അതിരാവിലെയായിരുന്നു:എം.ബി.മനോജ്
അതിരാവിലെയായിരുന്നു:
എം.ബി.മനോജ്
ആറു കുടിലുകളിലുള്ളവരും
ഉറക്കത്തിലായിരുന്നു
കർക്കിടകക്കാലം
കൊറോണാവ്യാധിയാൽ
ആൾക്കാർ അകലം പാലിക്കുന്നു.
അതിരാവിലെയായിരുന്നു.
ജെസിബിയുമായി
നൂറ്റൊന്നു പോലീസുകാർ വന്നു
കുടിലിൽനിന്നും
ഓരോരുത്തരെയായി വലിച്ചിറക്കി
നീലവണ്ടിയിലേക്കുതള്ളി
നിലവിളി പടരാതിരിക്കാൻ
എവിടേയ്ക്കോ കൊണ്ടുപോയി.
അതിരാവിലെയായിരുന്നു.
കുടിലുകൾക്കിടയിലേക്ക്
ജെസിബിയെ അഴിച്ചുവിട്ടു
ആധാർകാർഡ്, റേഷൻപാത്രം
അലക്കി നനച്ചിട്ടത്,
അടുപ്പിൽ അടച്ചുവച്ചത്,
ഫസ്റ്റ് ബെല്ലിലെ
ടീച്ചർമ്മാർ
പഠിപ്പിച്ച നോട്ടുകൾ,
ഒന്നൊന്നായി
മണത്ത് കടിച്ചെടുത്ത്
ഞെരിച്ച്
അവിടമെല്ലാം
ഇടിച്ചുനിരത്തി.
അതിരാവിലെയായിരുന്നു.
അന്നുവൈകിട്ടും
പതിവുപോലെ, വെടിപ്പായിക്കുളിച്ച്,
മസ്കും വച്ച് ,
സാനിറ്റൈസറും തൂത്ത്,
ന്യൂസ് റൂമിൽ വന്ന്,
ആളുകൾക്കുമുന്നിൽ
സാമൂഹിക അകലം പാലിച്ചു