കഥകളിൽ തെളിയുന്ന ദേശഭൂപടങ്ങൾ
- ആസിഫ് കൂരിയാട് ** ** **
നിധീഷ്. ജി യുടെ ‘താമരമുക്ക് ‘ എന്ന കഥാസമാഹാരം അദ്ദേഹം സമർപ്പിച്ചിരിക്കുന്നത് സ്വന്തം നാടിനാണ്.നാട് / ദേശം / ഇടം / സ്ഥലം/ പ്രദേശം എല്ലാകാലത്തും എഴുത്തുകാരെ സ്വാധീനിച്ചിട്ടുള്ള ഘടകങ്ങളിലൊന്നാണ്. ദേശത്തെ ആഖ്യാനം ചെയ്യുവാനുള്ള സാഹിത്യകാരന്മാരുടെ ശ്രമങ്ങൾ ലോക സാഹിത്യത്തിൽ മാത്രമല്ല ഇങ്ങ് മലയാളസാഹിത്യത്തിൽ പോലും കാണാവുന്നതാണ്.സ്ഥലഭാവന മുൻനിർത്തി രചിക്കപ്പെട്ടിട്ടുള്ള അനവധി രചനകൾ സാഹിത്യത്തിൽ നിന്ന് നമുക്ക് കണ്ടെടുക്കാം. എഴുത്തുകാർ ആവിഷ്കരിക്കുന്ന സ്ഥലം യഥാർത്ഥമോ സങ്കൽപ്പിക്കുന്നതോ ആവാം.നാം ജീവിക്കുന്ന ഇടം(space) നമ്മെ ഓരോരുത്തരെയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണല്ലോ? ഇരുപതാം നൂറ്റാണ്ടിലെ ചിന്തകനായ ഹെൻറി ലെഫബറെ(Henry Lefebvre) ഭാവനാസ്ഥലം( Imagined space) സാംസ്കാരിക സ്ഥലം(cultural space) എന്നിവയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. യഥാർത്ഥമോ കല്പിതമോ ആയ സ്ഥലരാശി സാഹിത്യത്തിൽ ഉടനീളം കാണാം. മക്കോണ്ട (മാർക്വിസ് ) മാൽഗുഡി(ആർ.കെ.നാരയൺ)മുതൽ ഇങ്ങ് മലയാളത്തിൽ ഖസാക്കും കുട്ടനാടും തച്ചനക്കരയും പാണ്ഡവ പുരവും കോക്കാഞ്ചിറയും തക്ഷൻകുന്നും ഉൾപ്പെടെ അനവധി സ്ഥലങ്ങളും ദേശങ്ങളും കണ്ടെടുക്കാൻ സാധിക്കും. നിധീഷ് ജി യുടെ ‘താമരമുക്ക്’ എന്ന കഥാസമാഹാരത്തിലേക്ക് വന്നാൽ ദേശം പ്രമേയമാകുന്ന പത്ത് കഥകളുടെ സമ്പുടമാണ് ഈ കൃതി.താമരമുക്ക് , ക്ലാപ്പന, ഘണ്ടർണ്ണങ്കാവ്, അകത്തൂട്ട് ചന്ത, പടനായർക്കുളങ്ങര, തഴവ, തൊറെക്കടവ്, പുള്ളിമാൻ ജങ്ഷൻ, ആയിരംതെങ്ങ്, കന്നേറ്റിപ്പാലം എന്നിവയാണ് ആ കഥകൾ . എല്ലാം സ്ഥലനാമങ്ങളാണ് . ഒരു കഥയിൽ തന്നെ ഈ കഥാസമാഹാരത്തിലെ മറ്റു ദേശങ്ങളും കഥാപാത്രങ്ങളും പരാമർശിക്കപ്പെടുന്നത് കാണാം.

ഈ കഥാ സമാഹാരത്തിലെ ആദ്യ കഥയാണ് താമരമുക്ക് . അയ്യത്തമ്മ, കരടി സതീശൻ ,ആഖ്യാതാവ് എന്നീ മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അയ്യങ്കവല എന്ന പ്രദേശം താമരമുക്കായി പരിണമിക്കുന്നതിന്റെ ആഖ്യാനമാണ് ഈ കഥയെന്ന് പറയാം.ചായക്കടകളും മുറുക്കാൻ കടകളും പലചരക്ക് കടയും ബാർബർഷോപ്പും പൊടി മില്ലും എല്ലാം ചേർന്ന നാടായിരുന്നു അയ്യങ്കവല . ഈ നാട്ടിലെ മുഖ്യ കഥാപാത്രമായിരുന്നു അയ്യത്തമ്മ . കൃഷിചെയ്തും ചാരായം കുടിച്ചും ജീവിക്കുന്ന അവരെ മിക്ക ആളുകൾക്കും ഭയമായിരുന്നു. പെട്ടെന്നാണ് അയ്യങ്കവല ബസ്റ്റോപ്പ് താമരമുക്ക് ആയി പരിണമിച്ചത്. അതുവരെ സമാധാനാന്തരീക്ഷം നിലനിന്നിരുന്ന പ്രദേശം പിന്നീട് വിദ്വേഷവും ലഹളകളും നിറഞ്ഞ ഇടമായി മാറി.ചരിത്രത്തിന്റെ ഈ കീഴ്മറിയലിനെ അവർ മുന്നേ തിരിച്ചറിയുന്നുണ്ട് അയ്യത്തമ്മ എന്ന കഥാപാത്രം കരടി സതീശനുമായി ഏറ്റുമുട്ടുന്നു. പിന്നീട് ആഖ്യാതാവാണ് കരടി സതീഷനെ വകവരുത്തുന്നത്.കൃത്യമായ രാഷ്ട്രീയം പറഞ്ഞ് വെക്കുന്ന കഥയാണ് താമരമുക്ക് . അധീശ വർഗ്ഗത്തിന്റെയും ഭരണാധികാരികളുടെയും ഗൂഢതന്ത്രങ്ങളാണ് അയ്യങ്കവലയെ താമര മുക്കാക്കി മാറ്റുന്നത്. അധീശ വർഗ്ഗത്തിന്റെയും ഭരണാധികാരികളുടെയും ഗൂഢതന്ത്രമാണ് അയ്യങ്കവലയെ താമരമുക്ക് ആക്കി മാറ്റുന്നത് .അതിനിവേശത്തിന്റെ കടന്നുവരവ് തന്നെയാണിത് .കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ ചരിത്രവും പാഠപുസ്തകങ്ങളും വരെ തിരുത്തി എഴുതിക്കൊണ്ടിരിക്കുകയാണ് ഭരണകൂടം .മൂന്നാല് വർഷങ്ങൾക്കിടയിൽ 25 ലധികം സ്ഥലങ്ങളുടെ പെരുമാറ്റത്തിനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുള്ളത്.ഇവയിൽ നഗരങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും റോഡുകളും റെയിൽവേ സ്റ്റേഷനുകളും വരെ ഉൾപ്പെടും.ഒറീസ ഒഡീസയായതും അലഹബാദ് പ്രയാഗ് രാജ് ആയതും ഫൈസാബാദ് അയോധ്യയായി മാറിയതും അഹമ്മദാബാദ് കർണാവതി ആയി മാറിയതും എല്ലാം ചില ഉദാഹരണങ്ങൾ മാത്രം. അയ്യങ്കാവ് താമരമുക്ക് ആയി പരിണമിക്കുമ്പോൾ പ്രതികരിക്കുന്നത് അയ്യത്തമ്മ മാത്രമാണ്. അവൾ ഊർജ്ജസ്വലയും കരുത്തുമുള്ള സ്ത്രീയാണ്. അവർ തുടങ്ങിവച്ച പോരാട്ടം ആഖ്യാതാവ് തുടരുന്നു.

ഈ കഥാസമാഹാരത്തിലെ തന്നെ ഏറ്റവും മികച്ച കഥകളിൽ ഒന്നാണ് ക്ലാപ്പന സൗഹാർദവും പ്രതികാരവും പ്രണയവുമെല്ലാം സമന്വയിക്കുന്ന ഈ കഥയിലെ കഥാപാത്രങ്ങൾ വസുമതി നാണുവച്ചൻ ദേവസി കാർഡോസ് എന്നിവരാണ്.ക്ലാപ്പന എന്ന പ്രദേശത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് കഥ വികസിക്കുന്നത്. ആ സ്ഥലത്തെപ്പറ്റി കഥാകൃത്ത് ഇങ്ങനെ എഴുതുന്നു. “ദേണ്ടേ, നോക്കിക്കേ.. ആ ഒറ്റപ്പന കണ്ടോ ? അതാണ് കാളപ്പന. ഇപ്പൊ അതു മാത്രമേയൊള്ള് . പണ്ട് അവിടെ മൊത്തം പനകളായിരുന്നു. ഇവിടുത്തെ പാടങ്ങളൊക്കെ നെൽപ്പാടങ്ങളാക്കിയത് അക്കാലത്ത് തെക്കു ദേശത്തും നിന്നു വന്നുകൊണ്ടിരിക്കുന്ന കാളക്കാരാ … എല്ലാ കണ്ടങ്ങളും ഉഴുതുമറിച്ചു തീരുന്നവരെ അവർ ഇവിടെ തമ്പടിക്കും. കാളകളെ പനകളിൽ കെട്ടിയിട്ടും ” . -അങ്ങനെയാണ് കാളപ്പന ക്ലാപ്പനയായി മാറിയത്. ജേക്കബ് , നാണുവച്ചൻ , വസുമതി എന്നിവരിലൂടെ വികസിക്കുന്ന ആഖ്യാനമാണ് കഥയുടേത്. ജേക്കബും നാണുവച്ചനും തമ്മിലുള്ള സൗഹൃദവും അവരുടെ ജീവിതത്തിലേക്ക് വസുമതി കടന്നുവരുന്നതും ശേഷം സംഭവിക്കുന്ന ആകസ്മികമായ സംഭവങ്ങളുമാണ് കഥയുടെ ചുരുക്കം.കുമാരനാശാന്റെ ‘കരുണ’ എന്ന കവിതയിലെ വരികളിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. കരുണയിലെ വാസവദത്തയുമായി വസുമതിക്കും ഉപഗുപ്തനുമായി നാണു വച്ചനും ബന്ധം കാണാം. ആണധികാരത്തിന്റെ ബാക്കിപത്രമാണ് ഇതിലെ വസുമതി എന്ന സ്ത്രീ . ക്ലാപ്പന എന്ന നാടിൻറെ പശ്ചാത്തലത്തിൽ ഗ്രാമീണ മനുഷ്യരുടെ ജീവിതം പറയുകയാണ് കഥാകൃത്ത് .

സമാഹാരത്തിലെ മൂന്നാമത്തെ കഥയാണ് ഘണ്ടർണ്ണങ്കാവ്.സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്യുന്ന നിധീഷ് തന്റെ തൊഴിൽ പശ്ചാത്തലത്തിൽനിന്ന് രൂപപ്പെടുത്തിയെടുത്തതാവാം ഒരുപക്ഷേ ഈ കഥാതന്തു. സംഘ് അനുഭാവികളും ശാഖാ പശ്ചാത്തലവുമള്ള രണ്ട് പോലീസുകാർ ജോലിക്കിടെ നഷ്ടപ്പെട്ട തങ്ങളുടെ പിസ്റ്റളിന് പകരം മറ്റൊന്ന് കണ്ടെത്തുന്നതിനായി കണ്ഠകർണൻ കാവിലെ ആയുധ കച്ചവടക്കാരനായ ഒരു സ്വാമിയെ കാണാൻ പോകുന്നതും തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളുമാണ് കഥയുടെ ഉള്ളടക്കം. കനമേറിയ പള്ളികൾ ചുറ്റിപ്പിണഞ്ഞു ഉള്ളത് കണ്ടകർണൻ പശ്ചാത്തലത്തിലാണ് കഥ രൂപപ്പെട്ടിട്ടുള്ളത്. കേരളത്തിലെ ഈഴവ സമുദായ കുടുംബം പാരമ്പര്യമായി ആരാധിക്കുന്ന മൂർത്തിയാണ് കണ്ഠകർണ്ണൻ .ദുഷ്ട ശക്തികളിൽ നിന്നും രക്ഷ നേടുന്നതിനാണ് ഈ മൂർത്തിയെ ആരാധിക്കുന്നത്. ദാരികൻ – പരമശിവൻ -കാളി എന്നിവരുമായി ചേർന്ന് നിൽക്കുന്ന കഥകളും ഈ മൂർത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ ഉണ്ട് . വസൂരിനാശകനായാണ് പൊതുവേ കണ്ഠകർണനെ കാണുന്നത്.വിരോധം ഉണ്ടാക്കുന്ന കാലങ്ങളിൽ മനുഷ്യരുടെ അടുത്തേക്ക് ഭദ്രകാളി അയക്കുന്ന വസൂരിമാലയാണ് വസൂരി രോഗം ഉണ്ടാക്കുന്നതത്രെ. – കണ്ഠകർണന്റെ കോപം കഥാന്ത്യത്തിൽ കഥാനായകനെ ബാധിക്കുന്ന രീതിയിൽ ഫാന്റസിയിലാണ് കഥയവസാനിക്കുന്നത്.ഫാസിസ്റ്റ് -സംഘ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട സൂചനകൾ കഥയ്ക്ക് മറ്റൊരു മാനം നൽകുന്നു.
ഒമ്പതാം ക്ലാസുകാരനായ വിഷ്ണു എന്ന കഥാപാത്രത്തിലൂടെയാണ് അകത്തൂട്ട് ചന്ത എന്ന കഥ ആഖ്യാനം ചെയ്തിട്ടുള്ളത്. ചന്തയിൽ വച്ച് സജയൻ എന്ന ആന ഇടയുന്നതും മറൂറി മാധവൻ ആനയെ തളക്കുന്നതും പിന്നീട് അയാളുടെ മരണവും എല്ലാം പരാമർശിക്കപ്പെടുന്നു. ഒരുകാലത്ത് സൈദ് റാവുത്തർ നടത്തിയിരുന്ന ചന്ത പിന്നീട് ദാമോദരൻ പിള്ള വശത്താക്കുന്നതും ശേഷം ആ പ്രദേശത്തിന് വരുന്ന മാറ്റവുമെല്ലാം ചന്തയുടെ പശ്ചാത്തലത്തിൽ നിധീഷ് വരച്ചിട്ടുന്നു.പടനായർകുളങ്ങര എന്ന കഥയിലും മാനസിക വിഭ്രാന്തിയുള്ള ഭരതൻനായർ എന്ന കഥാപാത്രത്തിലൂടെ സമൂഹത്തിലെ ഞെട്ടിക്കുന്ന ചില യാഥാർത്ഥ്യങ്ങളിലേക്ക് വായനക്കാരെ കഥാകൃത്ത് കൊണ്ടുപോകുന്നു.കവർച്ചക്കാരൻ , പോലീസുകാരൻ ,പാട്ടുകാരൻ , തുന്നൽക്കാരൻ എന്നീ കഥാപാത്രങ്ങളിലൂടെ വ്യാപാര കേന്ദ്രമായ തൊറേക്കടവിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്നതാണ് അതേ പേരിലുള്ള കഥ .വേറിട്ട ആഖ്യാനം ഈ കഥയുടെ സവിശേഷതയാണ്. സമൂഹത്തെയും വ്യക്തികളെയും പിടികൂടിയിരിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയം തന്നെയാണ് ആയിരംതെങ്ങ് എന്ന കഥയുടേയും ഇതിവൃത്തം.ഈ കഥാസമാഹാരത്തിലെ പത്ത് കഥകളും അതാത് ദേശത്തോട് ചേർത്തുനിർത്തി കൊണ്ടാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. നിശ്ചിതമായ കഥയേയും കഥാപാത്രങ്ങളെയും ഓരോ ദേശത്തോടും വിളക്കി ചേർക്കുകയോ ദേശത്തെ മുൻകൂട്ടി നിശ്ചയിച്ച് കഥാപരിസരവും കഥയും കഥാപാത്രങ്ങളും അതിലേക്ക് ആവാഹിക്കുകയോ ചെയ്യുന്ന രീതിയാണ് നിധീഷ് സ്വീകരിക്കുന്നത്.
ഈ സമാഹാരത്തിലെ പത്ത് കഥകളിലൂടെയും കടന്നുപോകുമ്പോൾ മനസ്സിലാകുന്ന കാര്യം ദേശത്തെ എഴുതുകയാണ് കഥാകൃത്ത് ചെയ്യുന്നത് എന്നതാണ്.ദേശമെഴുത്ത് അല്ലെങ്കിൽ നാട്ടെഴുത്തുകൾ എന്ന് ഈ കഥകളെ വിളിക്കാം. നാട്ടുമ്പുറജീവിതം കഥയിൽ തെളിയുന്നു .വേണാട് ദേശത്തിന്റെ അതിർത്തിയും ഓണാട്ടുകരയുടെ തെക്കൻ ഭാഗങ്ങളും അവിടത്തെ ഭാഷയും സംസ്കാരവും രാഷ്ട്രീയവും എല്ലാം കഥകളിൽ നിറഞ്ഞു നിൽക്കുന്നു .സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് നിധീഷ് പറഞ്ഞുവെക്കുന്നത്. അതിൽ വിധവകളുണ്ട് , കള്ളന്മാരുണ്ട് , പോലീസുകാരുണ്ട് ഗുണ്ടകളുണ്ട് , ഓരങ്ങളിലേക്ക് മാറ്റിനിർത്തപ്പെട്ടവരുണ്ട്. “സാധാരണ മനുഷ്യരുടെ അസാധാരണ ജീവിത മുഹൂർത്തങ്ങളും സംഘർഷങ്ങളും അടയാളപ്പെടുത്തുന്ന കഥകളാണ് നിധീഷിന്റേത്. പാരമ്പര്യ /ലാവണ്യ ബോധങ്ങളെ നിഷേധാത്മകമായി ക്ഷണിച്ചുകൊണ്ട് ഗൗരവ സംവാദത്തിന്റെ ജാലകങ്ങൾ തുറന്നിടുന്നു നിധീഷിന്റെ കഥാലോകം .” എന്ന് എഴുത്തുകാരനായ മനോജ് വെങ്ങോല ഈ കഥകളെ പറ്റി നിരീക്ഷിക്കുന്നു. ജീവിതം കൊണ്ട് മുറിവേറ്റവരാണ് ഈ കഥാകൃത്തിന്റെ കഥാപാത്രങ്ങൾ . ഇരയാക്കപ്പെട്ട ജനങ്ങളുടെ ജീവിതം തെളിമയോടെ വളച്ചുകെട്ടില്ലാതെ ലളിതമായ ഭാഷയിൽ നിധീഷ് ആവിഷ്കരിക്കുന്നു.
കൊല്ലം , ആലപ്പുഴ ജില്ലകളുടെ അതിർത്തി യും ഓണാട്ടുകരയുടെ തെക്കൻ ഭാഗങ്ങളും വേണാടിന്റെയും ഓണാട്ടുകരയുടേയും പ്രാദേശിക ഭാഷാ ശൈലിയും പ്രയോഗവുമെല്ലാം കഥയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.കരിമ്പനകളും കണ്ടൽക്കാടും തെങ്ങിൻത്തോപ്പും മാടക്കടയും ബീഡിത്തെറുപ്പും കയറുപിരിക്കലും ചാരായക്കടയും മീൻപിടിത്തവും വലയേറും ചൂണ്ടയിടലും കയർനിർമ്മാണവും പായ നിർമ്മാണവും ഇടവഴികളും കാവും കടവും കുളവും കായലും കരയും ചന്തയും പാലവും തെരുവും മലകളും ജങ്ഷനും ലോഡ്ജും കഥാപരിസരങ്ങളായി കടന്നു വരുന്നു. അയ്യത്തമ്മയും വസുമതിയും പോലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളും സൂക്ഷ്മ ബിംബങ്ങളും രാഷ്ട്രീയ സൂചനകളും കഥയുടെ ഭാഗമായി മാറുന്നുണ്ട് .അധികാരം, ജാതി ,മതം രാഷ്ട്രീയം, ഹിംസ , അധിനിവേശം, നിസ്സഹായ മനുഷ്യജീവിതം, മനുഷ്യരുടെ ആസക്തികൾ, പ്രണയം, പ്രതികാരം, വിരഹം , വിധ്വംസകതകൾ എന്നിങ്ങനെ ബഹുമുഖമാനങ്ങളും അടരുകളുമുള്ള കഥാ ഭൂമികയാണ് നിധീഷിന്റേത്.പണ്ടത്തെ ഓടനാട് ( ഓണാട്ടുകര) എന്ന ചെറുരാജ്യത്തിന്റെ ഭാഷയും സംസ്കാരവും രാഷ്ട്രീയവും കൃത്യമായും സൂക്ഷ്മമായും നിധീഷ് വരച്ചിടുന്നു.ഭാഷ , സംസ്കാരം,ചരിത്രം , ഭൂമിശാസ്ത്രം എന്നിവകൊണ്ട് ഭിന്ന ദേശങ്ങളുടെ വൈവിധ്യം പുലർത്തുന്ന ഒരു ഭൂപടമായി നിധീഷിന്റെ കഥാലോകം വർത്തിക്കുന്നു.
താമരമുക്ക്
ഡിസി ബുക്സ്
വില : 150
