പ്രണയം
………………..
കവിത വറ്റുമ്പോൾ
നിന്റെ കണ്ണിലേക്കു നോക്കും
നിന്റെ കരളിൽ നിന്നൊരുറവ
എൻ്റെ കണ്ണിൽ വന്നു നിറയും
മിഴിയിൽ നിന്നൊരു
പുഴയെന്നിലേയ്ക്കൊഴുകും
കവിതയിൽ ഞാൻ മുങ്ങിനിവരും
പട്ടം
……………
നീയുണ്ടാക്കിയതെങ്കിലും
നൂലയച്ച് കൊടുത്തേക്കുക
ഉയർന്ന് പറന്നോട്ടെ
കുറേ ദൂരം ചെല്ലുമ്പോൾ
നൂലിൽ നിന്ന് വിട്ടേക്കുക
എന്നിട്ട് കണ്ണടച്ച് കിടക്കുക
ആകാശത്തെ തൊട്ടതായ്
മനസിൽ ഓർക്കുക
അത്ര മാത്രം
മരം പെയ്യുമ്പോൾ …
………………………………..
മഴ പെയ്തു തോരുമ്പോൾ
കൺകോണിലെവിടെയോ
നീയൊരു തുള്ളിയാകും
ആരും കാണാതെയപ്പോൾ
കണ്ണു പൊത്തി നിൽക്കും
മെല്ലെ മിഴിനീരു വലിഞ്ഞ്
ഹൃദയത്തിൽ വന്നടിയും
ഓരോ സ്പന്ദനങ്ങളിലുമുണ്ട്
മരം പെയ്യുന്ന ശബ്ദം
പൂ വിടരുന്നത് …..
…………………………………
അരുവിയിൽ നിന്നൊരു
തുള്ളി വേരിലൂടെ
വാനിൽ നിന്നൊരു
തുള്ളി ഹ്യദയത്തിൽ
കാറ്റിന്റെ മൃദുചുംബനം
കവിൾത്തടത്തിൽ
ഇലകളുടെ സങ്കീർത്തനം
ഹരിതകമായ്
സൂര്യകിരണസ്പർശം
ജീവന്റെ ചാലുകളായ്
ശലഭഗീതങ്ങൾ
ഉണർത്തുപാട്ടുകളായ്
വിടരാതിരിക്കുവതെങ്ങനെ
വസന്താരാമത്തിൽ …..