രണ്ടുപേര്‍ ,
അവർ
അന്നുകണ്ടവർ
പണ്ട് കണ്ടു കണ്ട്
വണ്ടിവിട്ടവർ
ഇന്നു
കണ്ടതാകയാൽ
അന്നുടച്ച
വാക്കെടുത്ത്
ചേർത്തു കെട്ടുന്നു
വഴീൽ
തർക്കമാക്കുന്നു
വീണ്ടും ,
പഴയതാക്കുന്നു .
മുന്നിലില്ല പിന്നിലില്ല
മുന്നമേപടച്ചതല്ല
പിന്നെയായ്പ്പിണച്ചതില്ല.
ഇന്നു കാണു
ന്നിന്നുകാണു .
മാറലില്ല മാറ്റലില്ല
മറ്റവന്റെ കയ്യിലല്ല
ഇല്ല അല്ല ല്ല ല്ല.
അങ്ങനല്ല
ശെരിയതല്ല
മറ്റേയാളിടക്കുകേറി
കൈ കഴുകി
ക്കുടഞ്ഞതാണ്.
കാലുരച്ച് തേച്ചതാണ്.
കണ്ണെടുത്ത് വച്ചതാണ്
തന്നെതന്നെ പിരിച്ചതാണ്
പിണച്ചഴിച്ച് കൂട്ടീതാണ്
കടുങ്കെട്ടുകെട്ടീ വിട്ടതാണ്
ആണ് ആണ്
ണ് ണ്.
ഓ
ഓ
ശെരിയിരി
യൊരു
ചായയാവാം
വാ വാ
ഇതുവഴി
ഇച്ചിരി നടന്നുപോകാം –
അയ്യോ യ്യോ
ഇവിടിരുന്ന്
പറഞ്ഞവർ
ഇപ്പമൊച്ചയാക്കിയോർ
എവിടെ വിടെ
അവരു പോയ
വഴിയെവിടെ
ഉടച്ചുവിട്ട
വാക്കെവിടെ
കെട്ടഴിച്ച
നാക്കെവിടെ
ചായസഞ്ചിവെന്ത
കടയെവിടെ
യവരെവിടെ.
