പുഴയുടെയുത്ഭവസ്ഥാനം
തിരയുന്നതെന്തിനാണ്
എൻ്റെ മിഴികളിലേക്കൊന്നു നോക്കൂ
സ്നേഹിക്കുന്നുണ്ടോയെന്ന്
ചോദിക്കുന്നതെന്തിനാണ്
എൻ്റെ ധമനികൾക്കരികിലൂടെ
വിരലൊന്നോടിച്ചു നോക്കൂ
അനിയൻ്റെ വീടാണ് ആകാശം
ചേട്ടൻ്റെ വീടാണ് കടൽ
ആഴ്ചതോറും
അനിയൻ്റെ വീട്ടിൽനിന്ന്
ചേട്ടൻ്റെ വീട്ടിലേയ്ക്കും
ചേട്ടൻ്റെ വീട്ടിൽനിന്ന്
അനിയൻ്റെ വീട്ടിലേക്കും
ഉരുണ്ടുരുണ്ട് പോകുന്നുണ്ട്
ആകെ നനഞ്ഞൊരു തുള്ളി
വാക്കൊരു മുഖക്കുരുപോലെ
മൂടിക്കുത്തി നിന്നിട്ടുണ്ടോ?
നോവുമെന്നറിഞ്ഞിട്ടുമതിൽ
ഞെക്കി നോക്കിയിട്ടുണ്ടോ?
കട്ടപിടിച്ച ചലംപോലൊരു മുള്ള്
തെറിച്ചുപോയിട്ടുണ്ടോ?
കവിളിലിപ്പോഴുമൊരു
കറുത്ത പാടവശേഷിക്കുന്നുണ്ടോ?
ആ മുഖക്കുരുവിൻ്റെ പേര്
പ്രണയമെന്നായിരുന്നോ ?
അക്വേറിയത്തിലെ മീനിനോടാണ്
“ഒഴുക്കിലേക്ക് തിരികെപ്പോകാൻ
തോന്നിയിട്ടുണ്ടോ എന്നെങ്കിലും “
“ആദ്യമൊക്കെത്തോന്നിയിരുന്നു
ഇപ്പോൾ ചില്ലിനു വെളിയിലെ
കുഞ്ഞുവിരൽത്തുമ്പുകൾ
രഹസ്യചുംബനങ്ങൾ, വേണ്ട
മുറിച്ചെടുത്ത പുഴയുണ്ടല്ലോ!!”
