറ്റൂ .എന്ത് പണിയാടാ കാണിച്ചത് “
.നൂറാധി കയറ്റം കേറുന്ന ചിന്തയിൽ അവളുടെ ശബ്ദം കുറച്ചൊന്നു പൊന്തിപ്പോയി.
“പിള്ളേരോടാണോ കലിക്കുന്നത് .നിനക്ക് വല്ല ബോധോം ഉണ്ടോ”. ജിതിൻ ആക്രോശിച്ചു .
വിദ്യാഭ്യാസം കൊണ്ട് ഒരേ നിലയിലാണെങ്കിലും അവൾക്ക് ബോധമില്ല എന്നൊരു നിഗമനം അവൻ നേരത്തെ എടുത്ത് വെക്കും . അവളെ ആഴത്തിൽ മുറിപ്പെടുത്തുന്നത് നിനക്ക് വിവരമുണ്ടോ എന്ന സന്ദേഹം പൊതിഞ്ഞ അവന്റെ ആ ചോദ്യമാണ് .
ദേഷ്യവും സങ്കടവും കണ്ണിലെത്തി നീരൊഴുക്കും മുൻപേ മുറിയിലേക്ക് കയറി റീനു കതകടച്ചു. മുഖമമർത്തി കണ്ണിറുക്കി കിടക്കുന്ന സമയത്ത്, വന്ന വഴി അത്രയും തിരിച്ചു നടക്കാൻ അവൾക്ക് തോന്നി.
പക്ഷേ അതത്ര എളുപ്പമല്ലെന്ന് അവൾക്ക് തന്നെ അറിയാം .
ജാതി മതോം നോക്കി കല്യാണം നടത്തിയിരുന്ന വീട്ടിൽ ഒരു ഉപജാതി കല്യാണം പറയുന്നതേ റിസ്ക് ആരുന്നു. അതിന്റെ കൂട്ടത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട്, സ്ത്രീധന-രഹിത, താലി- രഹിത പുരോഗമന കല്യാണം എന്നൊരു ആശയം വെച്ചപ്പോൾ തുടങ്ങിയ കോലാഹലങ്ങളാണ്. അമ്മയും അച്ഛനും തുടങ്ങി സഹോദരങ്ങൾ ബന്ധുക്കൾ എല്ലാരേം ഇതൊന്നു പറഞ്ഞു ബോധിപ്പിക്കാൻ പെട്ടപാട് അവൾക്ക് മാത്രമറിയാം. ലിംഗ സമത്വം…… മണ്ണാംകട്ട എന്നൊക്കെ പറഞ്ഞു നടത്തിയ അപൂർവ കല്യാണമാണ് .
“എന്നിട്ടിപ്പോ എന്റെ ഗവേഷണം പിന്നാമ്പുറത്തും, അവന്റേത് ഉമ്മറത്തുമാണ്. ഒരു തരം ‘പെൺവേഷണം’ “
രോഹിത്താനന്തര ഫാസിസിസ്റ് വിരുദ്ധ പോരാട്ടങ്ങളിൽ ഒരേ സമരവീര്യവും ആവേശവും ഉണ്ടായിരുന്നവർ.
.”എത്ര വേഗത്തിലാണ് ആണത്തം ആശയങ്ങളിൽ നിന്നൊക്കെ മാറിപ്പോകുന്നത്”അവൾ പല്ലിറുക്കി .
.” അവനു നീതി ഫാസിസിസത്തിനെതിരെ ഉള്ള പോരാട്ടവും, അവൾക്ക് നിത്യജീവിതത്തിലെ വിഷയവുമായി മാറിപ്പോയിരിക്കുന്നു.”.
“പെൺവഴക്കത്തിൽ സ്ത്രീജന്യമായ എല്ലാ ഭാവങ്ങളും ഉണ്ടെന്നു അവൻ എത്ര പെട്ടന്നാണ് സ്ഥാപിച്ചെടുത്തത്”.
തിരിഞ്ഞു മറിഞ്ഞുമൊക്കെ അവൾ ആലോചിച്ചു.
ആണത്തം എത്ര വേഗത്തിലാണ് ആശയങ്ങളുടെ മേൽ അട്ടിമറി നടത്തിയത്.
പുറത്തു കോഫി ഷോപ്പിലോ പ്രതിഷേധ പ്രകടങ്ങൾക്കോ ഒക്കെ പോകുമ്പോൾ ജിതിൻറെ ഭാര്യയാണോ എന്ന് ചോദിക്കുന്നവരോട് “ഭാര്യ… അല്ല ….കൂട്ടുകാരി ,…..സഖാവ് അങ്ങനെ പറഞ്ഞാൽ മതി ” എന്നവൻ തിരുത്തും.
അപ്പോഴൊക്കെ അവള് വെള്ളിമൂങ്ങ സിനിമയിലെ മാമച്ചനെ ഓർക്കും .”പദവികളിങ്ങനെ കിട്ടിക്കൊണ്ടിരിക്കും .ഒരുകാര്യോം ഇല്ല “മാമച്ചൻ അവളുടെ കണ്ണിൽ നോക്കി കണ്ണിറുക്കും.
വാക്കുകളിൽ ആശയ വിസ്ഫോടനം നടത്തിയ ഗവേഷക കൂട്ടായ്മയിലെ ആ ചുറുചുറുക്കുള്ള ചെറുപ്പക്കാരനെ അവളിങ്ങനെ ഓർത്തെടുക്കും.അവൾക്ക് ഇത്ര എളുപ്പത്തിൽ ആശയക്കൈമാറ്റം നടത്താൻ പറ്റിയ ഒരേ ഒരാൾ അവനായിരുന്നു.

പ്ലക്കാർഡുകൾ തൂക്കി യൂണിവേഴ്സിറ്റി മെയിൻ ഗേറ്റിൽ നിൽക്കുമ്പോൾ അവന്റെ മുദ്രാവാക്യങ്ങളുടെ പ്രകമ്പനം അവളുടെ ഇടംകാലിൽ മുന്നോട്ടായാനുള്ള ഒരു തരിപ്പുണ്ടാക്കിയിരുന്നു.
“നിൻറെ അക്ഷരങ്ങൾക്ക് അഗ്നിയുടെ ചൂടുണ്ട് .വേറാരും കെടുത്താതിരിക്കാൻ നമുക്ക് ഒരുമിച്ചാലോ”എന്ന് ചോദിച്ചു കൊണ്ട് വെറുതെ നടന്നു പോയ ജിതിനെ നോക്കി നിന്നത് അവളോർത്തു.
ഒരു നിശ്വാസത്തിലേക്ക് നടന്നടുക്കും മുൻപേ വാതിലിൽ മുട്ട് തുടങ്ങി “റീനു ….റീനു ..കതകു തുറന്നെ …കൊച്ചിനെ പിടിച്ചേ …ഞാൻ വർക്ക് ചെയ്യട്ടെ “.
മുട്ടലിന്റെ തിടുക്കവും വേഗതയും കൂടിയപ്പോഴേക്കും അവൾ വാതിൽക്കൽ എത്തിയിരുന്നു. ബാറ്ററി തീർന്നു തുടങ്ങിയ ലാപ് അടുക്കളയിലെ മേശപ്പുറത്ത് കുത്തിയിട്ടു റീനു വേഗം വന്നു കുഞ്ഞിനെ എടുത്തു. കേരളത്തിലെ വനിതാ മുന്നേറ്റങ്ങളെ പറ്റിയുള്ള ഗവേഷണം ഒരടി മുന്നോട്ടു പോകാതെ വഴിയടഞ്ഞു നിൽക്കുകയാണ്. കല്യാണത്തിന് ശേഷം കണ്ട അപരിചിതനായ ജിതിനെ അവൾക്ക് ചെറിയ പേടിയും ഉണ്ടായിത്തുടങ്ങിയിരിക്കുന്നു.
” ഡീ ഞാൻ പുറത്തുപോകുകയാണ് .പുസ്തകത്തിന്റെ ഫൈനൽ പ്രൂഫ് നോക്കണം.വൈകിയേ വരത്തുള്ളൂ”.
“മ്മ്മ്മ് ….”പറയും മുൻപേ അവൾ മൂളിത്തുടങ്ങി.
“അയാളുടെ എഴുത്തുകളിൽ അപ്രത്യക്ഷമായി പോയ അവളവളെ ആര് എഴുതി വീണ്ടെടുക്കാനാണ്.രണ്ടറ്റം കൂട്ടിമുട്ടാത്ത അവളെഴുത്തുകളുടെ തിരക്കിലേക്ക് എനിക്കും പോകണ്ടേ” അവളോർത്തു .
ഉറങ്ങി എഴുന്നേറ്റ ഒരു കുഞ്ഞു മൂളലിലേക്ക് ഒക്കത്തുള്ളതിനേയും കൊണ്ട് ഓടുമ്പോൾ അവൾ പറഞ്ഞു ,
”റിസർച്ച് അല്ല ഒരു റീ സെർച്ച് ആണ് ഇനി വേണ്ടത്. ഞാൻ മറന്നു പോയ എന്നെ തന്നെയാണ് കണ്ടു പിടിക്കേണ്ടത്”.
