ഉറങ്ങാന്‍ കിടക്കുമ്പോള്‍
അയാള്‍ക്ക് അടുക്കളയിലെ
ഗ്യാസിന്റെ മണമാണ്.
അവള് വേഗം തന്നെ
സ്റ്റൌവിനടുത്ത് ചെന്ന്
മണം കഴിച്ച് മടങ്ങും.
ഉറങ്ങാന്‍ കിടക്കുമ്പോള്‍
അയാളടെ കൂര്‍ക്കംവലിക്ക്
ജനലുകള്‍ അടയുന്ന ശബ്ദമാണ്.
ഉടന്‍ തന്നെ അവള് ജനാലയ്ക്കലേക്ക് ഓടി
കാറ്റിന് പറയാനുള്ളത് കേട്ട്
സാന്ത്വനിപ്പിച്ച് മടങ്ങും.
ഉറങ്ങാന്‍ കിടക്കുമ്പോള്‍
മക്കള്‍ വാതിലടയ്ക്കുമ്പോലെ കരയുന്നു.
തിരക്കിട്ടവള് ഉമ്മറത്തേയ്യോടി
വാതിലിനെ തലോടി ഉറക്കുന്നു.
കാറ്റത്തും തണുപ്പത്തും
ഇനിയത് കരയില്ല.
ഉറങ്ങാന്‍ കിടക്കുമ്പോള്‍
അവള് ഉറങ്ങാറില്ല.
അപ്പോഴാണവള്‍
ഒരിക്കലും കാണില്ലെന്നുറപ്പുള്ളിടത്തേയ്ക്ക്
യാത്രകള്‍ പോകാറുള്ളത്.
തനിക്ക് കിട്ടില്ലെന്നുറപ്പായ
സ്വപ്നങ്ങളില്‍ ഉണര്ന്നിരിക്കാറുള്ളത്.
ഉറങ്ങാന്‍ കിടക്കുമ്പോള്‍
അവള് ഫാനിന് ഉറപ്പുണ്ടോ എന്നും
മണ്ണെണ്ണയും ഗ്യാസും കത്തുമോ എന്നും
ഞരമ്പിലൂടെ ഒഴുകുന്നത്
ചോര തന്നെയാണോ എന്നും
നോക്കാഠുണ്ട്.
ഉറങ്ങാന്‍ കിടക്കുമ്പോള്‍
അവള്…
