ചിറകെന്ന കവിതയിലെ
തൂവൽ എന്ന വരിയിലെ
നാരുപോലൊരു വാക്ക്
ചങ്കിലുടക്കിക്കിടക്കുന്നു
കാട്ടുമരച്ചില്ലകളെയും
ആകാശപാളികളെയും
സ്വപ്നം കാണുന്നു
മരത്തിനോട്
ചോദിക്കാതെയാണ്
ഒരു കമ്പടർത്തിയത്
കരഞ്ഞില്ല തെല്ലുപോലും
മരത്തിനറിയാമായിരിക്കും
അങ്ങു ദൂരെയും
കിളികൾക്ക് കൂടും
ശലഭങ്ങൾക്ക് പൂക്കാലവും
വേണമെന്ന്
ആകാശമേ
നീ ചിരിക്കുമ്പോൾ തെളിഞ്ഞും
നീ ചുവക്കുമ്പോൾ ചുവന്നും
നീ പെയ്യുമ്പോൾ നനഞ്ഞും
കിടക്കുന്ന തടാകമാകുന്നു
പ്രകാശം മൂർച്ചയുള്ള
വാക്കത്തിയാണ്
ഇരുളിൻ്റെ വേലികൾ
വെട്ടിവെളുപ്പിക്കലാണ്
ജോലി
തിരി

മെഴുകിനുള്ളിൽ
നീയെത്ര
ഒളിച്ചിരുന്നാലും
തീ നിന്നെ
കണ്ടെടുക്കുക
തന്നെ ചെയ്യും
വെളിച്ചമായ് നിന്നിൽ
തിളങ്ങി നിൽക്കുക
തന്നെ ചെയ്യും
കാറ്റിനെ നമ്മൾ
അതിജീവിക്കുക
തന്നെ ചെയ്യും
ഓർമ
കാലമേ,
മഴ നനയാൻ പോയ
മുറിവുകളിൽ
നീ മീട്ടുന്ന
സങ്കീർത്തനങ്ങൾ
നിറം
നിലാവിൻ്റെ ഫോസിലിൽ
നീ കാണുന്ന ആകാശം
കുപ്പിവളച്ചില്ലു പോൽ
അത്രമേൽ ചുവന്നതായിരിക്കും