ഉമ്മർ മാഷും ഞാനും – ഒ.കെ. സന്തോഷ്

Spread the love

ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിക്കുന്ന ഡോ. ഉമർ തറമേലിന് ആശംസകൾ.
കട്ടപ്പനയിൽനിന്നും എം. ജി. യൂണിവേഴ്സിറ്റിയുടെ അതിരമ്പുഴ കാമ്പസിലേക്കുള്ള ദൂരം ഏകദേശം 130 കിലോമീറ്ററെയുള്ളുവെങ്കിലും അവിടെ എം. എ. യ്ക്ക് പഠിക്കാൻ എത്തുമ്പോൾ തീർത്തും അപരിചിതമായ ലോകത്ത് എത്തിയ പ്രതീതിയായിരുന്നു. കിഴക്കൻമലയിൽനിന്നും മധ്യകേരളത്തിലേക്ക് പോകുന്നവർ മുൻപ് തമാശയായി പറയുന്നപോലെ മുണ്ടക്കയത്തെ കല്ലേപ്പാലം കടന്നാൽ തണുപ്പിനെ കീഴ്പ്പെടുത്തി പതിയെ ചൂട് കാറ്റ് അടിച്ചുതുടങ്ങും. സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എത്തുമ്പോഴും ജീവിതത്തിന്മേൽ പൊതിഞ്ഞ ചൂട് ആദ്യമൊക്കെ പ്രയാസമുണ്ടാക്കി.
വ്യത്യസ്തവിഷയങ്ങളിൽ പ്രാഗൽഭ്യമുള്ള അധ്യാപകരും അവർ വിദ്യാർത്ഥികളോട് പുലർത്തുന്ന ജനാധിപത്യപരവും സർഗാത്മകവുമായ അടുപ്പവുമായിരുന്നു പിന്നീട് അവിടെ പിടിച്ചുനിൽക്കാൻ സഹായകമായത്. ബല -ദൗർബല്യങ്ങളുടെ കണക്കെടുപ്പായി പരിഗണിക്കപ്പെടുന്ന വിനോദയാത്രകൂടി കഴിയുന്നതോടെ പാരസ്പര്യം ശക്തമാകുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായി തോന്നുന്നത് ഗൗരവമായ ക്ലാസുകളും ചർച്ചകളുമായിരുന്നു.ഏറെ ബഹളങ്ങൾ നിറഞ്ഞ ക്ലാസ്സുകൾക്കിടയിൽ ഉമർ മാഷിന്റെ സംസാരം പതിയെയായിരുന്നു. സാഹിത്യവിമർശനം,നോവൽ, ഉത്തരാധുനിക സിദ്ധാന്തങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂടെ സാഹിത്യ- സാംസ്കാരികധാരണകളെ പുതുക്കുകയും മാറ്റുകയുമായിരുന്നു അദ്ദേഹത്തിന്റെ അധ്യയനത്തിന്റെ രീതി.
യൂണിവേഴ്സിറ്റിക്കടുത്തുള്ള മാഷിന്റെ വാടകവീട് റബർമരങ്ങൾക്കിടയിൽ നിഗൂഡതയൊളിപ്പിച്ചു നിൽക്കും. ചില ശനി, ഞായർ ദിവസങ്ങളിൽ അവിടെ ഭക്ഷണമുണ്ടാക്കിയും ഗസലുകളും ബാബുക്കയുടെ പാട്ടുകൾ കേട്ടും ഞങ്ങൾ ഒത്തുകൂടുമായിരുന്നു. ഒരു ചാരുകസേരയിൽ ഞങ്ങളെ നിരീക്ഷിച്ചു മാഷ് ഇരിക്കും. പെൺകുട്ടികൾ ഉൾപ്പെടെയുള്ള ആ കൂട്ടങ്ങളിലെ ഏറ്റവും ആകർഷകമായ കാര്യം പാകംചെയ്ത ഭക്ഷണം എല്ലാവരുംകൂടി കഴിക്കുന്നതാണ്. അധ്യാപക- വിദ്യാർത്ഥിബന്ധത്തിന്റെ പരമ്പരാഗത സങ്കല്പങ്ങൾ പൊതുവെയില്ലാത്ത ലെറ്റേഴ്സിൽ ഇത്തരം കൂടിച്ചേരലുകൾ കൂടുതൽ ആത്മവിശ്വാസവും സഹവർത്തിത്വത്തിന്റെ ഭാഷയും നൽകി.


ചർച്ചകൾ, പഠനം, ഗവേഷണം, ആക്റ്റീവിസം തുടങ്ങി പലതിന്റെയും പാഠം ഉറപ്പിക്കുന്നതിൽ ഉമർ മാഷിനുള്ള പങ്ക് വളരെ വലുതാണ്. ആദ്യകാലത്ത്, ഒട്ടും വടിവില്ലാത്ത കൈയക്ഷരത്തിലുള്ള അദ്ദേഹത്തിന്റെ ചില ലേഖനങ്ങൾ ഞാൻ പകർത്തിയെഴുതി കൊടുത്തിട്ടുണ്ട്. ഗവേഷകനായി ഒരു ചർച്ചയോ സന്ദേഹമോയില്ലാതെയാണ് എന്നെ അദ്ദേഹം സ്വീകരിച്ചത്. പരിപൂർണ സ്വാതന്ത്ര്യമായിരുന്നു ഉമർ മാഷ് ഗവേഷണത്തിൽ നൽകിയത്.
മാഷിന്റെ അക്കാദമികവും അല്ലാത്തതുമായ എഴുത്തുകൾ കേരളീയ സമൂഹത്തിന് മുൻപിൽ വിസ്തൃതമായി കിടക്കുന്നു. സാഹിത്യവിമർശനം, സിനിമ പഠനം, നാടകപഠനം, വിവർത്തനങ്ങൾ, മാപ്പിളപ്പാട്ടുകളെക്കുറിച്ചു ബാലകൃഷ്ണൻ വള്ളിക്കുന്നിനൊപ്പം ചെയ്ത പുസ്തകങ്ങൾ, സീതിഹാജി തമാശകളെക്കുറിച്ചുള്ള ജനപ്രിയ സാംസ്കാരിക നിരീക്ഷണങ്ങൾ തുടങ്ങി ഓരോന്നും പറയാൻ ഏറെയുണ്ട്. സിനിമ, നാടകം, ഫോട്ടോഗ്രാഫി, ചിത്രകല, യാത്രകൾ ഒക്കെ പ്രിയപ്പെട്ടതായി കൊണ്ടുനടക്കുന്ന ഉമർ മാഷ്, പുതിയ ആശയങ്ങളെയും രാഷ്ട്രീയത്തെയും മുൻവിധികൾ ഇല്ലാതെ സ്വീകരിക്കുന്ന ആളായി തോന്നിയിട്ടുണ്ട്.
ഇപ്പോഴും ഏറെ തിരക്കുകൾ ഇല്ലാത്ത പുതുപറമ്പ് അങ്ങാടിയിലിറങ്ങി അവിടുത്തെ പൊതുകാര്യങ്ങളിൽ ഇടപെടുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഉമർ മാഷിന്റെ ഔദ്യോഗികജീവിതത്തിൽനിന്നുള്ള പടിയിറക്കം കൂടുതൽ ഊർജസ്വലമാകട്ടെ എന്ന് ആശംസിക്കുന്നു.

(മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗം അധ്യാപകനാണ് ലേഖകൻ)

ഒ.കെ. സന്തോഷ്