അന്ന് ,
പൂവങ്കോഴി നീട്ടിവിളിച്ചു
സൂര്യനെ ഉണർത്തി …
അമ്മയുടെ നെറ്റിയിൽ
അപ്പോഴും
ഉപ്പിന്റെ ജലമുകുളങ്ങൾ.
രാവിലെ ഞാൻ തിന്ന
ഓട്ടടയുടെ ഓട്ടകളിൽ നിന്നു
കരുതിയ മാവുകൊണ്ടാവാം അമ്മ തനിക്കുള്ള പ്രാതൽ ചുട്ടെടുത്തത്….
എന്നെയും കടന്നു
വഴിയിലേക്ക് നീണ്ട നോട്ടമാണ്
സ്കൂളിൽ പോവുന്നേരം
അമ്മയുടെ സമ്മാനം .
ഉച്ചക്കഞ്ഞിപ്പാത്രത്തിനു ചുറ്റും
ചിതറിത്തെറിച്ച വറ്റുകളിൽ
അമ്മയുടെ ഒരുനേരത്തെ സമാധാനം.
വൈകിട്ട് അമ്മ തന്ന , തണുത്ത പ്ലാവിലക്കഞ്ഞിയിൽ
വെള്ളം പോരാഞ്ഞു തുപ്പിക്കളഞ്ഞപ്പോൾ
അമ്മ പറഞ്ഞു :
‘വെള്ളം കുടിച്ചാ വലുതാവൂല’!
അമ്മയ്ക്ക് എക്കിൾ വന്നു
ശൂന്യതയിൽ പിറന്ന
ആദിനാദം പോലെ ….
അമ്മ കോന്തലക്കെട്ടഴിച്ചു
എന്റെ ചോദ്യ ശബ്ദം
പുറത്തെറിയുന്നതിൻ മുമ്പേ ഒരു പുഴുങ്ങിയ മുട്ട
കയ്യിൽ തന്നു
ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്തു .
ശ് …ശ് ….ശൂ ….
പ്രഷർ കുക്കറിന്റെ
ചിഹ്നം വിളിയിൽ ഞെട്ടിയുണർന്നു സൂര്യൻ .
ഒപ്പം
ഉടുമുണ്ട് തിരഞ്ഞു ഞാനും.
ഭാര്യ, ടിഫിൻ ബോക്സ് വിമ്മിൽ തിരുമ്മുകയാവും ,
കട്ടൻ മേശപ്പുറത്തുണ്ടാവും
‘ഫസ്റ്റു പേജു് രഹിത’ പത്രത്തോടൊപ്പം.
(എന്നും കണിയായിത്തീരുന്ന ഉമ്മറത്തെ പൂച്ചക്കാഷ്ട്ടം തുടയ്ക്കാൻ
ഇതിലും നല്ല ‘ടൂളി’ല്ലെന്നു അവൾ)
പാന്റും ഷർട്ടും പതിവിലും ഞെളിഞ്ഞിരിപ്പുണ്ടാവും
ഷർട്ടിന്റെ അതേ നിറമുള്ള ടവ്വൽ സഹിതം.
ഒരു ചുംബനം വരുത്തിവെച്ച
ആലസ്യത്തെ കുടഞ്ഞെറിഞ്ഞ്
പുറത്തേക്ക് കടക്കുമ്പോൾ
അമ്മയുടെ പഴയ വിശപ്പിന്റെ ശബ്ദം
ഉയർന്ന ശ്വാസമായി കാതിൽ….
കുക്കറിൽ അപ്പോഴും
എന്തോ വേവുകയാണ്….!
