ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഗാന്ധിയില്‍ തുടങ്ങി കോണ്‍ഗ്രസില്‍ അവസാനിപ്പിക്കുന്ന തരത്തിലുള്ള, ദേശീയ ചരിത്രകാരന്മാരുടെ ചരിത്ര നിര്‍മ്മിതി ഇന്ന് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സ്വാതന്ത്ര്യ സമരം വികസിക്കുന്നത് വ്യത്യസ്ത ദേശീയതകളിലൂടെയും ബഹുസ്വര സാംസ്കാരിക, രാഷ്ട്രീയ ഇടപെടലുകളിലൂടെയുമാണെന്ന യാഥാര്‍ത്ഥ്യം ദേശീയ-ഇടത്-കൊളോണിയല്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നില്ല. അക്കാദമികവും അനക്കാദമികവുമായ ചരിത്ര പുസ്തകങ്ങളിലും ഇത്തരം വസ്തുതകള്‍ കണ്ടെത്താനാകുന്നില്ല. 1857 മുന്നേറ്റത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി വ്യഖ്യാനിക്കുന്നവര്‍ അതിനും എത്രയോ മുമ്പ് കൊളോണില്‍ അധിപത്യത്തിനെതിരെ ആദിവാസി-ഗോത്ര ജനത നടത്തിയ പോരാട്ടങ്ങളെ ബോധപൂര്‍വ്വം തമസ്കരിക്കുകയായിരുന്നു. 1774 മുതല്‍ 1779 വരെ ബംഗാള്‍ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന ബസ്തറിലാണ് ഇന്ത്യയില്‍ ആദ്യമായി ഗോത്ര സമൂഹങ്ങളിൽ നിന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ ചെറുത്തു നില്‍പ്പുണ്ടാകുന്നത്. ഈ പ്രക്ഷോഭത്തെപ്പോലും ചരിത്രകാരന്മാര്‍ കൊളോണിയല്‍ വിരുദ്ധ പോരാട്ടമായി കാണുന്നില്ല. ആദിവാസി ജനതയുടേതായി 135ഓളം ചെറുത്തുനില്‍പ്പു പോരാട്ടങ്ങളാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ തുടർന്ന് നടന്നിട്ടുള്ളത്. പതിനായിരങ്ങള്‍ മരിച്ചു വീണിട്ടുണ്ട്. എന്നാല്‍ എണ്‍പതുകളില്‍ സബാള്‍ട്ടേണ്‍ (കീഴാള) പഠനങ്ങള്‍ സജീവമായ സന്ദര്‍ഭത്തിലാണ് ആദിവാസി-ഗോത്ര-കര്‍ഷക മുന്നേറ്റങ്ങളെ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളായി അടയാളപ്പെടുത്തുന്നത്. പല ചരിത്ര പുസ്തകങ്ങളിൽ നിന്നും നൂറ്റാണ്ടുകളായി വിസ്മൃതിയിലാണ്ടുപോയ പോരാളിയായിരുന്നു ബിര്‍സ മുണ്ട(1872-1900). ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തിനെതിരെ മുണ്ട വിഭാഗത്തില്‍പ്പെട്ട ഗോത്ര ജനതയെ അണിനിരത്തി അവരുടെ പരമ്പരാഗത ആയുധവുമേന്തി ആയിരക്കണക്കിന് ആള്‍ക്കാരുമായി വലിയ പോരാട്ടമാണ് ബിര്‍സ മുണ്ട നടത്തിയത്. ഒടുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കിടക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്. ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തിയതാണെന്നും പറയപ്പെടുന്നു. 25ാംമത്തെ വയസില്‍ മരിച്ച മുണ്ട ധീരനായ പോരാളിയായിരുന്നു. ഇന്ന് ബിര്‍സ മുണ്ടയുടെ ഓര്‍മ്മദിനം.
ബിര്‍സ മുണ്ടയെ ഓർക്കുമ്പോൾ… രാജേഷ് കെ. എരുമേലി
Previous articleകവിത,ഉറക്കമില്ലാത്തൊരുവൻ:സിന്ദുമോൾ തോമസ്
Next article അനുസ്മരണം,ശ്രീ.പ്രഭാകരൻ കണ്ണാട് എന്ന അഗ്രഗാമി
Next article അനുസ്മരണം,ശ്രീ.പ്രഭാകരൻ കണ്ണാട് എന്ന അഗ്രഗാമി
