ചെറു ചൂടുള്ള റോഡിന്റെ അങ്ങേയറ്റം ആകാശത്തിന്റെ കറുപ്പുമായി ചേർന്നു കിടന്നു. സിനിമാ കഴിഞ്ഞുള്ള മടക്കയാത്രയിൽ കാണുന്ന രാത്രിലോകം വരച്ചിടുന്നു ഇവിടെ. ഓരോ സ്ഥാനങ്ങളായി വസ്തുക്കൾ എടുത്തുവയ്ക്കുന്ന ഈ വിവരണം വിദൂര ദൃശ്യതയുടെ ഒരു ക്യാൻവാസായി മാറിത്തീരുന്നു. ഒരു ലിഫ്റ്റ് കിട്ടി, കുറേ നടക്കണം. സ്ട്രയിറ്റായി ഒരു ടാർ വഴി , ചെറു ചൂടുള്ള റോഡ്, ഓരോ പത്തു മിനുട്ടിലും കടന്നുപോകുന്ന പോസ്റ്റു വെട്ടം. പോസ്റ്റു വെട്ടത്തോടൊപ്പം പേടി. ഇവ മറഞ്ഞു മറഞ്ഞ് വഴി കാട്ടുന്നു. സ്ഥലത്തെയും സമയത്തെയും വരച്ചിടുന്നത് ഒരു സിനിമയിലെന്നവണ്ണം തെളിയുന്ന കാഴ്ചകളായിട്ടാണ്. സെക്കന്റ് ഷോയ്ക്കു ശേഷമുള്ള വിജന വഴി . മാറി മറയുന്ന പേടി . കറുത്ത മഷി പടർന്ന ഇരുവശങ്ങൾ. അതിൽ നിന്നും ജീവികളുടെ ഒച്ച. സ്ക്രീനിലെ നായകന്റെ ക്രൂരതകളൾ തെളിയുന്ന ആകാശം. സീനിൽ തെളിഞ്ഞ ഭയചിത്രങ്ങൾ ഇരുവശത്തും ആകാശത്തും തെളിയുന്നു. നിശബദ്ധതയും ഭയ ജീവികളുടെ ശബ്ദവും അതിനു നടുവിൽ ഒറ്റയ്ക്ക് ഒരാളും . ചളുങ്ങിയ ബ്രഡു പോലെ അടുക്കി വച്ചിരിക്കുന്ന കൊയ്തുമെതിച്ച കറ്റ. വെളിച്ചം എവിടെയെങ്കിലും അവസാനിക്കുന്നുണ്ടാവാം. അവസാനിക്കുന്നിടത്തു വന്ന് ചന്ദ്രനെ നോക്കുന്നു. തന്നെ പിൻതുടരുകയാണ് ആ വെളിച്ചം എന്നയാൾക്കു തോന്നുന്നു. ഒറ്റയ്ക്കൊരാൾ അർത്ഥ രാത്രിയ്ക്കു ശേഷം നടക്കുമ്പോഴും അയാൾ കാണുന്ന വെളിച്ചവും പിന്തുടരുന്ന ഒന്നായി തോന്നുന്നു. ആരകപ്പുല്ല്, വട്ടച്ചെടി, വെള്ളം ഒഴുകുന്ന കലുങ്ക്. മുങ്ങിയ നിലാവ്. ഞാറയുടെയൊ പട്ടിയുടെയൊ ഒച്ച. ഹിറ്റ്ലറുടെ സിനിമ കണ്ട് അതിന്റെ ഭീതിയിൽ സഞ്ചരിക്കുന്നു അയാൾ. പെട്ടെന്ന് കുട്ടിയിട്ട കച്ചിക്കൂനയ്ക്ക് മുകളിൽ നിന്ന് ഏതോ ഒരു ജീവിയുടെ അണച്ച ചീറ്റൽ കേട്ടു. അണപ്പു കേൾക്കുന്നു. അണപ്പോടെയുള്ള ചീറ്റലായിരുന്നു. ഇരുട്ടിന്റെ ഇളകിയാടുന്ന രണ്ടു പിണങ്ങൾ . ഇരുട്ടു നിർമ്മിച്ച ഏതോ രണ്ടു ജീവികൾ . അതുമല്ലെങ്കിൽ പിറന്ന പടിയുള്ള ഒരാണും പെണ്ണും . എന്താവാം കണ്ടത് എന്ന് അമ്പരക്കുന്നു. വായിൽ പേടിയുടെ ഉറവ ചുവച്ചു. ബൾബുകളാൽ കമ്പാർട്ടുമെന്റലെന്നപോലെ തിരിച്ച ഒരു വഴിയായിരുന്നു അയാൾക്കുമുന്നിൽ അപ്പോൾ . അവസാനമില്ലാത്തതായിരുന്നു ആ വഴി. അയാൾ കണ്ട ആ വിചിത്രജീവികൾ ആ ഇരുട്ടിൽ തെളിയുന്നവർ. ആ വിചിത്രജീവികൾ രണ്ടു മനുഷ്യരായിരിക്കും എന്ന് കവി ആശ്വസിക്കുന്നു. അത് ആ യാത്രക്കാരന് ആവശ്യ മാകുന്നു. അർദ്ധരാത്രിയിലെ ആ ഇരുട്ടിൽ ആ വിജനതയിൽ വിചിത്രജീവികളായ മൃഗ സാദൃശ്യമനുഷ്യരായ ജന്തുക്കളുടെ ക്രീഢകളാവാ മതെന്ന് അയാൾ കരുതുവാൻ

ആഗ്രഹിക്കുന്നില്ല. എന്നാൽ മനുഷ്യ സാദൃശ്യ ജന്തുക്കളുടെ ക്രീഢകളും ശബ്ദങ്ങളുമായിരുന്നു അവിടെ കേട്ടത്. താൻ കണ്ട ഭീതിത സിനിമയിൽ നിന്നും പിടി വിടാതിരുന്നതിനാൽ അയാൾക്കത് ബോധ്യപ്പെട്ടിരുന്നില്ല എന്നു മാത്രം. അത്രമാത്രം അയാളെ വേട്ടയാടിയ സംഭവങ്ങളും യാദൃശ്ചികതയും ജന്തു സമാന മനുഷ്യ നിർമ്മിതികൾക്കും അപ്പുറം അതിന്റെ വേട്ടയാടലിനപ്പുറം അർ ദ്ധരാത്രിയിൽ തനിയെ യുള്ള യാത്രയിൽ കച്ചിക്കു നയിൽ കണ്ട മൃഗയാ വിനോദം ജീവികളുടെ ചീറ്റലും അണക്കലും അത് തന്നെ വേട്ടയാടിയില്ല എന്ന് കവി തിരിച്ചറയുന്നു. സിലൗട്ടുകളുടെ ലോകംസിലൗട്ട് എന്നാൽ വന്യവും ജന്തു രൂപവും മനുഷ്യ രൂപവും ചേർന്നതും യന്ത്ര സമാനവുമായ ജന്തു എന്നാണല്ലൊ വിവക്ഷ. ഇവിടെ ഹിറ്റ്ലറുടെ സിനിമ കണ്ടു സഞ്ചരിക്കുന്ന ഒരു അർദ്ധരാത്രിയിലാണ് അയാളിൽ ഭീതിയുളവാക്കും വിധം ഭീതിത ജീവികൾ പ്രത്യക്ഷപ്പെടുന്നത്. അവ മനുഷ്യരൊ അതോ മൃഗമൊ എന്ന് ഉറപ്പില്ല. ഒറ്റക്കാഴ്ചക്കുപോലും നോട്ടം അനുവദിക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവിടെ ബിനുവിന്റെ രചന പല യർത്ഥത്തിൽ സവിശേഷമാകുന്നു. ഒരു വശത്ത് മാനുഷികത വറ്റിപ്പോയ ഒരു മനുഷ്യവിരുദ്ധന്റെ നരനായാട്ടിനെക്കുറിച്ചുള്ള ഓർമ്മ അത് ഒരോർമ്മയായിക്കിടക്കുന്നു. ഇനി മറ്റൊരു വശമെന്തെന്നാൽ കവിതയുടെ അന്തരീക്ഷത്തെ സൃഷ്ടിച്ചെടുക്കുന്ന സവിശേഷതയെ സംബന്ധിച്ചതാണ്. അവയെക്കുറിച്ചുള്ള ആലോചന പങ്കുവയ്ക്കാം എന്നു കരുതുന്നു. നിറം, ശബ്ദം, ആശയം, വസ്തു വിവരണം , എന്നിങ്ങനെ ഭാഷകൊണ്ടു തീർക്കുന്ന ഒരു പ്രത്യേക മാന്ത്രികത ബിനുവിന്റെ രചനയിലുണ്ട്. തനിക്കു പറയുവാനുള്ള ആശയത്തിലേയ്ക്ക് എത്തിച്ചേരുന്നത് നിരവധി പ്രയോഗങ്ങളുടെ അസാധ്യമായ വിവരണങ്ങളിലൂടെയാണ്. കുറേ നടക്കണം , സ്‌ട്രയിറ്റായ ടാറു വഴി, റോഡിന്റെ അങ്ങേയറ്റം ആകാശ ക്കറുപ്പിൽ അവസാനിക്കുന്നു. ദൂരെ ദൂരെ മാറി മറഞ്ഞ് തനിക്കൊപ്പം പേടിയും സഞ്ചരിക്കുന്നു. പേടി തനിക്ക് വഴി കാട്ടിയാവുന്നു. ഭയം നടത്തിക്കുന്ന രാത്രിയാണ് സംഭവ സ്ഥലം. ഒരു ചിത്രകാരന്റെ നിറം മുങ്ങിയ ബ്രഷ് വരച്ചിടും പോലെ ഇവിടെ ദൃശ്യങ്ങൾ വാക്കുകളാൽ തെളിയുന്നു. ഈ വാക്കുകൾ ഭാവവും സമയവും ചലനവും സൃഷ്ടിക്കുന്നു. സ്റ്റൻസിൽ എന്ന പ്രയോഗം ഇവിടെ പ്രധാനപ്പെട്ടതാണ്. നിഴലുകളാൽ നിർമ്മിതമാവുന്ന രൂപങ്ങൾക്ക് സമാനമാണല്ലൊ സ്റ്റെൻസിലുകൾ. സിനിമ, ഫ്രയിം, സ്ക്രീൻ , പെയിന്റിംഗ് , സ്റ്റെൻസിൽ ,ദീർഘമായിക്കാണുന്ന വാഗണു സമാനമായ വിളക്കു കാലുകൾ, സിനിമയിലെ നായകന്റെ ക്രൂരതകൾ, ഭയം എന്നിങ്ങനെ നിരവധി പ്രയോഗങ്ങളാലാണ് ഇവിടെ കവിത അതിന്റെ ദൃശ്യത നിർമ്മിക്കുന്നത്. ഈ ദൃശ്യത അദൃശ്യതയും അയഥാർത്ഥ്യങ്ങളും നിറഞ്ഞതാണ്. വാസ്തവികവും അവാസ്തവികവും നിറഞ്ഞ ഒരു ലോകം സി ലൗട്ട് എന്ന കവിതയിൽ ദൃശ്യമാകുന്നു. ദൃശ്യതയുടെ പിടി തരാത്ത ലോകങ്ങളാൽ സമ്പന്നമാണ് ബിനുവിന്റെ രചനകൾ.

2.
കഥാർസിസ് എന്ന ഒരു കവിതയെക്കുറിച്ചു വിലയിരുത്തിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്നു കരുതുന്നു.വിദൂരവും അയഥാർത്ഥ്യവും തീർത്തു കൊണ്ടാണ് അദ്ദേഹത്തിന്റെ കവിതകൾ യാഥാർത്ഥ്യങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നത്. മുമ്പു ചൂണ്ടിക്കാണിച്ചതു പോലെ തന്റെ രചനകൾ പല രൂപത്തിൽ ആലോചന ചെയ്യാറുണ്ട് അദ്ദേഹം. കഥാർസിസ് എന്ന കവിത ഒരിക്കൽ ഒരു തിരക്കഥയായിട്ടു തയ്യാറാക്കുകയും പ്രസ്തുത കഥ വിവരിച്ചു തരികയും ചെയ്തത് ഓർക്കുന്നു. ഹിംസാത്മകമായ ലോകാംശത്തെ നോക്കിക്കണ്ട ഒരാളാണ് അദ്ദേഹം. പല കവിതകളിലും ഹിംസാത്മകതയുടെ ഭാഷയുപയോഗിച്ചിട്ടുണ്ട്. ഇത് രചയിതാവിന് തന്റെ ലക്ഷ്യത്തിലേക്കുള്ള വഴികൾ മാത്രമായിരുന്നു. സാത്വികതയ്ക്ക് അപ്പുറത്തുള്ള ഒരു ഭാഷ ബിനുവിന്റെ പല കവിതകളെയും തേടി വന്നു. യുവാവ് എന്ന നിലയിൽ , കവി, സംഗീതജ്ഞൻ, നിരവിധി യാത്രകളും സൗഹൃദങ്ങളും സമ്പാദിച്ചയാളെന്ന നിലയിൽ , നിലപാടുള്ള യാളെന്ന നിലയിൽ ബിനുവിന്റെ എഴുത്ത് ലോകത്തിന്റെ നേർമുദ്രയെ തിരിച്ചറിഞ്ഞു. ഹിംസാത്മകതയിൽ നിന്നും ഇറങ്ങി സഞ്ചരിക്കുവാൻ അദ്ദേഹത്തിന്റെ ഭാഷയും വാക്കും നിരന്തരം ശ്രമിച്ചു. ചളിയും പാടവും വരമ്പും ചതുപ്പും നിറഞ്ഞ ലോകം തന്റെ രചനകളിൽ ഉടനീളം സ്ഥാനപ്പെട്ടു. മനുഷ്യർ, മൃഗങ്ങൾ, ഉരഗങ്ങൾ, മീനുകൾ , മീൻ പാർപ്പുകൾ, ചതുപ്പു സസ്യങ്ങൾ, യാനങ്ങൾ, അജീവികൾ, മൃതർ , എന്നിങ്ങനെ ഭൂമിയിലെ പ്രാന്തലോകങ്ങളുടെ ഒരു സ്ഥാനം ബിനുവിന്റെ കവിതകളിലുണ്ട്. ഈ ലാന്റ് സ്കേപ്പ് ചിലപ്പോൾ മഹാകാവ്യരചനയ്ക്ക് സമാനമായ എഴുത്തിലേയ്ക്ക് അദ്ദേഹത്തെ നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെങ്ങന്നൂരാതി എന്ന കവിത ഇവിടെ ഓർക്കാവുന്നതാണ് .

ബാബു കാമ്രത്ത് സംവിധാനം നിർവ്വഹിച്ച കൈപ്പാട് ജീവിതം പോലെ രൂപേഷ് കുമാർ സംവിധാനം ചെയ്തിട്ടുള്ള ചതുപ്പുപ്രദേശങ്ങളിലെ മനുഷ്യ ജീവിതം പോലെ കണ്ടൽക്കാടുകളിലെ എന്റെ ജീവിതം എന്ന കല്ലേൻ പൊക്കൂടൻ മാഷിന്റെ അനുഭവ ലോകം പോലെ, ടി.കെ.സിയുടെ നോവൽ പ്രദേശം പോലെ , പോൾ ചിറക്കരോടിന്റെ നോവലുകളിലെ സ്ഥലരാശി പോലെ ബിനുവിന്റെ കവിതകളിൽ ജീവിതപ്രാന്തങ്ങൾ നിരന്തരം രൂപപ്പെടുന്നു. അവയെ ജീവിച്ചും ജീവിച്ചു മടുത്തും കുടഞ്ഞെറിഞ്ഞും കൈവിട്ടു കളയാതെയും പലപ്പോഴും എഴുത്തിൽ നിറഞ്ഞു. ഈ ജീവിതമാണ് തന്റെ കവിതകളെ തേടിയെത്തിയ ഹിംസാത്മക ലോകം എന്നു തോന്നുന്നു. വികാരങ്ങളുടെ വിമലീകരണമായിരുന്നു തനിക്കും എഴുത്ത് എന്ന് അത് സ്വയം വ്യക്തമാക്കിക്കൊണ്ടിരുന്നു. കഥാർസിസ് ലേയ്ക്ക് എത്താമെന്നു കരുതുന്നു. ഇരണ്ടകളുടെ തടാകത്തെ നാം കാണുന്നു. കിലുങ്ങുന്ന ശബ്ദമുള്ളവ.
3
ഇരണ്ടകൾക്ക് അവിടുത്തെ ഒരു ഭ്രാന്തന്റെ സംഗീതത്തിനു തുല്യമായ ശബ്ദമുണ്ടായിരുന്നു. എരണ്ടകളുടെ ശബ്ദം . ഭ്രാന്തന്റെ സംഗീതം. ഇനിയുമൊരാൾ ഗ്രാമീണ വില്ലനാണ്. അയാൾക്കൊരടയാളമുണ്ടായിരുന്നു. ഇടതു കൈത്തണ്ടയിൽ നിന്ന് അരിവാൾ ചുറ്റിക നക്ഷത്രം കഠാരകൊണ്ട് അറുത്തു കളഞ്ഞ ഗ്രാമീണ വില്ലൻ. ഒരു തിരക്കഥയെന്ന വിധം കവിത മുന്നോട്ടു പോകുന്നു. ഗ്രാമീണ വില്ലനെ കൊല്ലാനാഗ്രഹിക്കുന്ന ഒരു വാടക ഗുണ്ടയിൽ നിന്നാണ് കഥ തുടങ്ങുന്നത് എന്ന് കവിത പറയുന്നു. വാടക ഗുണ്ടയ്ക്ക് ഒരു മുതലാളിയുണ്ട്. രൂപമില്ലാത്ത ഒരാൾ . അയാളെക്കുറിച്ച് ഇങ്ങനെ കാണുന്നു. ഇരയുടെ വാങ്മയ ചിത്രത്തെപ്പറ്റി പ്രതിധ്വനിക്കുന്ന ഒരു അശരീരി ആയിരുന്നു വാടക ഗുണ്ടയുടെ മുതലാളി. വെറും നിർദ്ദേശങ്ങൾ മാത്രം. ഓർഡറുകളും കമന്റുകളും മാത്രം. വാടക ഗുണ്ടയുടെ മുതലാളി ആരായിരിക്കാം. ആരെന്നു വ്യക്തമല്ല. ഒരു കാര്യം മനസ്സിലാവുന്നു. നിരവധി അധികാര രൂപങ്ങളുടെ ആകെത്തുകയാണയാൾ. നിർദ്ദേശിക്കുന്ന ചെയ്യിക്കുന്ന ആകെത്തുക. വാടക ഗുണ്ടയുടെ കൊലപാതക രീതിയാണ് നമ്മെ നടുക്കുന്നത്. ഒരു കുല ആമ്പലിനുള്ളിൽ കഠാരയൊളിപ്പിച്ച അയാൾ എതിരാളിയെ വധിക്കാൻ ശ്രമിക്കുന്നു. അയാൾ പോകുന്ന വഴിയിൽ ചില വീടുകളുണ്ട്. കമിഴ്ത്തോടു പോലുള്ള ഓലപ്പുരകൾ എന്നാണ് എഴുതിയിട്ടുള്ളത്. ഗുണ്ടയുടെ നിശ്ചയം നോക്കുക. ആമ്പൽക്കുല കൊണ്ട് എതിരാളിയെ കുത്തുകയും അയാളിൽ പൂവിന്റെ തലോടലും അതേ സമയം കഠാരയുടെ ആഴ്ന്നിറങ്ങലും ഒരേ സമയം അനുഭവിക്കേണ്ടി വരുന്ന അവസ്ഥ. ഒരു ദിവസം ആ കൊലയാളി തന്റെ കഠാരയ്ക്ക് ഇരയായവനെ കണ്ടെത്തുന്നു. അവർ തമ്മിൽ വീശിയ വാളാൽ ഏറ്റുമുട്ടി. കരിമ്പാമ്പുകളുടെ മാറാട്ടം പോലെയായിരുന്നു ആ മൽപ്പിടുത്തം .

ഈ കവിതയിലും കാണാം സ്ഥലത്തെയും സന്ദർഭത്തെയും പണിയിച്ചൊരുക്കുന്ന കാവ്യരീതി. തടാകത്തിലെ ഇരണ്ടകളുടെ ശബ്ദത്തിൽ നിന്നും ഒരു കഥയുണ്ടായി . വാഴക്കിറു കൊണ്ടും വാഴവള്ളി കൊണ്ടും സംഗീത ഉപകരണമുണ്ടാക്കുന്ന ഭ്രാന്തൻ. ഈ രണ്ടു പ്രയോഗങ്ങളാൽ കവിത യഥാർത്ഥ്യങ്ങളുടെയും അയഥാർത്ഥ്യങ്ങളുടെയും മാന്ത്രി കലോകം നിർമ്മിക്കുന്നു. ജീവികളുടെയും തിര്യക്കുകളുടെയും ചലനങ്ങളാൽ മനുഷ്യത്വമില്ലാത്ത മനുഷ്യരുടെ ഹിംസാ ലോകവും ജീവജാലങ്ങളുടെ വിലാപവും സൃഷ്ടിക്കുന്നു കവിത. തടാകം രണ്ടു ലോകത്തിനുമിടയിലെ വിദൂര തയാണ്. എന്നാൽ ആജ്ഞാപിക്കുന്ന അധികാരത്തിന്റെ രൂപ രാഹിത്യത്തിനു മുന്നിൽ അടിമകളാകുന്നു വേട്ടക്കാരനും ഇരയും. മുറിച്ചെടുക്കുന്ന പിടിത്താള്, കോർമ്പലിൽ കോർത്തു പോകുന്ന മീനുകൾ ഇവയെല്ലാം നിസ്സഹായരാവുന്നു. വെട്ടുവാൻ വാൾ അന്തരീക്ഷത്തിൽ ഉയരുമ്പോൾ എരണ്ടകളുടെ ശബ്ദം അവിടമാകെ കേൾക്കുന്നു.
4
നിറവും സ്ഥലരാശിയും മാത്രമല്ല, ശബ്ദ സന്നിവേശവും കൂടി ചിത്രീകരിക്കപ്പെടുന്നു ഈ രചനകളിൽ . ഈ ശബ്ദ സന്നിവേശം ബിനു എം. പള്ളിപ്പാടിന്റെ മറ്റു കവിതകളിലും കാണാനാവും. അകലെയെങ്ങോ ഭജനപ്പാട്ടുകേൾക്കാം അടഞ്ഞ തൊണ്ടയിൽ ഗിഞ്ചറ പിടഞ്ഞു ( ആമ്പലും തീയും) അയാളുടെ കിഴക്കിപ്പോൾ മഞ്ഞ പതഞ്ഞുയരും കാറ്റ് കതിരിൻ തിരതല്ലും കടൽ അതയാൾ കാണുന്നില്ല ( ജുഗൽബന്ദി ) തുഴയാൽ വാരിപ്പിടിക്കും വെള്ളത്തിന്റെ മൂളലിൽ വള്ളം പതുങ്ങിക്കുതിച്ചു (മരിച്ചയാൾ ) ഞങ്ങളുടെ ബസ്റ്റോപ്പിലെ കടത്തിണ്ണയിൽ ചുവന്ന പട്ടുടുത്ത ഒരാൾ കിടന്ന് അസാമാന്യമായ് ഒച്ച വെക്കാൻ തുടങ്ങി (രക്തം) തുടങ്ങിയ കവിതകളിലൊക്കെ ശബ്ദം കവിതയിൽ വിഷയമായും വിഷയിയായും കടന്നുവരുന്നു. ചിത്രകലയുടെ നിറസ്സാന്നിധ്യമാണ് മറ്റൊന്ന്. ബിനു എം. പള്ളിപ്പാടിന്റെ രചനകളിൽ തെളിഞ്ഞു വരുന്ന അസാമാന്യ ഇടങ്ങൾ രാഷ്ട്രീയമായും ഭാഷയായും സ്ഥലങ്ങളും സംഭവങ്ങളുമായും ചരിത്രമായും അടയാളങ്ങൾ തീർക്കുകയായിരുന്നു.
