
1964 ൽ റിലീസ് ചെയ്ത ഭാർഗവിനിലയവും 2023 ൽ റിലീസ് ചെയ്ത നീലവെളിച്ചവും താരതമ്യ പഠനാർഹമായ രണ്ടുസിനിമകളാണ്. നീലവെളിച്ചം കണ്ടപ്പോൾ ആദ്യം തോന്നിയത് ഭാർഗവിനിലയം കാണുവാനാണ്. യൂട്യൂബിൽ നിന്നും ഭാർഗവിനിലയം കണ്ടു. തുടർന്ന് രണ്ടു സിനിമയിലെയും ഗാനരംഗങ്ങൾ കാണുകയെന്നതായിരുന്നു.
ഭാർഗവിനിലയത്തെ ആഴത്തിൽ പഠിച്ച ശേഷം ചിത്രീകരിച്ച സിനിമയാണ് നീലവെളിച്ചം എന്നുവ്യക്തം. ഭാർഗവിനിലയത്തിലെ കഥാപാത്രങ്ങൾക്കിണങ്ങുന്ന ശരീര സവിശേഷതയുള്ള കഥാപാത്രങ്ങളെയാണ് നീലവെളിച്ചവും കണ്ടെത്തുവാൻ ശ്രമിച്ചിട്ടുള്ളത്. അപൂർവ്വം ചില കഥാപാത്രങ്ങളിൽ മാത്രമാണ് വ്യത്യാസം സംഭവിച്ചിട്ടുള്ളത്. ചായക്കടയിലെ ചായ എടുപ്പുകാരനാണ് ഇതിൽ ഒരാൾ.
ഭാർഗവിനിലയത്തിലെ മധുവിന്റെ കഥാപാത്രത്തിന്റെ ചടുലതയെവിട്ട് ശമ സ്വഭാവക്കാരനാണ് ടൊവിനൊയുടെ കഥാപാത്രം. ഇത് ടൊവിനൊ എന്ന നടന്റെ വേറിട്ട ഒരു കഥാപാത്രജീവിതം സമ്മാനിക്കുകയും ചെയ്യുന്നു.

നീലവെളിച്ചം എന്ന അനുഭവത്തെ ബ്ലാക് ആന്റ് വൈറ്റിൽ കാണേണ്ടിവന്ന സിനിമാസാങ്കേതികതയിൽ നിന്നും ഭിന്നമായി നീലവെളിച്ചത്തെ കാണിച്ചു തരുന്ന അനുഭവലോകമാണ് പുതിയ സിനിമയുടെ പ്രത്യേകത. അത് അനുഭവേദ്യമാക്കുന്ന സന്ദർഭങ്ങൾ വളരെ ശ്രദ്ധേയവുമാണ്. സിനിമയുടെ ഒടുവിൽക്കാണിക്കുന്ന ജലപ്പരപ്പും ജലസാന്നിധ്യവുമാണ് നീല വെളിച്ചത്തെ കൂടുതൽ അർത്ഥവത്താക്കുന്നത്. അതേസമയം കളർ സിനിമയുടെയും സാങ്കേതിക വികാസത്തിന്റെയും സാധ്യത പുതിയസിനിമ വേണ്ടവിധം ഉപയോഗപ്പെടുത്തിയൊ എന്ന സംശയം മുന്നിലുണ്ട് .
ഭാർഗവിനിലയത്തിന്റെ ഇരുണ്ടലോകം ചിത്രീകരിക്കുന്നതിൽ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ മലയാളി പ്രേക്ഷകർക്കു മുന്നിൽ ഒരു ട്രെന്റ് നിർമ്മിച്ചെടുത്ത് വിജയിച്ചിരുന്നുവല്ലൊ. പുതിയ കാലത്ത് കാണുമ്പോഴും 59 വർഷം പിന്നിടുന്ന ഭാർഗവിനിലയം ടെക്നിക്കലി വിജയിച്ച ഒരു സിനിമയായി നിലകൊള്ളുന്നു. പ്രത്യേകിച്ചും ക്യാമറമൂവിങ്ങും ലൈറ്റും ഏറ്റവും പുതിയകാലത്തെയും അതിജീവിച്ചു എന്നു പറയേണ്ടിയിരിക്കുന്നു. പഴയ കാല സംഗീതത്തിനും ഗാനങ്ങൾക്കും അപ്പുറത്തു നിൽക്കുവാൻ പുതുകാലത്തിനുമാവുന്നില്ല.

ഇങ്ങനെയുള്ള സവിശേഷതകളായിരിക്കുമല്ലൊ നീല വെളിച്ചത്തെ ചിത്രീകരിക്കുവാൻ പതുകാല സിനിമപ്രവർത്തകർക്ക് പ്രേരണയായതും. തിരക്കഥയെ ചിട്ടപെടുത്തുന്നതിലും ചിത്രീകരിക്കുന്നതിലും പുലർത്തുന്ന ശ്രദ്ധ പുതിയ സിനിമയിലും എടുത്തു പറയേണ്ട ഒന്നാണ്. ഭാർഗവിനിലയത്തിലെ ചില ഭാഗങ്ങളിലെങ്കിലും നാടകീയത കാണുവാൻ സാധിക്കുന്നുവെങ്കിൽ , നീലവെളിച്ചം അതിൽ നിന്നും മുക്തമാണ്.
പലയളവിലും പഠിക്കുവാനും താരതമ്യം ചെയ്യുന്നതിനും സാധ്യമാകുന്ന ആസ്വാദന പരിശോധനകൾ തുറന്നുതരുന്നു നീലവെളിച്ചം എന്ന സിനിമ .സിനിമയ്ക്കു പിന്നിലുള്ള എല്ലാവർക്കും അഭിനന്ദനം.

