പട എന്ന സിനിമ നമുക്കു മുന്നിലേക്കു വന്നിരിക്കുന്നു. ഈ സിനിമ ഒരു സംഭവ കഥയുമായി അടുപ്പം പുലർത്തുന്നു. സംവിധായകൻ ശ്രീ.കമൽ കെ.എമ്മും അതുപോലെ മറ്റു അണിയറ പ്രവർത്തകരും ശരിയാംവിധം ഹോംവർക്കുചെയ്ത സിനിമകൂടിയാണ് ഇത്. സാങ്കേതിക മികവും ചിത്രസംയോജനവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും പിന്നണിഗാനങ്ങളും എല്ലാം നവീനവും ഒന്നാംതരവുമായിരിക്കുന്നു. സാങ്കേതികമായ സാധ്യതകളുടെ തെരഞ്ഞെടുക്കൽ സിനിമയെ ഏറെ സജീവമാക്കിയിട്ടുണ്ട്. 1996 ലെ ഒരു സംഭവത്തെ വിവരിക്കുന്ന സിനിമ പ്രസ്തുത വിഷയത്തെ സിനിമയിലേക്കുപകർത്തുന്നതിൽ സൂക്ഷ്മതയും ആകർഷകത്വവും പുലർത്തിയിട്ടുണ്ട്. ഉടനീളം ആകാംഷയുടെ നിമഷങ്ങൾ പങ്കുവയ്ക്കുന്നതിൽ സിനിമ വിജയിച്ചു എന്നുപറയാം. സിനിമ പുലർത്തുന്ന രാഷ്ട്രീയ വിമർശനം വളരെ പ്രധാനപ്പെട്ട ഒന്നാണ്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്ക് തുറക്കുന്ന വിമർശനവും പ്രതിഷേധവും :

തികഞ്ഞ ഗൗരവത്തോടെ ചിത്രീകരിക്കപ്പെട്ട ഈ സിനിമയുടെ വർത്തമാനകാല പ്രസക്തി വ്യക്തമാണ് . രാഷ്ട്രീയ ചരിത്രത്തിനുമേൽ രൂപപ്പെടുന്ന മുഖ്യധാരാ വ്യവഹാരങ്ങൾ, ഇതര ഇടങ്ങളെ തമസ്കരിക്കുന്നതിന്റെയും ബഹിഷ്കരിക്കുന്നതിന്റെയുമാണ്. നാല് ചെറുപ്പക്കാർ അധികാര സംവിധാനത്തിനുമേൽ നടത്തുന്ന പ്രതിഷേധം തീവ്രഇടതു രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. അതേസമയം പല വ്യാഖ്യാനങ്ങൾ സാധ്യമാകാവുന്ന ഒരു പ്രവർത്തനം കൂടിയായിരുന്നു അത്. അഥവാ എഴുപതുകളിലേതിൽ നിന്നും തികച്ചും വ്യതസ്തമായിരുന്നു തൊണ്ണൂറിലെ രാഷ്ട്രീയ ഇടപെടലുകൾ.

നാറാണത്തിന്റെ കല്ലുകൾ വീണ്ടും ഉരുളുന്നു.
ഗോത്രസമൂഹങ്ങൾ സ്വന്തം നിലയ്ക്കും ദേശരാഷ്ട്രത്തിൽ അവരുടെ ആവശ്യങ്ങൾ നിരത്തിയതാണ് തുടർന്നുവന്നകാലം. പൊതുസമൂഹം അതിനോട് ഐക്യപ്പെട്ടു. മണ്ണ് വേണമെന്ന് ഗോത്ര മൂപ്പന്മാരുടെ ഓരോ മൂർത്തികളും മരണത്തിൽ നിന്നും ഉയർന്നുവന്നുപറഞ്ഞു. എന്നാൽ മണ്ണുമാത്രമല്ല, അവരുടെ നിലനില്‌പുകൂടി അപകടപ്പെടുംവിധം പ്രശ്നങ്ങൾ രൂക്ഷമാക്കുകയാണ് അധികാര സംവിധാനങ്ങൾ ചെയ്തത്.പൊതുഇടങ്ങളിലേക്ക്അരികുകളുടെ രാഷ്ട്രീയം കടന്നുവരുന്നു.പൊതുഇടങ്ങളുടെ വ്യവഹാരലോകങ്ങൾ ജീർണതയിലേയ്ക്ക് അട്ടിമറിഞ്ഞിട്ട് കാലങ്ങളായി. ഇത്തരം ജീർണോദ്ധാരണങ്ങളുടെ മാസ്മരിക വർത്തമാനത്തിൽ മനുഷ്യർ കടന്നുപോകുന്ന യാഥാർത്ഥ്യങ്ങളെ ചർച്ചചെയ്യുവാൻ നടത്തുന്ന ശ്രമങ്ങൾ വർത്തമാന കാലത്തിൽ പ്രധാനപ്പെട്ടതാണ്. പുതിയ സിനിമകളിൽ അരികുകൾ ചർച്ചകളായി കടന്നുവരുന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതേസമയം ഒരേരൂപത്തിലാവില്ല അവയുടെ കടന്നുവരവ് എന്നതും സവിശേഷതയുള്ളതാകുന്നു.

രാഷ്ട്രീയ വീക്ഷണങ്ങളും ഇടപെടലുകളും :
1990 കളിൽ സവിശേഷമായി ചർച്ച ചെയ്യപ്പെട്ടിരുന്ന രാഷ്ട്രീയ വീക്ഷണങ്ങളും ഇടപെടലുകളും പല രൂപത്തിൽ ശാഖികളായിട്ടുണ്ട്. ഇവ പല രൂപത്തിൽ പാരായണപ്പെടേണ്ടവയുമാണ്. അവ ഓരോന്നും വായിക്കപ്പെടുകയും പുനർ പാരായണപ്പെടുകയും ചെയ്യുന്ന ഒരു സാംസ്കാരിക മണ്ഡലം മലയാളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. 90 കളിൽ അംബേദ്‌കർ സിനിമയെ തീയറ്ററുകളിൽ പ്രദർശിപ്പിക്കാത്ത ഒരു സാംസ്കാരിക ലോകത്തുനിന്നും മലയാള സിനിമയിൽ സംഭവിച്ചിട്ടുള്ള പരിവർത്തനം ശ്രദ്ധേയമായ ഒന്നാണ്.

പരിഹാസിതരായ നഗ്ന രാജാക്കന്മാർ :
സിനിമയിലെ ആ നാലു ചെറുപ്പക്കാർ ഒരു സന്ദർഭത്തിൽ മരണത്തെ മുഖാമുഖം കണ്ടവരാണ്. എന്നാൽ അവർ രക്തസാക്ഷിത്വം തെരഞ്ഞെടുത്തില്ല. അവർ ബന്ധിയാക്കുന്ന ജില്ലാതല അധികാരിയെയും അവർ മരിക്കാൻ അനുവദിക്കുന്നില്ല. അവർ പ്രതിസ്ഥാനത്തുനിർത്തുന്നത് ദേശത്തിന്റെ ഭരണ സംവിധാനങ്ങളെയാണ്. അതിന്റെ നടത്തിപ്പിനെ മാത്രമല്ല. ഭരണഘടനയെയും അവർ ഉൾക്കൊള്ളുന്നില്ല. അതേസമയം പൂർണമായും തള്ളിക്കളയുന്നുമില്ല. ഇങ്ങനെയൊരു സമ്മിശ്രത തൊണ്ണൂറുകളിലെ രാഷ്ട്രീയ പരിവർത്തനത്തിന്റെ പ്രത്യേകതയുമാണ്. അതുകൊണ്ടു കൂടിയാവാം തങ്ങളുടെ ലക്ഷ്യം അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുവാനാണെന്ന പ്രധാന ലക്ഷ്യത്തിലേക്ക് അവർ എത്തിച്ചേരുന്നത്. ഇതിൽ ആ യുവാക്കൾ വിജയിക്കുന്നു. എന്നാൽ നഗ്നരായ രാജാക്കന്മാർ കൂടുതൽ വിവസ്ത്രരാകുന്നതാണ് തുടർ ചരിത്രത്തിലും നാം കാണുന്നത്.

ജില്ലാ ജഡ്ജിയുടെ ചിരി :
സിനിമയുടെ ഒടുക്കം നാം കാണുന്ന ജില്ലാ ജഡ്ജിയുടെ പരിഹാസച്ചിരി ഏറ്റവും പ്രസക്തമായ ഒന്നാണ്. ഭൂരഹിതരുടെ ഭൂമി പ്രശ്നം പരിഹരിക്കപ്പെടുമോ എന്ന യുവാക്കളിലൊരാളുടെ ചോദ്യത്തിന് ജില്ലാ ജഡ്ജിക്കുള്ളത് പരിഹാസത്തിന്റേതായ ചിരി മാത്രമാണ്. ഇത് ആർക്കു നേരെയായിരുന്നു. കേരളത്തിലെ അരികുസമൂഹങ്ങളെ നിരന്തരം ഓരങ്ങളിലാക്കുന്ന സവർണതയോടും അതിന്റെ അധികാര രൂപങ്ങളോടുമാണൊ ? ഒരു ജനാധിപത്യ , മതേതര ഭരണ സംവിധാനം ഉണ്ടായിരുന്നിട്ടും അതിനെ ശരിയായ വിധത്തിൽ മനസ്സിലാക്കുന്നതിനും സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കഴിയാതെ പോകുന്ന രാഷ്ട്രീയ നിലപാടുകളോടാണൊ ? പട എന്ന സിനിമ പടയ്ക്കു മുമ്പും പടയ്ക്കു ശേഷവും നമ്മുടെ ദേശം കടന്നുപോയ രാഷ്ട്രീയ കാലങ്ങളെ നാറാണച്ചിരികളായി നോക്കിക്കാണുന്നു.
