നായാട്ട്
എം.ബി.മനോജ്
നമ്മുടെ സമൂഹത്തിന്റെ അടുക്കുകളെയും വേലികളെയും നോക്കിക്കാണുന്ന പുതു തലമുറ സിനിമകളിലൊന്നാണ് നായാട്ട് എന്ന സിനിമ . ഇതിലെ പ്രധാന കഥാപാത്രങ്ങളായ വനിതാ പോലീസ് സുനിതയും ASI മണിയനും അവരുടെ ജീവിതം കൊണ്ടു തന്നെ നിലപാട് വ്യക്തമാക്കുന്നവരാണ് . അവർ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ് .സാധാരണ ജീവിതഇടങ്ങളിൽ നിന്നും വിദ്യാഭ്യാസം ചെയ്ത് സർക്കാർ ജോലി സാമ്പാദിച്ചവരാണ് ഇതിലെ രണ്ടുപേരും. നഷ്ടതലമുറയിൽ നിന്നും വ്യത്യസ്തമായി വിദ്യാഭ്യാസം കൊണ്ടുപൊരുതി നേടിയ ഒരു ജീവിതം ആഗ്രഹിക്കുന്നവർ. എന്നാൽ യാദൃശ്‌ചികമായി സംഭവിക്കുന്ന ഒരു അപകടമരണം ഈ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തെ തകിടം മറിക്കുകയാണ്. ഇവർക്കൊപ്പം മധ്യവർഗ കുടുംബത്തിൽ നിന്നു വരുന്ന പ്രവീൺ എന്ന പോലീസുകാരനും ബഹിഷ്കരിക്കപ്പെടുന്നു . ഇവിടെയാണ് സിനിമ നമ്മുടെ ചുറ്റുപാടുമുള്ള അധികാര സംവിധാനങ്ങളുടെ സൂക്ഷ്മ വിഭജനങ്ങളെ നോക്കിക്കാണുന്നത്. ഏഷ്യൻ പ്രദേശങ്ങളിലെ ഗവൺമെന്റ് സംവിധാനങ്ങളിൽ അധികാരത്തിന്റെ ഘടനകൾ നിലനില്ക്കുന്നത് ഉദ്യോസ്ഥ റാങ്കുകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല.മറിച്ച് ആദൃശ്യമായി നിലനില്ക്കുന്ന ജാതി – വർണ അധികാരങ്ങളുടെ ഭാഗമായിട്ടു കൂടിയാണ്. സേനാ സംവിധാനങ്ങളിലെ ഇത്തരം അധികാര ഘടനകളെ ചർച്ചചെയ്ത നാടകമാണ് പ്രസിദ്ധമായ കോർട്ട് മാർഷ്വൽ എന്ന നാടകം. അത് പിന്നീട് മലയാളത്തിൽ മേൽവിലാസം എന്ന പേരിൽ സിനിമയായിട്ടുണ്ട് . പാന്നൂർ സോമൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല ചെയ്യപ്പെട്ടത് സ്റ്റേഷനിലെ സഹഉദ്യോഗസ്ഥരുടെ റൈഫിളാൽ നിറയൊഴിക്കപ്പെട്ടാണെന്ന വാർത്തകൾ നമുക്കു മുന്നിലുണ്ട്. സഹപ്രവർത്തകരുടെ ഒറ്റപ്പെടുത്തലുകളും ഒഴിവാക്കലും മൂലം ആത്മഹത്യ ചെയ്ത ദലിത് ഉദ്യോഗസ്ഥർ വേറെയുമുണ്ട് .

നമ്മുടെ ഉദ്യോഗ സംവിധാനം അതിന്റെ ഘടനയെ രൂപപ്പെടുത്തുന്നതിൽ നിലനിർത്തി വരുന്ന അദൃശ്യമായ വരേണ്യതയുടെ ഘടനാരൂപങ്ങളെ ചർച്ച ചെയ്യുന്നു നായാട്ട് എന്ന സിനിമ . മറ്റൊരു പ്രത്യേകതയെന്തെന്നാൽ ബഹിഷ്കൃത സമൂഹങ്ങളുടെ പ്രശ്നങ്ങൾ ഏതുവിധത്തിലാണ് രാഷ്ടീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തു വരുന്നത് എന്നതിനെ നോക്കിക്കാണുന്നതുമായി ബന്ധപ്പെട്ടതാണ് . കോളനിയിലെ ഒരു പറ്റം ദലിത് ചെറുപ്പക്കാരുടെ നിലപാടും ബോധ്യവും അവർക്കു തന്നെയും അപകടകരമായതാണ് . എന്നാൽ ഇത് അവർക്കു മാത്രം ബോധ്യവുമല്ല. ഇത് തിരിച്ചറിയാതെ അവർ രാഷ്ട്രീയ നേതൃത്വങ്ങളുടെ ആഞ്ജാനുവർത്തികളാക്കുന്നതിന്റെ പ്രശ്നങ്ങൾ ഇതിൽ കാണാം . ആ ചെറുപ്പക്കാർക്ക് ഏറ്റവും വെറുക്കപ്പെട്ടവരാക്കുന്നത് അവരുടെ ഇടയിൽ നിന്നും വിദ്യാഭ്യാസം ചെയ്യുകയും തൊഴിൽ സമ്പാദിക്കുകയും ചെയ്ത ആളുകളാണ് . അതുകൊണ്ടുതന്നെ സമൂഹത്തിനുള്ളിലെ പിളർപ്പുകൾക്ക് കാരണമായി അറിവും സർക്കാർജോലിയും മാറുന്നു . മറ്റാരുടെയൊക്കെയൊ ചട്ടുകങ്ങളായി ജീവിക്കുന്ന ഈ യുവത ഒരർത്ഥത്തിൽ മുഖമില്ലാത്ത മനുഷ്യരാണ്. ഒരു യുവാവിന്റെ അപകടമരണവും അതിനെ ഏതൊക്കെ വിധത്തിൽ നേട്ടങ്ങളാക്കാം എന്നതിനെ സംബന്ധിച്ച വിവിധ സംവിധാനങ്ങളുടെ താല്പര്യങ്ങളും ഫലത്തിൽ കോളനിവാസികളെയും അവർക്കിടയിൽ നിന്നും വിദ്യാസമ്പന്നരായി വന്നവരെയും ഒരുപോലെ വേട്ടയാടുന്നു . മാധ്യമങ്ങൾ അവർക്ക് ആവശ്യമുള്ള വിധത്തിലും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവർക്കാവശ്യമുള്ള വിധത്തിലും പ്രസ്തുത അപകടമരണത്തെ ഉപയോഗിക്കുന്നു. കോളനിവാസികൾ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളാവുന്നതിന്റെ ചിത്രം ഇവിടെയുണ്ട് . അതേസമയം രാഷ്ടീയാധികാരികളാലും പോലീസ് അധികാരത്താലും ഒറ്റപ്പെടുന്നവരും വേട്ടയാടപ്പെടുന്നവരുമായി ഇതിലെ പ്രതിസ്ഥാനത്തായ മൂന്നു പോലീസുകാരും മാറിത്തീരുന്നു. അവരുടെപക്ഷത്തെ നീതിയെ ആരും കേൾക്കുന്നില്ല. എങ്ങും വെളിപ്പെടുന്നില്ല .

കോളനിവാസികളായ ദലിതർക്ക് സമാനമായി മറ്റൊരു രീതിയിൽ ഈ ഉദ്യോഗസ്ഥരും പുറന്തള്ളപ്പെടുന്നു. നിങ്ങൾ നിരക്ഷരനായ ഒരു സാധാരണക്കാരനാണെങ്കിലും സാക്ഷരനും വിദ്യാസമ്പന്നനും ഉദ്യോഗസ്ഥനും ആയ ഒരു വ്യക്തിത്വമാണെങ്കിലും ജാതിവ്യവസ്ഥയുടെ ഏറ്റിറക്കങ്ങൾ നിലനിർത്തിവരുന്ന നമ്മുടെ അധികാര രൂപങ്ങൾക്കു മുന്നിൽ നിങ്ങൾ വെറും പുറമ്പോക്കുമനുഷ്യർ മാത്രമായിരിക്കുമെന്ന യാഥാർത്ഥ്യം സിനിമ വരച്ചുകാട്ടുന്നു. ഏതൊരു ദലിതനും ഏതു സമയത്തും വേട്ടയാടപ്പെടേണ്ടവരാണെന്ന ഭീതിതയാഥാർത്ഥ്യം ഇവിടെ ചർച്ച ചെയ്യുന്നു. അതുകൊണ്ടു തന്നെ ഷാഹി കബീർ തിരക്കഥ നിർവഹിച്ച , മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമ സമകാലസാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു സിനിമയായി മാറിത്തീരുന്നു.
