2022 ജൂൺ 10 ( ഇടവം 27) പൊയ്കയിൽ ആചാര്യഗുരുവിൻ്റെ (പി.ജെ ബേബി തിരുമേനി ) 96ആമതു ജന്മവാർഷിക ദിനമാണ്.’വിജ്ഞാനദിന”മായാണ് പ്രത്യക്ഷ രക്ഷാ ദൈവസഭ ഈ ദിനം ആഘോഷിക്കുന്നത്.
P.R.D.S സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ്റെയും അഭിവന്ദ്യ മാതാവ് ശ്രീമതി വി. ജാനമ്മയുടെയും (അമ്മച്ചി ) മൂത്ത മകനായി 1926 (1101 ഇടവം 27) ലാണ് ആചാര്യഗുരു ജനിച്ചത്.ഇരവിപേരൂരിലെ വട്ടക്കോട്ട പ്രൈമറി സ്കൂളിലും സെന്റ് ജോൺസ് ഹൈസ്ക്കൂളിലും പാറശാല ഇംഗ്ലീഷ് ഹൈസ്കൂളിലുമായി വിദ്യാഭ്യാസം നേടി. തുടർന്ന് പാളയംകോട് സെന്റ് ജോൺസ് കോളേജിൽ ഉപരിപഠനം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും പാണ്ഡിത്യം നേടിയ ആചാര്യഗുരുവിന് വലിയ ഗ്രന്ഥശേഖരംതന്നെ ഉണ്ടായിരുന്നതായി സമകാലികർ ഓർമ്മിക്കുന്നു.സാഹിത്യം, സംഗീതം, അധ്യാത്മീകം, വേദാന്തചിന്തകൾ തുടങ്ങിയ വിവിധമേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. കെ.എം തരകൻ, ഇടമറുക് പോലെ സാഹിത്യ സാമൂഹ്യ മേഖലയിലുള്ള നിരവധിപേർ ആചാര്യ ഗുരുവിന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.
‘പ്രത്യാശയും ഈശ്വരവിശ്വാസവും’, ‘ഹിന്ദുമതം വികാസപരിണാമങ്ങളിലൂടെ ‘, ‘മതബോധം’, ‘ചരിത്രത്തിന്റെ സാമ്പത്തിക ശാസ്ത്രപരമായ ആഖ്യാനം ‘ (ഇംഗ്ലീഷ്), ‘മനസ് ശരീരം ആത്മാവ് ‘, ‘സനാതന ധർമ്മത്തിന്റെ സവിശേഷതകൾ ‘ തുടങ്ങി നിരവധി ലേഖനങ്ങൾ P.R.D.S മുഖമാസികയായ ആദിയർദീപത്തിന്റെ വിവിധ ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി.ആർ.ഡി.എസിലെ യുവജനങ്ങളുടെ സാർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യംവച്ചുകൊണ്ട് 1950 കളിൽ പി.ആർ.ഡി.എസ് യുവജന പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത് ആചാര്യഗുരുവാണ്.’പി.ജോൺ മെമ്മോറിയൽ യൂത്ത്ലീഗ് ‘എന്ന പേരിൽ രൂപീകരിച്ച യുവജനപ്രസ്ഥാനം പിന്നീട് ‘പി.ആർ.ഡി.എസ് യൂത്ത്ലീഗ്’ ആയി പുനർനാമകരണം ചെയ്യപ്പെട്ടു.
1962ൽ കൊച്ചുതിരുമേനിയാണ്
(പി. ജെ തങ്കപ്പൻ , പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെയും അമ്മച്ചിയുടെയും ഇളയ മകൻ)
ഇത് പി.ആർ.ഡി.എസ് യുവജനസംഘം
ആയി വിപുലപ്പെടുത്തിയത് .
പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആത്മീകവും ഭൗതികവുമായ വികാസപരിണാമങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ച ആചാര്യഗുരുവിന്റെ ശരീരവേർപാട് സംഭവിച്ചത്
1969 ജനുവരി 22 ആം തീയതിയാണ്.(ചിത്രത്തിൽ ആദിയർദീപം വാർഷിക പതിപ്പിൽ (1969) പ്രസിദ്ധീകരിച്ച ആചാര്യഗുരുവിന്റെ ലഘു ജീവചരിത്രം )
ഏവർക്കും പൊയ്കയിൽ ആചാര്യഗുരുവിന്റെ
96-മത് ജൻമവാർഷികദിനാശംസകൾ….
എഴുത്ത്
രാജീവ് മോഹൻ