
അഭിലാഷ് എസ്. കുമാർ സംവിധാനം ചെയ്ത സിനിമയാണ് ചട്ടമ്പി. ജീവിച്ചിരുന്ന ആരോടൊക്കെയൊ സാമ്യം തൊന്നുന്ന കഥാപാത്രങ്ങളാൽ സമ്പന്നമായ സിനിമയാണ് ചട്ടമ്പി . ഇടുക്കി ജില്ലയിലെ കൂട്ടാറും മറ്റു പരിസരങ്ങളും ലൊക്കേഷനായി ഉൾപ്പെട്ട സിനിമ ഹൈറേഞ്ചിന്റെ ജീവിതത്തെ അടുത്തുനിന്നു ചിത്രീകരിക്കുന്നു.
പള്ളിയും പട്ടക്കാരുമില്ലാത്ത എന്നാൽ കുഴിച്ചിടാൻ അല്പം ഭൂമി അവശേഷിക്കുന്ന പെന്തക്കോസ്തു കുടുംബത്തിലെ ഒരു പാപിയായ യുവാവാണ് കറിയ. ആ യുവാവിന്റെ ജീവിതം കറിവേപ്പിലയ്ക്ക് സമാനമാക്കുന്നത് നാട്ടിലെ ബ്ലേഡ് കമ്പനിക്കാരനാണ്. രക്ഷകനായും സഹായിയായും കറിയയെ കൂടെ നടത്തുന്നുണ്ടെങ്കിലും ഓരോ ഘട്ടത്തിലും അവനെ അകറ്റിനിർത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുകയാണ് അയാൾ . പടിപടിയായി സാമാന്യബോധം മറഞ്ഞു കഞ്ചാവിന് അടിമപ്പെട്ട കറിയ സ്വാഭാവികമായ സ്വന്തം പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

അവന്റെയുള്ളിന്റെ കഞ്ചാവിന്റെ ലഹരി തന്റെ സുഹൃത്തിനെ കൊല്ലുന്നതിൽ എത്തിച്ചേരുന്നു. ഇതാകട്ടെ നിയന്ത്രണംവിട്ട അവസ്ഥയിൽ അയാൾ എത്തിച്ചേർന്നതിന്റെ ഉദാഹരണമാകുന്നുണ്ട്. സാമ്പത്തിക ദാരിദ്യം, ഭൂരാഹിത്യം, എന്നിവയ്ക്കു മുകളിൽ രൂപപ്പെടുന്ന നിരന്തര അവഗണന കൂടിയാകുമ്പോൾ കറിയ എന്ന ആൾ വ്യക്തി എന്നതിനപ്പുറം കേവലം ഉപകരണമായിത്തീരുന്നു.
ഉപകരണം എന്ന ജന്തുവും ജന്തു സമാനനായ ഉപകരണവും എന്ന അവസ്ഥയിൽ നിന്നും മോചിതനാകാൻ കഴിയാത്തതിനാലാണ് അയാൾക്ക് സ്വന്തം സുഹൃത്തിനെ വധിക്കേണ്ടിവരുന്നത്. അധ്വാനിച്ചും സ്വന്തം മകന്റെ ചികിത്സയ്ക്കും ജീവിതം മാറ്റിവച്ച സുഹൃത്തിന്റെ കൊലപാതകം കറിയയുടെ ഉപകരണ ജന്തുത്വത്തിൽ നിന്നും രൂപപെട്ടതായിരുന്നു.
മുതലാളിയെ അടിമയെപ്പോലെ ഉൾക്കൊള്ളാത്ത എന്തോ ഒന്ന് കറിയയിലുണ്ട്. എന്തെന്നാൽ അയാൾ ഭൂമിയുടെ ഉടമയാകുവാൻ ആഗ്രഹിക്കുന്നുണ്ട്. കച്ചവടവും സമ്പത്തും സ്വപ്നം കാണുന്നു. തമിഴനുമായുള്ള അടുപ്പം അയാളുടെ സ്വപ്നസാഫല്യത്തിനു വേണ്ടിയായിരുന്നു. എന്നാൽ അതിനെ വിയോജിക്കുന്ന ബ്ലേഡ്കാരൻ ഒരിക്കൽപ്പോലും പകരം ഏതെങ്കിലും ഒരു മെച്ചപ്പെട്ട വഴി കറിയക്ക് തുറന്നു കൊടുക്കുന്നില്ല. അയാളുടെ കാപട്യവും തന്ത്രവും ഏകാധിപത്യവും നിരന്തരം നിർമ്മിക്കുന്ന ഭാരങ്ങളാണ് കറിയ എന്ന കൊലപാതകിയെ രൂപപ്പെടുത്തുന്നത്. ഇതാകട്ടെ കറിയയുടെ കൊലപാതകമരണത്തിൽ കലാശിക്കുകയല്ലാതെ വഴികളില്ലാതാക്കുന്നു.

സുബ്രഹ്മണ്യപുരം VS ചട്ടമ്പി :
ചട്ടമ്പി എന്നസിനിമ ചിന്തിപ്പിക്കുന്ന ഒരു ഘടകം അത് പല ഘട്ടങ്ങളിലായി ഓർമ്മിപ്പിക്കുന്ന സുബ്രഹ്മണ്യപുരം സിനിമ ആണ്. അരാഷ്ട്രീയനായ യുവാവാണ് കറിയ. ഇത് സുബ്രഹ്മണ്യ പുരത്തിലെ അരാഷ്ട്രീയ യുവക്കളെ ഓർമ്മിപ്പിക്കുന്നു. ബ്ലേഡ്കാരൻ പ്രസ്തുത സിനിമയിലെ സമുദ്രക്കനിയുടെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നു. കറിയ അയാൾ വിശ്വസിക്കുന്ന തമിഴനായ ആളിന്റെ കയ്യാൽ കൊല്ലപ്പെടുന്നു. അയാൾക്ക് കൊലപ്പണം തൂക്കിയിട്ടിരിക്കുന്ന തൊട്ടി , കറിയയെ വധിക്കുവാൻ അമ്മായി അപ്പനൊപ്പം മുൻകയ്യെടുക്കുന്ന ബ്ലേഡ്കാരന്റെ ഭാര്യ, ഉൾപ്പെടെ പല കഥാപാത്രങ്ങളും സുബ്രഹ്മണ്യപുരത്തെ ഓർമ്മിപ്പിക്കുന്നു. മധുര എന്ന ദേശത്തിലെ അധികാര ബന്ധങ്ങളുടെ ബലതന്ത്രങ്ങളും ഇടുക്കി എന്ന ഹൈറേഞ്ചിന്റെ അധികാര ബന്ധങ്ങളുടെ ബലതന്ത്രങ്ങളും സുബഹ്മണ്യപുരവും ചട്ടമ്പിയും വ്യക്തമാക്കുന്നു.
ഗൗരവംവിടാത്ത ചിത്രീകരണത്താലും ലൊക്കേഷന്റെ തിരഞ്ഞെടുപ്പുകൊണ്ടും കഥാപാത്രങ്ങളുടെ സവിശേഷത കൊണ്ടും ശ്രദ്ധേയമാണ് ചട്ടമ്പി എന്ന സിനിമ.

സിനിമാക്കുറിപ്പ്
ചട്ടമ്പി :എം.ബി.മനോജ്