എൻറെ മരണത്തിനുശേഷം ഒരുപക്ഷേ
അവർക്ക്
എൻറെ
ജീവചരിത്രം എഴുതേണ്ടിവരുമെങ്കിൽ,
ഏറെയെളുപ്പമായിരിക്കുമത്.
രണ്ടു തീയതികൾ മാത്രം ജനത്തിന്റെ…
മരണത്തിൻറെ… ഇതിനിടയിലുള്ള
ദിവസങ്ങൾ
എളുപ്പം
വിവരിക്കാൻ കഴിയും.
ഉന്മാദിയായാണ്
ഞാൻ ജീവിച്ചത്. വൈകാരികമായല്ല ഞാൻ ഒന്നിനെയും സ്നേഹിച്ചത്.
പൂരിപ്പിക്കപ്പെടാത്ത
ഒരു ആഗ്രഹങ്ങളും ഇല്ല എനിക്ക്.
കാരണം ഞാൻ ഒരിക്കൽ അന്ധനായിരുന്നു.
കാഴ്ചയുടെ
ഒരു അനുനാദം മാത്രമാണ് ഞാൻ.
എല്ലാ യാഥാർത്ഥ്യങ്ങളും ഞാൻ മനസ്സിലാക്കി.
ഓരോന്നും ഓരോന്നിൽ നിന്നും
എത്രമേൽ വ്യത്യസ്തമാണ്!
കണ്ണുകൾ കൊണ്ടാണ്
ഞാൻ അറിഞ്ഞത്.
ചിന്ത കൊണ്ടല്ല
കണ്ണുകളടച്ചു
ഉറങ്ങി
അങ്ങനെ ഞാനൊരു കവിയായി.
2
ക്ഷീണിതനാണ്
ഞാൻ
എത്ര വ്യക്തമാണത്!
കാരണം
ചില പ്രത്യേക
സമയങ്ങളിൽ
മനുഷ്യന്
ക്ഷീണിതനാകേണ്ടി വരും.
ഞാനെങ്ങനെ ക്ഷീണിതനായെന്നതിൻറെ കാരണം
എനിക്കറിയില്ല.
എല്ലാം അറിയാൻ അനുവാദമില്ല എനിക്ക്.
ക്ഷീണം അതിൻറെ അങ്ങേയറ്റത്ത് പിടിച്ചുനിൽക്കുന്നുണ്ട്.
മുറിവുകൾ അതുപോലെതന്നെ- മുറിവേൽപ്പിക്കുന്നു.
അതിൻറെ ഫലം വേണ്ടത്രക്കില്ലെന്നു
തോന്നുന്നു.
പക്ഷേ ഞാൻ ക്ഷീണിതനാണ്. ഇത്രയേറെ
കനംകുറഞ്ഞ
പുഞ്ചിരി
എന്നിൽ നിന്നും ഉണ്ടായിട്ടില്ല.
ഉടൽ ഒരിത്തിരി
ഉറക്കം കൊതിക്കുന്നു.
ആത്മാവ്
ആലോചനകളെ
ഒഴിവാക്കാൻ
ആഗ്രഹിക്കുന്നു…
എല്ലാം സുതാര്യമായ ഒരു പ്രഭാചഞ്ചലംപോൽ…
പ്രതീക്ഷകൾ ഇല്ലാത്ത
ഒരു സമയം എന്നൊരു ആർഭാടം മാത്രം….
ഞാൻ ബുദ്ധിമാനാണ് അത്രമാത്രം
കുറച്ചേ കണ്ടിട്ടുള്ളൂ
കുറച്ചേ
മനസ്സിലാക്കിയിട്ടുള്ളൂ.
ഈ ക്ഷീണാവസ്ഥയിലും അതിൻറെ ചവർപ്പിലും പുളിപ്പിലും
ഒരു ആനന്ദം ഉണ്ട്.
എല്ലാമൊടുങ്ങുമ്പോൾ
എൻറെ ശിരസ്സ്
എന്തെങ്കിലും
ബാക്കിവെക്കുമായിരിക്കും.
3
പനിനീർപ്പൂക്കളാൽ
എന്നെ കിരീടം അണിയിക്കുക
എൻറെ ശിരസ്സിൽ
ശരിക്കും
പനിനീർപ്പൂക്കൾ…
കൊണ്ട്….
പൊള്ളിപ്പോയ
പനിനീർപ്പൂക്കളൾ കൊണ്ട് ഉടനെ കരി lഞ്ഞു പോയേക്കാവുന്ന
ഒരു
കിരീടം അണിയിക്കൂ.
പനിനീർപ്പൂക്കൾ
കൊണ്ട്…..
അല്ലെങ്കിൽ
ക്ഷണികമായ
ഇലകൾകൊണ്ട്.
അതാകാമല്ലോ.!
4.
. ചിലസമയങ്ങളിൽ
ആനന്ദിക്കാൻ
എനിക്കാവും.
കാര്യങ്ങൾ
പെട്ടെന്ന്
സന്തോഷത്തിലേക്ക് കുതിക്കും.
ആശയങ്ങൾക്കും അപ്പുറം ചിലപ്പോൾ വാക്കുകൾ കൊണ്ട് എന്നെ കുലുക്കും
എഴുതിയതിനു ശേഷം ഞാനൊന്ന് വായിക്കും.
അത് എന്നെ കൊണ്ട് എഴുതിച്ചതെന്താണ്
എന്ന് ആലോചിക്കും.
അത് എവിടെ നിന്നാണ്
ഞാൻ കണ്ടെടുത്തത്?
അതൊക്കെ
എവിടെ നിന്നാണ്
എന്നിലേക്ക് വന്നത്?
എന്നെക്കാൾ
മികച്ചതാണത്.
പേനയും മഷിയും
മാത്രമുള്ള ഒരു ലോകത്ത് ഏകാകികൾ ആയിരിക്കാൻ നമുക്ക് കഴിഞ്ഞെങ്കിൽ!
അല്പം മാത്രയിൽ
നാമിവിടെ
ഇരിക്കുന്നതിനെക്കുറിച്ച് ആരെങ്കിലും
എഴുതുമോ?

5
നിൻറെ കണ്ണുകൾ വിഷാദം നിറഞ്ഞതായി മാറിയിരിക്കുന്നു.
എൻറെ വാക്കുകൾ
നീ കേൾക്കുന്നില്ല ശ്രദ്ധിക്കുന്നില്ല
അവർ ഉറക്കം തൂങ്ങുന്നു.
സ്വപ്നാടനങ്ങളിൽ മുഴുകുന്നു
ഒന്നൊന്നിലേക്ക് കലരുന്നു.
ചെവി തരുന്നെയില്ല.
.
ഞാൻ പറയുന്നത്
വിദൂരത്തകലുന്നു.
ഞാൻ പറഞ്ഞതാണ്-
എന്റെ വാക്കുകൾ
ക്രമരഹിതമായ വിഷാദങ്ങൾ….
നിങ്ങൾ ചെവി തരില്ല
എന്ന് അറിയും മുമ്പ് വരെ ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു.
നിങ്ങൾ ഉള്ളിടത്ത് നിന്നും ഏറെ അകലെയാണ് നിങ്ങൾ.
ഒരു മാത്രയിൽ അസാന്നിധ്യത്തിന്റെ
ഉറ്റുനോട്ടം പോൽ….
നീ എന്നെ നോക്കി അളക്കാനാവാത്ത അകലം
നീ
പുഞ്ചിരിക്കാൻ തുടങ്ങി.
6
അവർ പറയുന്നു ഞാൻ എഴുതിയതെല്ലാം
കപടമാണെന്ന്!
അല്ലെങ്കിൽ ഞാൻ നുണ പറയുകയാണ്എന്ന്!
അങ്ങനെയൊന്നുമില്ല
ഏറെ ലളിതമായി
പറഞ്ഞാൽ
ഭാവനയിലൂടെ ഞാൻ
സ്വയം
അനുഭവിക്കുകയാണ്.
ഹൃദയ തന്ത്രികൾ ഞാൻ ഉപയോഗിക്കാറില്ല
സ്വപ്നങ്ങൾ,
അല്ലെങ്കിൽ നഷ്ടങ്ങൾ
മുനിഞ്ഞടർന്നു വീഴുന്നു.
അല്ലെങ്കിൽ എന്റെ മേലേക്ക് മരിച്ചുവീഴുന്നു.
അനന്തതയിലേക്ക്
നോക്കി നിൽക്കുന്ന
ഒരു മട്ടുപ്പാവ് പോലെ….
എന്നെ നയിക്കുന്നത് ഇതൊക്കെയാണ്
ഇടയിൽ ഞാൻ എഴുതുന്നത് അടുത്ത കാൽവയ്പ്പിൽ ഒരാൾക്ക് എത്തിച്ചേരാനാവുന്ന
ഇടങ്ങൾ അല്ല.
എന്താണ് നിലവിലില്ലാത്തത് അതിനെ തിരയുന്നു.
അപ്പോൾ അനുഭൂതി?
വായിക്കുന്നവർ പറയട്ടെ!
7
ഒരു ദിവസം
ഒരാൾ
നിൻറെ വാതിലിൽ മുട്ടും
പറയും-
അയാളെൻറെ
ഒറ്റുകാരനാണെന്ന്.
അവനെ
ഒരിക്കലും വിശ്വസിക്കരുത് അതങ്ങനെയല്ല.
വാതിലിൽ മുട്ടാൻ
ഞാൻ
ആരെയും അയച്ചിട്ടില്ല.
ആകാശത്തിന് അയഥാർഥമായ വാതിലിൽ
പക്ഷേ നീയോ?
ഒട്ടും നിഗൂഢതകളില്ലാതെ…. ഒന്നും ചെവിക്കൊള്ളാതെ…
ആർക്കും
നിന്റെ
വാതിലിൽ മുട്ടാം.
അകപ്പൂട്ടിടരുത്..
പുറത്ത്
ആരോ കാത്തുനിൽക്കുന്നത്
കാണുക.
ഒന്ന് ചിന്തിക്കുക
ഇതേക്കുറിച്ച്.
അതെന്റെ ഒറ്റുകാരൻ
റദ്ദാക്കാൻ എന്താണുള്ളത്?
റദ്ദാകാനും?
വാതിലപ്പൂട്ട് മാറ്റുക.
.
നിന്റെ വാതിലിൽ മുട്ടാൻ ആഗ്രഹം ഇല്ലാത്തവർക്ക് വേണ്ടി.
