മൃഗശില

മഹാനഗരത്തിലെ താമസക്കാരായ ഞങ്ങള്‍ക്ക്
ആ മൃഗശാല മൂര്‍ദ്ദാവിലെ മറുകുപോലെ
മഹാ ഭാഗ്യമായിരുന്നു.
കവചിത വാഹനങ്ങളില്‍ അകത്തേക്ക് പോകുന്ന
കരിവീരന്മാരും
പുറത്തേക്കിറങ്ങുന്ന പുള്ളിപ്പുലികളും
സദാ ഗര്‍ജിക്കുന്ന സംഹങ്ങളും
കണ്ടാമൃഗങ്ങളും
പാമ്പും പറവയും
മയിലും ഒട്ടകവും, ഒന്നും തന്നെ
ഞങ്ങളെ നിരാശപ്പെടുത്തിയില്ല, ഒരിക്കലും.
ഒരനക്കവും പുറത്തേക്ക് വരാത്ത
കരിങ്കല്‍ ചുമരുകളും
ദിനോസറിനു പോലും എത്തി നോക്കാന്‍ കഴിയാത്ത
കാരിരുമ്പിന്‍ വേലികളും
പീരങ്കികള്‍ കൊണ്ട് ബലപ്പെടുത്തിയ അതിര്‍ത്തികളും
യന്ത്രത്തോക്ക് ധരിച്ച പാറാവുകാരും
റഡാര്‍ കണ്ണുകളും
ഞങ്ങളെ സങ്കടപ്പെടുത്തിയില്ല, ഒരിക്കലും.
ഇടവേളകളില്ലാതെ വന്നുപോകുന്ന സഞ്ചാരികളും
ഇടമുറിയാതെ കയറിവരുന്ന അതിഥികളും
കണ്ണിമ ചിമ്മാത്ത വാണിഭക്കാരും
വിമാനങ്ങളുടെ ഇരമ്പലും
കപ്പലുകളുടെ സൈറണ്‍വിളിയും
ഞങ്ങള്‍ക്ക് പ്രയാസമേ ഉണ്ടാക്കിയില്ല, ഒരിക്കലും.
ഒഴിവു ദിനങ്ങളില്‍
മൃഗശാലയുടെ മഹത്തായ ചത്വരത്തില്‍
ഞങ്ങള്‍ ഒന്നിച്ചുകൂടി
പ്രമുഖരുടെ പ്രഭാഷണങ്ങള്‍ കേട്ടു,
പുണ്യതീര്‍ത്ഥം കുടിച്ചു,
ധ്വജപ്രതിജ്ഞയെടുത്തു,
വികാര തീവ്രതയില്‍ പുല്ലിംഗങ്ങള്‍ ഉയര്‍ത്തി
രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.

II
ആട്ടിടയരായിരുന്നു ഞങ്ങള്‍.
ഒരാടിനെ നിത്യവും മൃഗശാലയ്ക്ക് നല്‍കി
രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളായി ഞങ്ങള്‍.
തിരിച്ചുവരില്ലെന്ന ഉറപ്പോടെ തിരിഞ്ഞുനോക്കുന്ന
ആടുകളുടെ മുഖമായിരുന്നു ഞങ്ങള്‍ക്കും.
അതിനാല്‍ മുഖം മറച്ച്
സുഖമുള്ള പാദരക്ഷകള്‍ അണിയിച്ച്
മണമുള്ള ലേപനങ്ങള്‍ പുരട്ടി
ഞങ്ങള്‍ ആടുകളെ മുമ്പോട്ട് നയിച്ചു
അവര്‍ രാഷ്ട്രഭാഷയില്‍ കരഞ്ഞ്
മരണത്തിലേക്ക് കയറിപ്പോയി.

III
മൃഗശാലയുടെ മന്ത്രിയുടെ സായാഹ്ന പത്രസമ്മേളനം
ജനപ്രീതിയില്‍ മുമ്പിലായിരുന്നു.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി
മുട്ടയിടുന്ന ആനകളെ സൃഷ്ടിച്ച വാര്‍ത്ത കേട്ട്
അമേരിക്കയുടെ വാനനയനം
ഞങ്ങള്‍ക്കുനേരെ തിരിഞ്ഞു,
ചൈന ചാരജീവികളെ അയച്ചു
വിദേശ ചാനലുകള്‍ ചിന്നം വിളിച്ചു…
മൃഗശാലയുടെ മുദ്രപതിപ്പിച്ച കൊടികളുമായി
ഞങ്ങളുടെ കുട്ടികള്‍
നഗരവീഥികളിലൂടെ മാര്‍ച്ച് ചെയ്ത് പകരംവീട്ടി.
സ്ത്രീകള്‍ മൃഗക്കൊഴുപ്പിലുണ്ടായി
മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു,
ആണുങ്ങള്‍ നാലുകാലില്‍
ദേശീയ നൃത്തം ചവുട്ടി.

IV
പെട്ടെന്നങ്ങനെയൊരുനാള്‍
നഗരവധുവിന് പനിവന്നു.
കണ്ണുകള്‍ തുറക്കാതായി,
വിരുന്നുകാരും വീട്ടുകാരും അന്ധരായി,
കാറ്റ് നൂറ്റഞ്ച് ഡിഗ്രിയില്‍ പറന്നുനടന്നു ,
വെളിച്ചം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി.
മൃഗശാലയുടെ പടവുകളില്‍
ലോകപ്രസിദ്ധരായ ഭിഷഗ്വരന്മാര്‍
അന്തംവിട്ടുനിന്നു,
ഭയം വാതിലുകള്‍ വലിച്ചടച്ചു,
ഇരുട്ട് ഇരുട്ടിനെ പൊത്തിപ്പിടിച്ചു.
അന്ധത ഒരു രോഗമാണോ ഡോക്ടര്‍?
മൃഗശാലയ്ക്കുമുമ്പില്‍ വരിനിന്ന കുട്ടി ചോദിച്ചു
തൊടുന്നതെല്ലാം കല്ലാണെന്ന്
ആരോ പിറുപിറുത്തു
വെടിയുണ്ടകള്‍ മാത്രം പാഞ്ഞു നടന്നു.
V
അന്ധരുടെ ആ മഹാനഗരത്തിന്
ആരോ മൃഗശില എന്ന് പേരിട്ടു.
ഞാന്‍ വരുന്നത് ആ നഗരത്തില്‍ നിന്നാണ്
എന്നെ പുറത്താക്കരുത്..
—–///
എം. സുരേഷ് ബാബു