ലോക്ക്ഡൗൺ
———————-
ചായംപൂശാത്ത ശോകത്തിൻ ഒറ്റയറയിൽ ഏറെനാളുകൾ പണ്ടു ഞാനതിഥിയായ്. നോവിൻ ചഷകത്തിൽ മൗനത്തിൻ ഗുളികകൾ ചാലിച്ചൂതിക്കുടിച്ചന്നു പാനീയം. പുറമെ ലോകത്തിലേക്കു തുറക്കുവാൻ പണിതേകാന്തതയിൽ ചെറുജാലകം. ചുവരിലലസമായ് തലചേർത്തു ജനലിന്റെ മറുപുറം മിഴിവിരിച്ചീടവെ ഞാൻ കണ്ടു- ശീലം മാറ്റാതെ ഓരോരോ വൃശ്ചികവും കതകിൽ മുട്ടുന്ന അനുരാഗക്കാറ്റിനെ, തളിരിട്ടയിലകൾതൻ സ്നിഗ്ദ്ധഹരിതത്തിനെ, മൊട്ടിട്ട ലൈലാകബോഹിനിയനിരപ്പിനെ. അത്രനാൾ കണ്ടതിലൊക്കെയും ഏറിയ ലോലവിസ്മയങ്ങൾ, മേഘനീലിമകൾ. തെളുതെളെ മഞ്ഞച്ചുപൂക്കും പുലരികൾ, പച്ചയിലും പച്ചച്ച ജീവന്റെ പച്ചപ്പ്. ചില്ലിനിപ്പുറം നിന്നു ഞാൻ കണ്ടുവ- ന്നന്നോളം കാണാഞ്ഞ ഹൃദ്യത;നാലുപാ- ടെന്റെ മിഴികളോ പിന്നെയും മുന്നിടേ ഉള്ളിൻ വാതിൽത്തഴുതു നീക്കീ ബോധം. നോക്കിൻ പോക്കുകൾക്കേറെ വിരുദ്ധമായ് നെഞ്ചകത്തേക്ക് ഞാനുമവധി പോയ്; ഒട്ടുപോയി ഭ്രമിച്ചവളെന്നാലും എത്തി സങ്കേതമൊരു ചുഴിച്ചുറ്റലിൽ. വിരസരസതന്ത്രപുസ്തകം വിട്ടു ഞാൻ നിനവിൻ നിലാവിലേക്കാദ്യം നടന്നന്ന്. പ്രണയചന്ദ്രന്റെ മഴയുൾ നനച്ചപ്പോൾ തടവുചങ്ങല താനേയഴിഞ്ഞുപോയ്. പ്രിയവിഷാദമേ നന്ദി നീയെന്നിലെ നിഴലുപാടയെ പാടേയകറ്റീലേ! പുതുനിറങ്ങൾ ഞാൻ കാണുന്നു, ഉയിരിന്റെ ഗൂഢസ്മിതങ്ങളിന്നെന്നിൽ ജനിക്കുന്നു. പ്രിയവിഷാദമേ നന്ദി നീ ഹൃത്തിന്റെ തടവേലിക്കെട്ടിൽനിന്നും വിട്ടയച്ചില്ലേ! നെഞ്ചിനുള്ളിലെ കൂടുതുറന്നിതാ നിൻ തടവറയതിൽ ഈ ഞാൻ സ്വതന്ത്രയായ്.. പ്രിയവിഷാദമേ നന്ദി, ഏകാന്തമാം നിൻ തടവറയതിൽ ഈ ഞാൻ സ്വതന്ത്രയായ്.. പ്രിയവിഷാദമേ നന്ദി, ഏകാന്തമാം നിൻ തടവറയതിൽ ഈ ഞാൻ സ്വതന്ത്രയായ്..
പ്രതിഭ പണിക്കർ,
