കവിത നഞ്ചിയമ്മയ്ക്ക്
പാട്ടമ്മ
ഞങ്ങൾക്ക് പഠിക്കേണ്ട
പാട്ട് പിറപ്പിലേയുണ്ട്
ജനിക്കുമ്പോൾ മുതൽ പാട്ടാണ്
പാടിത്തീരാനൊരായുസ്സപോരാ
കേട്ടുതീരാനൊരായുസ്സുപോരാ
പഠിച്ചുതീരാന്നൊരായുസ്സും പോരാ
ആൽമരം വീശുന്നപാട്ട്
ആറ്റുവഞ്ചി പേശുന്നപാട്ട്
കാട്ടുമാവ് മീട്ടുന്നപാട്ട്
നൂറു നൂറു പാട്ടുകൾ
നൂറ്റാണ്ടുകൾ കണ്ടപാട്ട്
കുയിലിന്റെ നാദത്തിലൊച്ചചേർത്ത്
കാക്കേടെ പാട്ടിന്ന് ചൊല്ലുവെച്ച്
കൊത്തിയുടെ താളത്തിനൊത്ത പാട്ട്
ആയിരം കിളിപ്പാട്ടിൽ
പതിന്നായിരം പാട്ടുകണ്ടേ
പണ്ടേക്കു പണ്ടേ പാടുന്നപാട്ട്
ചോറ്റിലും ചോരേലുമോടുന്ന പാട്ട്
ഈ പാട്ട് കാട്ടിലുണ്ട്
ഈ പാട്ട് നാട്ടീലുമുണ്ട്
ഈ പാട്ടിന്നു കോട്ടയില്ല
ഈ പാട്ടിന്നു കോട്ടവുമില്ല
കണ്ടെടുക്കാൻ കേട്ടെടുക്കാൻ
കണ്ണൊന്നുവേണം കാതിലായ്
കാതൊന്നു വേണം കണ്ണിലായ്
പത്താം വയസില്
പെറ്റോരുന്തിവിട്ട് പഠിപ്പിച്ച
പാട്ടരേ ….കൂട്ടരേ …
തുലാസിലളക്കല്ലേയീ
ശ്രുതിയും താളവും
അടങ്ങില്ലൊതുങ്ങില്ലൊരിക്കലും
ഞങ്ങൾക്ക് പാട്ട് പഠിക്കേണ്ട
പാട്ട് പിറപ്പിലേയുണ്ട്
പാട്ടമ്മയാണേ
പാട്ടിന്നമ്മയാണേ
പാടട്ടെ പാടട്ടെ പാടട്ടെ
നീണാൾ പാടി വാഴ്ക..
മഞ്ജുനാഥ് നാരായൺ