കവിത
നെരിപ്പോടുളളിലാണ്
രാജേഷ് മിത്രക്കരി
വാനിൽ കതിരവൻ എത്തുവാൻ വൈകിയോ
പ്രീയ സഖി തട്ടിയുണർത്തുവാൻ വൈകിയോ
കാലത്തെ ചൂടു കാപ്പിയിൽ ചുണ്ടു നനയ്ക്കുവാൻ വൈകിയോ
സഖേ എന്നെൻ വിളിയൊച്ച കേൾക്കുവാൻ വൈകിയോ
പരിഭ്രമത്തോടെ അടുക്കള കോലായിലെത്തി ഞാൻ
വാതിൽപ്പടിയിൽ മന്ദസ്മിതം തൂകി ഇരിപ്പവൾ
എന്തേ സഖേ ദിനചര്യ എല്ലാം മറന്നുവോ
പരിഭവത്തോടെ അരികത്തിരുന്ന തൻ്റെ മാറിൽ ചാഞ്ഞവൾ
മുത്തു കിലുങ്ങും സ്വരവുമായ് മൊഴിഞ്ഞവൾ
മനംപുരട്ടലാൽ മനസ്സിളകുന്ന സന്തോഷ നാളുകൾ
ആഹ്ളാദ തിരയാൽ എന്നിലെ പൃത്യവാത്സല്യമുണർന്നു
ആവോളം സ്നേഹവും കരുതലും നൽകി ഞാൻ
വേല കഴിഞ്ഞന്തിക്കു മടങ്ങുമ്പോൾ ചിന്തകൾക്കന്തമില്ല
പീടികയിൽ നിന്നേറെ വാങ്ങിയാലും മതിയാവുമോ എന്ന ആന്തലാണ്
വാങ്ങിയതിൻ പാതി കഴിച്ചും കഴിക്കാതെയും കളയുമ്പോൾ
സ്നേഹശാസനാ സ്വരത്തിലെൻ വാക്കുകൾ കേൾക്കുമ്പോൾ
തെല്ലു പരിഭവം കലർത്തി ഓമലാൾ മൊഴിയും
വയറിലൊരൽപ്പം ഇടമില്ല മോനുറങ്ങേണ്ടെ പിണങ്ങി കരഞ്ഞാലോ
മോനല്ല മോളാണെന്ന ദിനമുള്ള തർക്കവും
ദിനരാത്രങ്ങളേറെ കൊഴിഞ്ഞാ ദിനമെത്തി
മാലാഖമാരാൽ ഉരുളുന്ന കട്ടിലിൽ അകത്തേയ്ക്കു പോയവൾ
ഉള്ളിലൊരാന്തലും കൈകാൽ വിറയലും
നെരിപ്പോടുള്ളിലെ രിഞ്ഞെരിഞ്ഞമരുന്നു
മുണ്ടു മുറുക്കി ഉടുത്താൽ മീശ തടവുന്ന
ആൺ ശൗര്യങ്ങൾ പലരും ഉണ്ടീ വരാന്തയിൽ
ഇപ്പോഴാ മുഖങ്ങൾ സമാധാനത്തിൻ്റെ നൊബേൽ
പുരസ്ക്കാര ജേതാക്കളായ് മാറിയൊരിരുപ്പാണ്
വാതിലിൽ മാലാഖമാർ പ്രത്യക്ഷപ്പെടുംന്നതും കാത്ത്
എൻ്റെ പ്രാണൻ്റെ പേർ ചൊല്ലി കൈ കുഞ്ഞുമായ് വന്നൊരു മാലാഖ
ഒരു നോക്കു കണ്ടപ്പോൾ ഓർത്തു ഞാൻ പ്രിയേ നിൻ്റാഗ്രഹം സഫലമായ്
എൻ്റെ ജീവൻ തുടിപ്പുമായൊരാൺ കുഞ്ഞ്
എങ്കിലും എൻ്റെ കണ്ണുകൾ പരതിയനേരത്തു
മാലാഖ ചൊല്ലി അകത്തേയ്ക്കു പോയി സുഖമായിരുന്നു അമ്മ സുഖമായിരിക്കുന്നു
ഉള്ളിലെ നെരിപ്പോടൽപ്പാൽപ്പമായണഞ്ഞു തുടങ്ങി
അന്തരംഗങ്ങളിൽ ആഹ്ളാദ തിമിർപ്പിൻ ആരവം
ദിക്കുതെളിയണം ദേശം തെളിയണം ദിക്കു പൊട്ടുമാറുച്ചത്തിൽ കേൾപ്പൂ ഞാൻ
