എം.ബി.മനോജ്
ടോബിത് ചിറയത്ത് തിരക്കഥ നിർവഹിച്ച് , ബിബിൻ പോൾ സാമുവൽ സംവിധാനം നിർവ്വഹിച്ച ” ആഹാ ” എന്ന സിനിമ സമകാല മലയാള സിനിമയിൽ ശ്രദ്ധേയമായ ഇടം നേടിയിരിക്കുന്നു. ശക്തമായ ഒരു തിരക്കഥയുടെ അടിത്തറയാണ് “ആഹ “യുടെ പ്രധാന പ്രത്യേകത. മധ്യകേരളത്തെ പ്രമേയ – ചിത്രീകരണ ഇടമായി സ്വീകരിച്ചിട്ടുള്ള ഇതര സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു പ്രമേയം ആവിഷ്കരിക്കുവാൻ ആഹാ യ്ക്ക് സാധിച്ചിട്ടുണ്ട്. കാണികളെ ആകാംഷയോടെ നയിക്കുവാൻ കഴിയുന്നവിധത്തിൽ സിനിമ മുന്നോട്ടുവയ്ക്കുന്ന സാങ്കേതിക മികവും അവതരണത്തിന്റെ ചടുലതയുമാണ് മറ്റൊരു ഘടകം. അതോടൊപ്പം വേറിട്ട ഒരു ലോകബോധം പങ്കുവയ്ക്കുവാനും ആഹായ്ക്ക് സാധിച്ചിട്ടുണ്ട്.

ഓരങ്ങളും മനുഷ്യരും :
ഓരങ്ങളിലെ മനുഷ്യരെ അഭിസംബോധന ചെയ്യുക എന്ന പ്രധാനപ്പെട്ട സവിശേഷത ആഹാ നിർവഹിക്കുന്നുണ്ട്. അനാഥയായ പെൺകുട്ടിയായ മേരി , അന്യ സംസ്ഥാന തൊഴിലാളിയായ വിനായകൻ, ഭിന്നശേഷിക്കാരനായ അനി , പരിവർത്തിത ക്രൈസ്തവ സമൂഹം എന്നിങ്ങനെ ഒറ്റപ്പെട്ടു പോകുന്ന പല വ്യക്തികളും അതുപോലെ സമൂഹവും സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങളും പ്രമേയവുമാവുന്നു. ഗീവർഗ്ഗീസ്, കൊച്ച് , ചെങ്കൻ, സിജു ഉൾപ്പെടുന്ന ഓരോ മനുഷ്യരും നീലൂർ എന്ന ഗ്രാമത്തിൽ ഒറ്റപ്പെട്ടവരാണ്. പരിവർത്തിത ക്രൈസ്തവ സമൂഹം എന്ന നിലയിൽ അവർ പല തലമുറയുടെ തുടർച്ചയാണ്. ഭിന്നശേഷിക്കാരനായ അനിയ്ക്ക് തന്റെ സൗഹൃദം സാധ്യമായിട്ടുള്ളതാകട്ടെ ഈ സമൂഹത്തിലെ കൂട്ടുകാരുമായിട്ടാണ്. അനിയുടെ പിതാവിന് ഇക്കാര്യത്തിൽ കടുത്ത വിയോജിപ്പുണ്ട് . എന്നാൽ സമൂഹത്തിന്റെ ഈ വിള്ളലിനെ മറികടക്കാൻ ശ്രമിക്കുന്നവരാണ് പ്രത്യേകിച്ചും പുതുതലമുറ. അനി തന്റെ സൗഹൃദം കൊണ്ടാണ് ഈയവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നത് എങ്കിൽ , സിജുവാകട്ടെ നിലപാടുകൾ കൊണ്ടാണ് ഈ അവസ്ഥയെ മറികടക്കുന്നത് . സമൂഹങ്ങൾക്കിടയിൽ നിലനില്ക്കുന്ന വിള്ളലുകളെ ആവിഷ്കരിക്കുകയും ആരോഗ്യകരമായി ഇതിനെ മറികടക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സമീപനം സിനിമ പുലർത്തുന്നു. സ്ഥാനപ്പെടുക അതുതന്നെയാണ് പ്രധാനം :

സ്ഥാനപ്പെടുക അതു തന്നെയാണ് പ്രധാനം. നീലൂർ ഗ്രാമത്തെ സജീവമാക്കുന്ന കായിക വിനോദമായ വടംവലി മത്സരം ഗ്രാമത്തിന്റെ പൊതുവികാരമാണ്. എന്നാൽ അതിലെ പ്രധാന കായിക താരങ്ങളായ കൊച്ചും ചെങ്കനും ഉൾപ്പെടെയുളളവരും ഗീവർഗീസ് ആശാനും പലതരം പരിമിതിയുള്ളവരാകുമ്പോഴും ഗ്രാമത്തിന്റെ പൊതുവികാരമായിരുന്നു. ഈ ഉണർവ്വ് അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് ജൈവികമായിട്ടാണ്. നേതൃ കൈമാറ്റമൊ, തലമുറയിലേക്കുള്ള ഔദ്യോഗിക കൈമാറ്റമൊ അല്ല ആ ഗ്രാമത്തിൽ സംഭവിക്കുന്നതു്. അതേസമയം ഗ്രാമം ഒന്നടങ്കം വടംവലി മത്സരത്തെ നെഞ്ചിലേറ്റുന്നവരാണ്. ആയതിനാൽ അതിലെ അംഗങ്ങൾ ഗ്രാമത്തിൽ സ്ഥാനപ്പെടുന്നവരുമാണ്. ഈ സ്ഥാനപ്പെടൽ പ്രധാനപ്പെട്ടതാക്കുന്നു.
പൊട്ടിയടരുവാനുള്ളതാകുന്നു സൗഹൃദങ്ങൾ എന്ന സത്യം:

കൊച്ചും അയാളുടെ ഭാര്യ മേരിയും തമ്മിലുള്ള പ്രണയത്തെ പോലെ പ്രധാനപ്പെട്ടതാണ് ചെങ്കന് മേരിയോടുള്ള നിശബ്ദ പ്രണയവും. മേരിയോടു ചെങ്കന് അഗാധമായ ഇഷ്ടം ഉള്ളതുകൊണ്ടാണ് പെരുമഴയത്ത് ഭാര്യയെ സംരക്ഷിക്കാതെ വടംവലിക്കാൻ വന്ന കൊച്ചിനെ മത്സരത്തിനിടയിൽ ചെങ്കൻ അപമാനിക്കുന്നത്. വടംവലി മത്സരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന കൊച്ചും മേരിയെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ചെങ്കനും പിടി കൊടുക്കാത്ത രണ്ടു മനുഷ്യരാണ്. മേരിയുടെ മരണത്തോടെ പൂർണമായി ഇരുട്ടിലായത് ചെങ്കനാണ്. അതേസമയം കൊച്ച് ആകട്ടെ മേരിയുടെ മരണശേഷവും അവളുടെ ആത്മ സാന്നിധ്യത്തിന്റെ പ്രകാശം അനുഭവിക്കുന്നവനാണ് . ഒറ്റപ്പെട്ട വീട്ടിൽ എങ്ങനെ താമസിക്കുന്നു എന്ന ചോദ്യത്തിന് താൻ ഒറ്റപ്പെട്ടവനല്ല എന്നാണ് കൊച്ച് , അനിയോടും മറ്റും മറുപടിയായിപ്പറയുന്നത്. കൊച്ച് ഉരുൾ പൊട്ടലിൽ മരിക്കുമ്പോൾ തന്റെ ഭാര്യ മേരിയുടെ അടുത്തേക്ക് അയാൾ എത്തുന്നതായി ആവിഷ്കരിക്കുന്നതും കൊച്ചിന് മേരിയുമായുള്ള നിതാന്തമായ പ്രണയത്തിന്റെ തെളിവാണ്. കൊച്ചിന്റെ മരണത്തോടെയാണ് ചെങ്കൻ , തന്റെ ഇരുണ്ട ലോകത്തെ തിരിച്ചറിയുന്നതും ദീർഘകാലമായി അടക്കിവച്ച കൊച്ചിനോടുള്ള അളവില്ലാത്ത സൗഹൃദം അയാളിൽ മറനീക്കി പുറത്തുവരുന്നതും.വ്യക്തിത്വവും ആത്മാഭിമാനവും :

തൊണ്ണൂറുകളിലെ സൗഹൃദ കൂട്ടുകെട്ട് സിനിമകളിൽ സംഭവിക്കാതിരുന്ന ചില കഥാപാത്ര സന്നിവേശങ്ങളെ മറികടക്കുന്നത് ന്യൂജനറേഷൻ സിനിമകളാണ്. പ്രത്യേകിച്ചും 2010 നു ശേഷമുള്ള സിനിമകളാണ്. കറുത്തവരും ഇരുണ്ടവരും ഇരു നിറക്കാരും സിനിമയുടെ വിജയത്തിന് മുഖ്യ പങ്കുവഹിക്കുന്ന ഒരു സൗന്ദര്യ പദ്ധതി മലയാള സിനിമയിലും സ്ഥാനംപിടിച്ചു. കഥാപാത്രങ്ങളും അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളും ഈ നിലയിൽ പുതുമയുണ്ടാക്കി. ആഹാ സിനിമയിൽ സിജു അയാളുടെ കാമുകിയോടു പറയുന്ന കാര്യങ്ങൾ പത്തുവർഷത്തിനു ശേഷം മലയാള സിനിമയുടെ സാമൂഹ്യ ബോധ്യത്തിൽ സംഭവിച്ച വലിയ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നുണ്ട്. ശ്രീനിവാസൻ നായകനായി അഭിനയിച്ച ” ചിതറിയവർ ” എന്ന സിനിമയിൽ ഉൾവലിഞ്ഞ കോംപ്ലക്സ് ഉള്ള കഥാപാത്രമായി ശ്രീനിവാസന്റെ ദലിത് യുവാവ് മാറുന്നുണ്ടെങ്കിൽ , അതിൽ നിന്നുള്ള വിടുതലാണ് പിന്നീടുവന്ന സിനിമകൾ . ആഹാ യിലെ പരിവർത്തിത ക്രൈസ്തവ യുവാവായ സിജുവിൽ കാണുന്നത് ആത്മാഭിമാനവും വ്യക്തിത്വവും ഉള്ള കഥാപാത്രത്തെയാണ്. ഇത് മലയാളത്തിന്റെ ജാതി ബോധത്തിനു നല്കുന്ന ഒരു ചികിത്സ കൂടിയാണ്. സെന്റ് തോമസ് കേരളത്തിൽ വരുന്ന കാലത്ത് ഇവിടെ ബുദ്ധന്മാരും ജൈനന്മാരുമാണ് ഉണ്ടായിരുന്നത് എന്ന് സിജു തന്റെ കാമുകിയോടു പറയുമ്പോൾ ജാതി മഹിമയുടെ കൃത്രിമ എടുപ്പുകെട്ടുകൾ തകർന്നു വീഴുകയാണ് ചെയ്യുന്നത്. പാട്ടകൃഷിയും അദ്ധ്വാനിക്കുവാനുള്ള മനസ്സും അതോടൊപ്പം നീലൂർ ഗ്രാമത്തിന്റെ വികാരമായ ആഹാ ടീമിലെ അംഗമാകുന്നു താൻ എന്ന പ്രാധാന്യവും പ്രതിസന്ധികളെ മറികടക്കുവാനുള്ള ഊർജ്ജ സ്രോതസ്സുകളായി മാറിത്തീരുന്നു.
ബംഗാളിയായ വടംവലിക്കാരനും വിക്കിനെ അതിജീവിക്കുന്ന ബോഡി ബിൽഡറും:

ആഹാ ടീമിന്റെ ഫ്രണ്ടിൽ ഒരു ബംഗാളി വന്നുനില്ക്കുന്നു എന്നത് , പ്രധാന സവിശേഷതയായി മാറുന്നു. അനിയാകട്ടെ വിക്ക് എന്ന തന്റെ പ്രതിസന്ധിയെ മറികടക്കുന്നത് കായികമായ തന്റെ പ്രവർത്തനലോകം രൂപപ്പെടുത്തിക്കൊണ്ടാണ് . മുമ്പു സൂചിപ്പിച്ചതു പോലെ ഓരങ്ങളിലാകുന്നവർ പല രൂപത്തിലാണ് പ്രതിസന്ധിയിലാകുന്നത്. അവർ അതിനെ അതിജീവിക്കാൻ നടത്തുന്ന ശ്രമങ്ങളും പ്രധാനപ്പെട്ടതാണ്. ഇവിടെ അനി വേറിട്ട ഒരു വഴി കണ്ടെത്തുന്നു ഒടുവിൽ അയാൾ വിജയിക്കുന്നു.
ആഹാ സിനിമ ഒരു പ്രചോദനവും അതോടൊപ്പം വൈകാരികവുമാണ്. വടംവലി എന്ന കായിക വിനോദത്തിന്റെ മാസ്മരികതയിലേക്ക് തുടക്കത്തിലെ തന്നെ കാണിയെ കൊണ്ടുപോകുവാൻ സിനിമയ്ക്കു കഴിയുന്നു. ഇന്ദ്രജിത്തിന്റെ കൊച്ച് എന്ന കഥാപാത്രം പൂർണമാവുന്നത് , അശ്വിൻ കുമാറിന്റെ ചെങ്കൻ എന്ന കഥാപാത്രത്തിന്റെ അവസാന രംഗങ്ങളിലാണ്. അമിത് ചക്കാലക്കലിന്റെ അനി എന്ന കഥാപാത്രവും അതുപോലെ മറ്റു കഥാപാത്രങ്ങളും അവരെ കാസ്റ്റിംഗ് ചെയ്യുന്നതിൽ ആഹാ യുടെ അണിയറ പ്രവർത്തകർ പുലർത്തിയ സത്യസന്ധതയും പ്രാധാന്യമർഹിക്കുന്നു. ആയതിനാൽ മലയാളത്തിലെ സവിശേഷ ശ്രദ്ധ നേടിയ സിനിമയാക്കുന്നു “ആഹാ ” .