കവിത
സ്വപ്നങ്ങൾ :അഭിജിത്ത് കോമ്പയാർ
സ്വപ്നങ്ങൾ
പ്രിയപ്പെട്ടവളേ നമുക്ക്
ആളൊഴിഞ്ഞ ഒരിടം
തിരഞ്ഞു പിടിക്കണം
വലിയോരു പാത്രം
നിറയെ ഉരുണ്ടുറഞ്ഞു
പോയ സ്വപ്നങ്ങൾ
പൊട്ടിച്ചിടണം
വെള്ളമൊഴിച്ചു കൊണ്ട്
ഇളക്കി കൊടുക്കണം
പെട്ടെന്ന് പുളിച്ചു പൊന്താനൊരല്പ-
മെന്തെങ്കിലും ചേർക്കണം
മൂടി അടച്ച് കാറ്റ് കാണാതെ
മണ്ണിൽ അടക്കം
ചെയ്യണം
എഴു പകലുകൾക്കപ്പുറം
തുറന്നെടുക്കണം
നമ്മുടെ സ്വപ്നങ്ങളപ്പോൾ
പുളിച്ചിട്ടുണ്ടാവും
നീ വേഗം അടുപ്പ് കൂട്ടണം
വാറ്റിയെടുക്കുമ്പോൾ
അതിനു നമ്മുടെ കണ്ണീരിന്റെ
നിറമുണ്ടാവും…!