ബൈജു ആവളയുടെ ശ്രദ്ധേയമായ കവിതയാണ് കുളിയാട്ടം. മരണവും മരണമുഹൂർത്തവും മരണാന്തരീക്ഷവും ഏറ്റവും ആകാംഷയോടെ ആവിഷ്കരിക്കുന്നു ഈ കവിത. കൂളികൾ ആയ ദൈവഗണങ്ങൾ അവരുടെ സാന്നിധ്യം കൊണ്ട് മരണത്തിലേയ്ക്ക് പ്രവേശിക്കുന്നയാളെ അനുഗ്രഹിക്കുന്നു. മരണം ഏറെ വേദനയുണർത്തുന്ന ഒന്നാണെന്നു വിവരിക്കുന്ന സന്ദർഭമാണ് കവിതയുടെത്.വടക്കൻ കേരളത്തിൽ പയ്യാർമല, കടത്തനാട് പ്രദേശത്ത് നിലനിന്നിരുന്ന കൂളികെട്ടുപാട്ട് അഥവാ മരിച്ചവരിലേക്കുള്ള പരകായപ്രവേശപ്പാട്ട് എന്ന രൂപത്തിൽ നിലനില്ക്കുന്ന വാമൊഴി അനുഷ്ഠാന ഗാനത്തിൽ നിന്നാണ് ഈ കവിത അതിന്റെ അടിസ്ഥാനം രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്.വീട്ടിലെ ഒരാളുടെ മരണവും മരണ വെപ്രാളവും കണ്ടു നിൽക്കുന്നവരുടെ നിലവിളിയും ആവിഷ്കരിക്കുന്നു. പരിസരത്തുള്ളവർ മരണ വാർത്തയറിഞ്ഞ് ഓടിയെത്തുന്നതു പോലെ പ്രധാനപ്പെട്ടതാണ്ദൈവങ്ങളും അവരുടെ സാന്നിധ്യവും അവിടെയുണ്ടാക്കുന്നതും. വളരെ വ്യത്യസ്തതയുള്ള ഒരു ആവിഷ്കരണമാണ് ഇത് . മരണത്തെ ഉൾച്ചേർത്തുകൊണ്ടുള്ള നിരവധി ഗാനങ്ങളും കവിതകളും നമുക്കു പരിചിതമാണല്ലൊ. സമയമാം രഥത്തിൽ ഞാൻ സ്വർഗ യാത്ര ചെയ്യുന്നു തുടങ്ങിയ കവിതകൾ ഇതിൽ ഏറ്റവും പ്രചാരത്തിലുള്ളതാണല്ലൊ. മരണമുഹൂർത്തത്തെ അടിസ്ഥാനപ്പെടുത്തിയ നിരവധി കവിതകളും നമുക്ക് പരിചയമുണ്ട്.

ഇവിടെ കവി സ്വീകരിച്ചിട്ടുള്ള അനുഷ്ഠാനഗാനം മരണ മൂഹൂർത്തത്തെയും അതിന്റെ ആഘാതത്തെയും ആഘാതത്തിൽ നിന്നുള്ള വിടുതലിനെയും വ്യക്തമാക്കിത്തരുന്നു. മനുഷ്യ സാന്നിധ്യവും ദൈവസാന്നിധ്യവും ചേർത്തിണക്കിയ ഒരു കാവ്യരൂപമായി മാറിത്തീരുന്നു. പടച്ചോന് മുന്നിൽ ദു:ഖങ്ങൾ തുറന്നിടുന്നു. പടച്ചോൻ എന്ന പദം ദ്രാവിഡവും വടക്കൻ കേരളത്തിലെ സാധാരണമനുഷ്യർക്കിടയിൽ നിലനിൽക്കുന്ന പദമാണെന്നും വ്യക്തമാക്കുന്നു. “ആവോ താമാനോ ഈച്ചര പൊൻമകനെ “എന്ന് മരണപ്പെട്ടയാളെക്കുറിച്ച് വിലപിക്കുന്നു ദൈവം. ജീവിതവും ജീവനും തീർച്ചയായും മരണത്തിൽ നിപതിക്കുമെങ്കിലും മരണം മറ്റൊരു ലോകത്തിന്റേതാകുന്നു. ജീവനും ജീവിതവും പ്രധാനമായതായിരുന്നു. എന്നാൽ അത് അസ്തമിച്ചല്ലൊ എന്നു പറയുന്നു. വിലാപത്തിന്റെ സ്വരൂപം ഈ വരികൾ പങ്കു വയ്ക്കുന്നു. തീർത്തും വൈകാരികതയോടെയാണ് ഈ വരികൾ വാമൊഴിപ്പാട്ടിലും അതുപോലെ ബൈജു ആവളയുടെ കവിതയിലും ആവിഷ്കരിച്ചിട്ടുള്ളത്.മരിച്ചയാളുടെ പ്രകീർത്തനം ദ്രാവിഡ കാവ്യങ്ങളുടെ സ്വഭാവമാണ്. യാത്രയും കൃഷിയും നിർമ്മാണ പ്രവർത്തനങ്ങളും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും ഒക്കെച്ചേർക്കുന്നു ഇവിടെ.” താളിയൊടിച്ച കുന്നിൽതാളം പിടിച്ചോരെവണ്ണാറക്കുന്നു ചുറ്റും കൂട്ടാലെ കൂടി വന്നോർമണ്ണാറക്കുതിര കെട്ടിഒച്ചയനക്കത്താലെ “എന്നിങ്ങന മരണപ്പെട്ടയാളുടെ പ്രവർത്തനങ്ങൾ വിരിക്കുന്നു. അതാവട്ടെ കേവലം വ്യക്തി നിഷ്ഠമാവാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു സമൂഹം ഈ വിവരണങ്ങളിൽ തെളിഞ്ഞുവരുന്നു.മരിച്ചയാളുടെ അടുത്തേയ്ക്ക് കൂളികളും ദൈവങ്ങളും വരുന്നു. അവരുടെ വരവും സാന്നിധ്യവും ആ മരണവീടിന് ആശ്വാസമാകുന്നു. ജീവിച്ചിരിക്കുന്നവർക്കും വേർപെട്ടവർക്കും ഇടയിൽ ആശ്വാസത്തിന്റെ ഘടകമായി ഈ ദൈവസാന്നിധ്യം കാണാം. മരിച്ചയാളും അയാളുടെ വേർപാടും അവരുടെ ദുഃഖങ്ങളായും മാറുന്നു.” ഉരൾ വട്ടത്തിനു ചുറ്റുംകുട്ടരി കുമിഞ്ഞുകൂടുന്നമുറവും നാഴിയുംഏച്ചുകെട്ടില്ലാത്ത വാക്കുകളേറെകെട്ടിപ്പിടിച്ചു കരയുമ്പോൾപരേതൻ അന്തർധാനം ചെയ്യുന്നപുലപ്പറമ്പിൽഒരു ചിരാത് മിഴിതുറക്കുന്നു “മരിച്ചയാൾക്ക് ദൈവത്തിന്റെ തുണ കിട്ടുന്നു. ഈ തുണ ജീവിച്ചിരിക്കുന്നവർക്കും കിട്ടുന്നു. അരിയും മുറവും നാഴിയും അതിന്റെ അടയാളങ്ങളാവുന്നു. മരിച്ചവന്റെ പ്രകാശം പോലെ അടക്കിയ പറമ്പിൽ ഒരു മൺവിളക്ക് നിന്നെരിയുന്നു.

മീനൂട്ട് ഉൾപ്പെടെ മറ്റു ചടങ്ങുകളും പരേതനു വേണ്ടി നടക്കുന്നു. ദേശത്തുള്ളവരും നാട്ടുകാരും അവിടെയെത്തിയിട്ടുണ്ട്. അവരെല്ലാം സാക്ഷിയാണ്. അവരും പരേതന്റെ മരണാനന്തര ജീവിതത്തിന് ശാന്തി നേരുന്നു.” കുഞ്ഞം ബാധയിളംബാധഞാനിതാ പൊന്തി പറക്കണ്ദേശം നല്ലൊരു നാട്ടാരെഈച്ചര പൊൻമകൻ ഓരത്ത്ഞാനിതാ ചേർന്ന് പറക്കുന്ന് “ദൈവങ്ങൾക്കൊപ്പം ആ ഇളം ബാധ മരിച്ചവരുടെ ലോകത്തേക്ക് സഞ്ചരിക്കുന്നതായി കവി എഴുതുന്നു.അനുഷ്ഠാന ഗാനങ്ങളിൽ നിന്നും കവിതയെ രൂപപ്പെടുത്തിയ രചനകൾ മലയാളത്തിൽ പലതുമുണ്ട്. അനുഷ്ഠാനപരതയുടെ ഭാഷയും പരിസരവും ചോർന്നുപോവാതെ ആവിഷ്കരിക്കാൻ ഇത്തരം രചനകൾക്ക് സാധിച്ചിട്ടുണ്ട്. ഇവിടെ ബൈജു ആവള സ്വീകരിച്ചിട്ടുള്ളത് വടക്കേ മലബാറിലെ പയ്യോർമല, കടത്തനാട് പ്രദേശങ്ങളിലെ പുലയരുടെ മരണാനുഷ്ഠാന ചടങ്ങാണ് ഈ കവിതയുടെ ആധാരമായി സ്വീകരിച്ചിരിക്കുന്നത് എന്നു മുമ്പേ വിവരിച്ചുവല്ലൊ.” അയ്യാലയ്യ പടച്ചോനെഈരാഞ്ഞിമ്മലച്ചാളേന്നല്ലെരെയ്യം നെലവിളി കേൾക്കുന്നെദേശം നല്ലൊരു ചെമ്മാരി മരുത്തന്മാരും വന്നല്ലൊതുടി തച്ചും പറ തച്ചും മരണം വന്നതറിയിച്ചോആവോ ദാമാനോഈച്ചരപൊന്മകനെ “എന്നിങ്ങനെയാണ് അനുഷ്ഠാന ഗാനത്തിന്റെ തുടക്കം. മരണം, ജീവിതം, മരിച്ചവർ, ജീവിച്ചിരിക്കുന്നവർ, മരിച്ചവരുടെ ലോകം, ദൈവങ്ങളുടെ സാന്നിധ്യം , ബാധയെ മരിച്ചവരുടെ ലോകത്തേക്കു കൊണ്ടുപോകുന്ന ദൈവങ്ങൾ, അവരുടെ ഭാഷണം , ജീവിച്ചിരിക്കുന്നവരോടുള്ള സംഭാഷണം , മരണപരിസരം, നാടിന്റെയും വീടിന്റെയും ദുഃഖം തുടങ്ങി ഓരോ സൂക്‌ഷ്‌മ ഘടകങ്ങളും ആവിഷ്കരിക്കുന്നു ബൈജു ആവള യുടെ ” കൂളിയാട്ടം, എന്ന കവിത.


