കോവിലിൻ മുന്നിൽ
നട തുറക്കുന്നതും കാത്ത്
അക്കയിരിക്കുമ്പോൾ
ചെന്നമല്ലികാർജ്ജുനൻ
രഹസ്യവാതിൽ തുറന്നു പുറത്തേക്ക് കടക്കും
അവൻ പോയെന്നറിഞ്ഞ്
അവൾ കാടാകെ നാടാകെ
പരതിയുഴറി നടക്കുമ്പോൾ
അവൻ രഹസ്യവാതിൽ തുറന്ന്
ശ്രീ കോവിലിൽക്കയറി
നടയടച്ചിരിക്കും
അക്ക കാണില്ല അവനെ
ഒരിക്കലും,
ആയുസ്സിലൊരിക്കലും