കടപ്പാട്
ജനയുഗം ദിനപത്രം
വടക്കൻ പാട്ടിന്റെ ഇണക്കമുള്ള ഗദ്യത്തിലാണ് നന്ദനൻ കവിത എഴുതുന്നത്.നാട്ടുവഴിയിലൂടെ നടന്നു പോകുന്നൊരാളെ തൊട്ടു നിർത്തി ലോഗ്യം കൂടുന്ന നാട്ടുകവിതകളാണത്. ലോഗ്യം കൂടിയാൽ തോളിൽ കൈയിട്ട് കൂടെ നടന്നു തുടങ്ങുന്ന നാട്ടു മൊഴിധ്വനികൾ. കലങ്ങിയും തെളിഞ്ഞുമൊഴുകുന്ന മുടിക്കൽപ്പുഴയുടെ ജലവിതാനത്തിലേക്കെന്നപോലെ നമുക്കാകവിതയിലേക്കു നോക്കി നിൽക്കാം. അപ്പോൾ പുഴയ്ക്കു കുറുകെ അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊഴുകുന്ന നാട്ടു ജീവിതത്തോണിയും അതിന്റെ കരയും പടർപ്പുകളും ഇടവഴിയും അരികിലൂടെ കടന്നുപോകുന്ന റോഡും പുഴയുടെ മണമുളള നാൽക്കവലയും അവിടെ നിന്ന് മുകളിലേക്കുള്ള കയറ്റവും മലകളും കുറുക്കനും പാവം പാമ്പുകളും പാർക്കുന്ന, പെണ്ണുങ്ങൾ പുല്ലരിയുന്ന, വീട്ടിലെ ആടുകൾ മേയുന്ന പുൽക്കാടുകളും തെളിഞ്ഞു തെളിഞ്ഞു വരും. കവിത പോലെ.

ഏതുകാലത്തിലും സന്ദിഗ്ദ്ധമായ മയിമ്പുനേരങ്ങളും ഇരുട്ടും ആഗതമായേക്കും. അവിടങ്ങളിൽ പതിയിരിക്കുന്ന വിഷപ്പാമ്പുകളുണ്ടാകും അതിനെ കരുതിയിരിക്കുക എന്നു പറയാതെ പറയുന്നുണ്ട് ഈ കവിതകൾ.നാട്ടുനന്മയുടെ ചൂട്ടുവെളിച്ചം പകരുന്ന ഈ രാഷ്ട്രീയമാണ് നന്ദനന്റെ കവിതയുടെ രാഷ്ട്രീയത. നാട്ടിടവഴികളിൽ കാണുന്ന യഥാർത്ഥപാമ്പുകളുടെ പാവത്തം തിരിച്ചറയണമെന്ന പ്രകൃതി ബോധമാണ് ഈ കവിതകൾ മുറുകെപ്പിടിക്കുന്ന പ്രകൃതിബോധം.
“അവ നിൽക്കാൻ പറഞ്ഞാൽ നിൽക്കും. പോകാൻ പറഞ്ഞാൽ പോകും. ഇരുട്ട് അവയുടെ പ്രകൃതിയാണ് അവ ഇരുട്ടുവാൻ കാത്തു നിൽക്കുകയല്ല. “.നാട്ടിടവഴികളിലും പുൽക്കൂട്ടങ്ങൾക്കിടയിലും കാണുന്ന പാമ്പുകളെക്കുറിച്ചുള്ള
അക്കാര്യമാണ് “പെരുമ്പാമ്പ്” എന്ന കവിതയിൽ പുല്ലരിയാൻ പോകാറുള്ള മാതുവമ്മ പറയുന്നത്.”
അതൊരു പാവം പാമ്പേനുംന്ന്” അതിനെ കൊല്ലരുതായിരുന്നു എന്ന്. ഭൂമിയുടെ അവകാശികൾ എന്ന കഥയിൽ സഖാവ് മൂർഖൻ എന്ന പേരിൽ ഈ പാമ്പിനെത്തന്നെയാണ് ബഷീർ മറ്റൊരു രൂപത്തിൽ ചേർത്തുപിടിക്കുന്നത്. പാരസ്പര്യം എന്ന ആശയത്തിൽ നിന്നുണ്ടാകുന്നതാണിത്തരം ചിന്തകൾ.
മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഇണക്കത്തിൽ നിന്ന്.
വായനക്കാരെ ഇത്തരം ഇണക്കങ്ങളിലേക്കു കൊണ്ടുപോകുന്നൊരു മാന്ത്രികത ഈ കവിതകളിലുടനീളമുണ്ട്.കവിതയിലൂടെയുളെളാരു കുട്ടിച്ചാത്തൻ സേവ പോലെ.
ചിന്തകൾ തന്നെയാണ് കവിത എന്ന് ഈ സമാഹാരത്തിലെ ആദ്യ കവിത നമ്മോടു പറയുന്നു. മുരിങ്ങോളി കുമാരേട്ടൻ കവിതയ്ക്കു കൊടുത്ത പേരാണ് ചിന്ത. “ഞാൻ ചിന്തിക്കുന്നു അതിനാൽ ഞാൻ നിലനിൽക്കുന്നു “. ഈ ആശയം നന്ദനനെ സംബന്ധിച്ച് തന്റെ നാട്ടിൻപുറത്തെപ്പറ്റി അയാൾ ചിന്തിക്കുന്നു.അതിനാൽ അയാളിൽ കവിത കായ്ക്കുന്നു എന്നു പറയാം. അതിനാൽ അയാൾ നിലനിൽക്കുമെന്നും.
മുടിക്കൽപ്പുഴ എന്ന ആദ്യ കവിതസമാഹാരത്തിൽ നിന്ന് നന്ദനൻ മുള്ളമ്പത്ത് കോമാങ്ങ എന്ന സമാഹാരത്തിലേക്കെത്തുമ്പോൾ ഏറ ങ്കോട്ടു മലയിലെ കോമാങ്ങയുടെ മണവും സുഖവുമെല്ലാമുള്ള പുതു കവിതകൾ മലയാള കവിതയുടെ ശേഖരമാവുന്നു.
“എന്തൊരു മണേനും
എന്തൊരു സുഖേനും
ഏറങ്കോട്ടുമലേലെ
ആ കോമാങ്ങ.”
നാട്ടു പരിസരങ്ങളിലെ ഓർമ്മകളെ കവിതയാക്കുകയാണ് നന്ദനൻ. പുളിയും മധുരവും ചവർപ്പുമുള്ള ജീവിത സന്ദർഭങ്ങളുടെ ഓർമ്മ കൂടിയാണത്.സുഖം എന്ന സങ്കൽപവും മനുഷ്യചരിത്രത്തിൽ പലതായിത്തന്നെയാണ് പ്രവർത്തിച്ചതെന്നും ഈ കവിത അടയാളപ്പെടുത്തും. ഈ കവിത സുരേശന്റെയും സുഷമയുടെയും ഓർമ്മ കൂടിയാണ്.നിസ്വമായ നാട്ടിൻപുറത്തെ കൗമാരങ്ങളുടെ പ്രതിനിധികളാണവർ.പരസ്പരം തളിർപ്പിക്കുകയും പ്രണയത്തിലാവുകയും കാമനകളുടെ ചുനമണത്താൽ ഉപരിപ്ലവമായ രതിഭാവങ്ങളിൽ ആശ്ലേഷം കൊളളുകയും ചെയ്തിരുന്ന മാമ്പഴക്കാലത്തെ കൗമാരക്കാർ.
അവരന്നാസ്വദിച്ച രതിമാമ്പഴത്തിന്റെ ഭാഷാവിഷ്ക്കാരം കൂടിയായി വായിക്കാം കോമാങ്ങ എന്ന കവിത.
മയിമ്പുനേരങ്ങളിൽ നാട്ടുവെയിൽ മലയിറങ്ങിപ്പോകുന്നത് കണ്ട് വിഷാദത്തിലാകുന്നവർ കൂടിയായിരിക്കണമവർ.ആ വിഷാദം വിടാതെ തുടരുന്നതിനാലാണ് കോമാങ്ങ അവർക്കിടയിലിപ്പോഴും സുഖമുള്ളൊരോർമ്മയായി അവശേഷിക്കുന്നതും.
ഭാഷയും പ്രമേയവും പോലെ തന്നെ നാട്ടുമൊഴിയിൽ പൊതിഞ്ഞ നർമ്മങ്ങളാണ് നന്ദനൻ മുള്ളമ്പത്തിന്റെ കവിതകൾ വേറൊരു ജനുസ്സാണ് എന്ന് തിരിച്ചറിയിക്കുന്ന ഐഡന്റിറ്റി മാർക്കുകൾ. കവിയുടെ ജീവിത പരിസരങ്ങളിൽ നിന്നുള്ള നാട്ടുതമാശകളാണത്. കഥയിലും നോവലിലുമെല്ലാം ഇത്തരം തമാശകൾ ചേർത്തു നിർത്താൻ കഴിയുന്നതു പോലെ കവിതയിൽ സാധ്യമാവുക അത്ര എളുപ്പമല്ല. പക്ഷേ സ്വർണ്ണപ്പണിക്കാരൻ ആഭരണം ബലപ്പെടുത്താൻ ചെമ്പു നൂലുകൾ വിളക്കി ചേർക്കുന്നതു പോലെ ആ തമാശകൾ തന്റെ കവിതകൾക്ക് ബലമായി നന്ദനൻ വിളക്കിച്ചേർക്കുന്നു. നർമ്മം കലർന്ന ആ കവിതകൾ അനായാസമായി വായിച്ചു പോകുന്ന വായനക്കാർക്ക് പക്ഷേ ചിരി പടർന്ന് കവിതയിൽ നിന്നും പെട്ടെന്ന് തിരിച്ചു നടക്കാൻ കഴിയണമെന്നില്ല. എങ്ങോട്ടേക്കെല്ലാമോ കുറേ ആലോചിച്ച് നടന്നു പോകാനുളള ചിരിയുടെ തുടക്കം മാത്രമായിരിക്കുമത്.
ചിന്തകളുടെ എടങ്ങാറുകളിലേക്കുള്ള യാത്രയുടെ തുടക്കം. വായിച്ചാസ്വദിക്കാനും ചിന്തിക്കാനുമുള്ളവ.
അരിഞ്ഞിട്ട ചക്കയും മരണവും മുഖാമുഖം നിൽക്കുന്ന കവിത മലയാളത്തിന് മുമ്പ് പരിചയമില്ലാത്തതാണ്. "അരിഞ്ഞിട്ട ചക്ക വെറുതെയാക്കരുത് " എന്ന ഈ സമാഹാരത്തിലെ കവിത അത്തരത്തിലൊന്നാണ്. അരിഞ്ഞിട്ട ചക്കയും അതിന്റെ അന്തരീക്ഷവും സന്തോഷത്തിന്റെയും സ്വപ്നത്തിന്റെയും ഗന്ധങ്ങളിലേക്കുള്ള വിളിയാണ്. മരിച്ച വിവരം അറിയിക്കൽ മൂകതയുടെയും വേർപാടിന്റെയും യഥാർത്ഥ്യത്തിന്റെയും വിഫല സ്വപ്നത്തിന്റെയും അടയാളമാണ്. ആ അന്തരീക്ഷത്തെയാകെ ഇരുട്ടിലാക്കിക്കളയാനുള്ള ഭാഷ മരണ വിവരം അറിയിക്കാൻ വരുന്ന പവിത്രനിൽ നിന്ന് അയാളറിയാതെ ചോർന്നുപോകുന്നു.അയാൾ മയിമ്പു നേരങ്ങിൽ ബാക്കിയാവുന്ന നാട്ടുവെയിലാണ്.ജൈവികമായൊരു ശുദ്ധത അയാളിൽ നീക്കിയിരിപ്പായുളളതു കൊണ്ടു കൂടിയാണത്. ചെത്തിയിട്ട ചക്ക വെറുതെയാകരുത് എന്ന് കൃത്യമായ ബോധ്യമുള്ള മനുഷ്യനാണയാൾ. ശരിയും തെറ്റും ചിന്തിച്ച് അസ്വസ്ഥമാകുന്ന മനുഷ്യാകങ്ങളെ അയാൾ ഒന്നുകൂടി പിടിച്ചുലയ്ക്കാനിടയുണ്ട്. ഈ കവിതയിലെ ശശില തന്റെ അച്ഛന്റെ മരണം എന്ന യാഥാർത്ഥ്യവുമായി അഭിമുഖം നിൽക്കാൻ പോവുകയാണ്. ഒരു പക്ഷെ പ്രിയപ്പെട്ട ഒരാളുടെ മരണം തുടർന്നുളള ഒരാളുടെ ജീവിതത്തെ ഏതെല്ലാം രീതിയിലായിരിക്കും ബാധിക്കുക എന്നത് മരണം പോലെ തന്നെ ആർക്കും നിശ്ചയമില്ലാത്ത ഒന്നാണ്.മനുഷ്യമനസ്സിന്റെ സങ്കീർണ്ണതയുമായി ബന്ധപ്പെട്ട വിഷയം കൂടിയാണത്. അതുകൊണ്ട് തന്നെ ഒരു വലിയ സങ്കടത്തിനു മുന്നിൽ ആഗതമായി നിൽക്കുന്ന ചെത്തിയിട്ട ചക്കയുടെ നാട്ടുവെളിച്ചത്തെ കെടുത്തിക്കളഞ്ഞുകൂട എന്ന് പവിത്രന് ഒരുൾവിളിയുണ്ടാവുന്നു.ഒരർത്ഥത്തിൽ ശശിലയോട് പവിത്രനുള്ള അങ്ങേയറ്റം നിഷ്കളങ്കമായ പ്രണയത്തിന്റെ ആവിഷ്കാരം കൂടിയായത് മാറുന്നു. മലയാള കവിതയിൽ നന്ദനൻ എന്ന കവി എന്താണ് ചെയ്തത് എന്നതിന്റെ ഉത്തമ മാതൃകകളിൽ ഒന്നു കൂടിയാണ് ഈ കവിത. പുതുകവിത മലയാളത്തിൽ എങ്ങനെയെല്ലാം ഇടപെടുന്നു എന്നതിനും.
മുപ്പതോളം കവിതകൾ ഉൾക്കൊള്ളുന്ന ചെറു സമാഹാരമാണ് കോമാങ്ങ. മരിക്കാൻ കിടക്കുന്ന ഉണിച്ചിരയുടെ ഓർമ്മകൾ നിറയുന്ന 'കുടുക്ക', കണ്ണുകളിൽ നനവു പൊള്ളി പരസ്പരം മാറിക്കിടന്ന കവിത പറയുന്ന 'രണ്ടു പെണ്ണുങ്ങൾ', നാട്ടുജീവിതത്തിന് അപരിചിതമായ ജീവിതം പങ്കുവെയ്ക്കുന്ന 'മൈഥിലി',അങ്ങനെ ഏറെയുണ്ട് വായനക്കാർക്ക് ആലോചിച്ചിരിക്കാനുള്ള കവിതകൾ ഈ സമാഹാരത്തിൽ.
“മുറ്റത്തിനപ്പുറം
മുരിങ്ങാമരങ്ങളുടെ
പച്ചനിറഞ്ഞ പറമ്പിൽ
പകൽ പിന്നെയും തെളിയുകയാണ് ” –
എന്ന് ‘വിചാരിക്കുമ്പോലെയല്ല’എന്ന കവിതയിൽ നന്ദനൻ മുള്ളമ്പത്ത് കണ്ടതു പോലെ കാണാൻ കഴിയുമ്പോൾ ഈ കവിതകൾ നമുക്ക് വെളിച്ചത്തിലേക്കുളള പടവുകളായിത്തീരുന്നു.

എം.പി. അനസ്